സമീപത്തെ കുളം ഭീഷണിയാകുന്നു;വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി ഒരു കുടുംബം

Posted on: June 9, 2019 6:48 pm | Last updated: June 9, 2019 at 6:48 pm

എരുമപ്പെട്ടി: മാനം കറുത്തതോടെ ഗോപിനാഥന്‍ നായരും കുടുംബവും സ്വന്തം വീട് ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.വീടിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളമാണ് കുടുംബത്തിന് ഭീഷണിയാകുന്നത്.കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയില്‍ വീടിന്റ അടിത്തറ വിണ്ട് കീറിയതോടെയാണ് കരിയന്നൂര്‍ സ്വദേശി കൈപുള്ളി വീട്ടില്‍ ഗോപിനാഥന്‍ നായര്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയത്.

വീടിന്റെ അപകടാവസ്ഥ പല തവണ സ്ഥലം ഉടമയെ ബോധ്യപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഗോപിനാഥന്‍ നായര്‍ പരാതിയുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത്.രണ്ട് തവണ നല്‍കിയ പരാതി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതോടെ വീട് വിട്ട് ഇറങ്ങേണ്ട സ്ഥിതിയിലാണ് ഗോപിനാഥന്‍ നായരും കുടുംബവും.
ക്യാന്‍സര്‍ രോഗിയായ ഭാര്യയും 98 വയസുള്ള മാതാവുമാണ് ഗോപിനാഥന്‍ നായരെ കൂടാതെ വീട്ടിലെ താമസക്കാര്‍.