മോദി ലങ്കയില്‍; സ്‌ഫോടനം നടന്ന സെന്റ് ആന്റണീസ് ചര്‍ച്ച് സന്ദര്‍ശിച്ചു

Posted on: June 9, 2019 2:37 pm | Last updated: June 10, 2019 at 8:43 am

കൊളംബോ: മാലദ്വീപ് സന്ദര്‍ശനത്തിനു ശേഷം ശ്രീലങ്കയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്‌ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ചു. സ്‌ഫോടനത്തിനിരയായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മാലദ്വീപില്‍ നിന്ന് ഇന്ന് രാവിലെയാണ് മോദി ശ്രീലങ്കയിലെത്തിയത്. ഇന്ത്യന്‍ പ്രധാന മന്ത്രിയെ കൊളംബോ വിമാനത്താവളത്തില്‍ ലങ്കന്‍ പ്രധാന മന്ത്രി റനില്‍ വിക്രമസിംഗെ സ്വീകരിച്ചു.

രണ്ടാം വട്ടം പ്രധാന മന്ത്രിയായ ശേഷം മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21ന്റെ ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിലെ മൂന്നു ചര്‍ച്ചുകള്‍ക്കും മൂന്നു ഹോട്ടലുകള്‍ക്കും നേരെ ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാന മന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടി എന്‍ എ നേതാവ് ആര്‍ സംബന്ധന്‍ തുടങ്ങിയവരുമായി മോദി
കൂടിക്കാഴ്ച നടത്തും.