ഇന്ത്യ മറന്നിട്ടില്ല, റാഞ്ചിയിൽ നിന്ന് റാഞ്ചിയത്

തിരിഞ്ഞു നോക്കുമ്പോള്‍
  • ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത്
  • 11 തവണ. ഇന്ത്യ ജയിച്ചത് മൂന്നിൽ മാത്രം.
  • ആകെ കളിച്ച 82 ഏകദിനത്തിൽ 50 തവണ ജയിച്ചത് ആസ്ത്രേലിയ
  • റാങ്കിംഗ്: ഇന്ത്യ 2, ആസ്ത്രേലിയ 5
  • വേദി: ഓവൽ
  • സമയം: ഇന്ന് വൈകുന്നേരം 3.00
  • ലൈവ്: സ്റ്റാർ സ്പോർട്സ്
Posted on: June 9, 2019 2:25 pm | Last updated: June 9, 2019 at 4:31 pm

ഓവൽ: കഴിഞ്ഞ രണ്ട് ലോകകപ്പ് ജേതാക്കൾ എന്ന നിലയിൽ ഇന്ന് ഓവലിൽ ഇന്ത്യയും ആസ്‌ത്രേലിയയും ഇറങ്ങുമ്പോൾ കാണികൾ പ്രതീക്ഷിക്കുക ഫൈനലിന് സമാനമായ മത്സരമായിരിക്കും.

അഞ്ച് വട്ടം കപ്പടിച്ച ഈ ടൂർണമെന്റിൽ ഓസീസ് തകർത്ത് മുന്നേറുകയാണ്. രണ്ട് സന്നാഹ മത്സരങ്ങളും (ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരെ) ജയിച്ച് ഔദ്യോഗിക മത്സരത്തിലേക്ക് കടന്നപ്പോഴും മഞ്ഞപ്പട വിജയപാതയിൽ തന്നെ. ആദ്യം ദുർബലരായ അഫ്ഗാനിസ്ഥാനെയും പിന്നീട് കരുത്തരായ വെസ്റ്റിൻഡീസിനെയും പരാജയപ്പെടുത്തിയാണ് അവർ ഇന്ന് കെന്നിംഗ്ടണിലെ ഓവൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്ത്യയാകട്ടെ ടൂർണമെന്റിൽ ഏറ്റവും വൈകിയാണ് എത്തിയത്. ആറ് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്തായിരുന്നു നീലക്കുപ്പായക്കാരുടെ അരങ്ങേറ്റം.

ഹാട്രിക്ക് ലക്ഷ്യമിട്ട് മുന്നേറുന്ന കംഗാരുക്കളെ പിടിച്ചുകെട്ടി ആത്മവിശ്വാസം കൂട്ടാനാകും കോലിപ്പടയുടെ ശ്രമം. ലോകകപ്പിൽ ഇന്ത്യയുടെ യഥാര്‍ഥ കളി മികവ് ഈ മത്സരത്തോടെ മാത്രമേ വ്യക്തമാകൂ. പഴയ കണക്കുകളൊന്നും ഇന്ത്യക്ക് അനുകൂലമല്ല. ലോകകപ്പിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്ക് ജയിക്കാനായത് വെറും മൂന്നിൽ മാത്രം. എട്ടും ജയിച്ച ഓസീസിന്റെ മേൽക്കൈ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. സിഡ്നിയിൽ നടന്ന മത്സരത്തിൽ ആതിഥേയർ ഇന്ത്യയെ 95 റൺസിന് തകർത്തുവിടുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള മഞ്ഞപ്പട ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസ് എടുത്തപ്പോൾ, 47ാം ഓവറിൽ ഇന്ത്യ 233 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യ നാട്ടിലേക്ക് വെറും കൈയോടെ മടങ്ങേണ്ടിയും വന്നു. ഈ തോല്‍വിക്ക് ഇത്തവണ തുടക്കത്തിൽ തന്നെ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

ഓസീസിനെതിര കളിക്കുന്പോൾ ബാറ്റിംഗ് നിരയുടെ ഫോം തന്നെയാണ് ഇന്ത്യയെ പ്രധാനമായും കുഴക്കുക. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ ഫോമിലാണ്. നായകന്‍ വിരാട് കോലി, ശിഖര്‍ ധവാൻ, കെ എൽ രാഹുല്‍ എന്നിവർക്കൊന്നും ദക്ഷിണാഫ്രിക്കക്കെതിരെ കളി മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, ബൗളിംഗ് നിരയിൽ ടീം ഇന്ത്യക്ക് ആശ്വാസത്തിന് വകയുണ്ട്.

യുസ്്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവർ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ഫോമിലായിരുന്നു.
ഓസീസിനെതിരെയിറങ്ങുന്പോൾ ബൗളിംഗ് സ്ക്വാഡിൽ ചില മാറ്റത്തിന് സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് പകരം പേസര്‍ മുഹമ്മദ് ഷമിയെ കളിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. വിന്‍സീഡിനെ നേരിട്ടപ്പോൾ അവരുടെ ഷോര്‍ട്ട് പിച്ച് പന്തുകൾ കളിക്കാൻ ഓസീസ് മുന്‍നിര ബാറ്റ്സ്മാന്മാർ പതറിയിരുന്നു. ഇത് കണക്കിലെടുത്ത് കുൽദീപിനെ പുറത്തിരുത്തി മുഹമ്മദ് ഷമിയെ കൂടി പന്തെറിയാൻ വിളിച്ചേക്കാനാണ് സാധ്യത. ബുംറ, ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന് മികച്ച പിന്തുണ നല്‍കാന്‍ ഷമിക്ക് കഴിയും. ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തിൽ ഷമി മികവ് കാട്ടിയിരുന്നു. വേഗമേറിയ പിച്ചില്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യന്‍ പേസിന് കരുത്തുപകരും. യുസ്‌വേന്ദ്ര ചാഹല്‍ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും ആസ്ത്രേലിയക്കെതിരെയുള്ള സ്പിൻ ആക്രമണം അത്ര വിലപ്പോകില്ലെന്നു തന്നെയാണ് കണക്കാക്കുന്നത്.
ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ.
രോഹിത് അരികെയാണ്

ഇന്ന് 20 റൺസ് കൂടി സ്വന്തം പേരിൽ കൂട്ടിച്ചേർക്കാനായാൽ രോഹിത് ശർമ ഒരു നാഴികക്കല്ല് പിന്നിടും. ഓസീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് തികക്കുന്ന കളിക്കാരുടെ പട്ടികയിൽ സ്ഥാനമുറപ്പിക്കാം. ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, വിൻഡീസിന്റെ വിവ് റിച്ചാർഡ്സ്, ഡെസ്മണ്ട് ഹെയിൻസ് എന്നിവർ മാത്രമാണ് ഇപ്പോൾ ഈ പട്ടികയിലുള്ളൂ. സച്ചിൻ 51, റിച്ചാർഡ്സ് 45, ഹെയിൻസ് 59 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ രോഹിത് ഇന്ന് ഓസീസിനെതിരെ ഇറങ്ങുന്നത് 37ാം ഇന്നിംഗ്സിനാണ്.

അവസാനം കളിച്ച 33 ഏകദിന മത്സരങ്ങളിൽ വെറും എട്ടണ്ണത്തിൽ മാത്രം ജയിച്ച് നിൽക്കുന്പോഴാണ് കംഗാരുക്കൂട്ടം ഇന്ത്യയെ ഒടുവിൽ നേരിടാനിറങ്ങിയത്. സ്റ്റീവൻ സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും സസ്പെൻഷന് ശേഷം ടീം ഓസീസ് അത്ര മാത്രം പ്രതിസന്ധിയിലായിരുന്നു. ഈ ഘട്ടത്തിൽ കഴിഞ്ഞ മാർച്ചിൽ അവരുടെ മണ്ണിൽ ചെന്ന് ഇന്ത്യ 2-1ന് പരന്പര സ്വന്തമാക്കി. തുടർന്ന് ഓസീസ് ഇന്ത്യയിലെത്തിയപ്പോൾ അഞ്ച് മത്സരങ്ങളുടെ പരന്പര 2-0ന് മുന്നിട്ടുനിൽക്കുന്പോഴാണ് അത് സംഭവിച്ചത്. റാഞ്ചിയിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ ബാറ്റിംഗ് വിസ്മയത്തിൽ അവർ ഒരു വിജയം കണ്ടെത്തി. വെറും വിജയമായിരുന്നില്ല അത്.

ലോകകപ്പിനൊരുങ്ങുന്ന ടീമിന്റെ ഉയിർത്തെഴുന്നേൽപ്പായിരുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി ജയിച്ച് പരന്പര നേട്ടവുമായാണ് ഓസീസ് ടീം നാട്ടിലേക്ക് മടങ്ങിയത്. ഈ ടീമിനൊപ്പം വാർണറും സ്മിത്തും ചേർന്ന സംഘത്തെയാണ് ഇന്ന് ഇന്ത്യക്ക് നേരിടാനുള്ളത്.

ഓസീസ് സാധ്യതാ ടീം: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്്വെൽ, മാർകസ് സ്റ്റോണിസ്, അലക്സ് കാരി, നതാൻ നിലെ, പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ആദം സാംപ.