പട്ടിണിയും ദാരിദ്ര്യവും; മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ഐ എസിൽ ചേർന്നയാളുടെ സന്ദേശം

Posted on: June 9, 2019 8:51 am | Last updated: June 9, 2019 at 12:54 pm


തൃക്കരിപ്പൂർ: തീവ്രവാദ ഗ്രൂപ്പായ ഐ എസിൽ ചേർന്ന കാസർകോട് സ്വദേശി പിന്തിരിഞ്ഞ് തിരിച്ചു നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ബന്ധുവിനെ ഫോൺ വിളിച്ചതായി വിവരം. തൃക്കരിപ്പൂർ ഇളമ്പിച്ചിയിലെ ഫിറോസാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇയാൾക്കൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് മറ്റ് രണ്ട് കാസർകോട്ടുകാരുമുണ്ടെന്നാണ് വിവരം.

കാസർകോട് ഇളമ്പച്ചിയിലുള്ള ബന്ധുവിനേയാണ് ഫിറോസ് വിളിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാൾ അന്വേഷിച്ചത്. തനിക്കൊപ്പം രണ്ട് മലയാളികൾ കൂടി തിരിച്ചുവരാൻ സന്നദ്ധരാണെന്നും ഇയാൾ അറിയിച്ചു. ഐ എസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനിക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ ഇവർ ശ്രമം തുടങ്ങിയിരിക്കുന്നത്. ഐ എസ് ദുർബലമായതോടെ ദാരിദ്ര്യവും പട്ടിണിയുമാണെന്ന് ഇയാൾ അറിയിച്ചുവത്രേ.

ഒരു മാസം മുമ്പാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോൾ സിറിയയിലാണെന്നാണ് കരുതുന്നത്. 2016 ജൂണിലാണ് പീസ് സ്‌കൂൾ ജീവനക്കാരനായ ഫിറോസ് ഐ എസിൽ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന റാഷിദ് അബ്ദുല്ലയായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നിൽ. റാശിദ് കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ എൻഐഎയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഐ എസിൽ ചേരാൻ പോയെന്ന് പറയപ്പെടുന്ന 21 മലയാളികളുടെ നേതാവായാണ് തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല സ്വദേശിയായ റാശിദ് അറിയപ്പെടുന്നത്.

തൃക്കരിപ്പൂർ അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിൽ മുഖ്യ സൂത്രധാരനായിരുന്നു റാശിദ് എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. എം എം അക്ബറിന്റെ പീസ് ഇന്റർനാഷനൽ സ്‌കൂളിൽ ജീവനക്കാരനായിരുന്ന റാശിദ് അബ്ദുല്ല 2014ലാണ് ഐ എസ് ആശയങ്ങളിലേക്ക് തിരിയുന്നത്.

അതേസമയം, ഫിറോസിന്റെ നീക്കങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാസർകോട്ട് നിന്നും 19 പേരടക്കം 21 പേരാണ് ഐ എസിൽ ചേരാനായി ആദ്യം അഫ്ഗാൻ വഴി സിറിയയിലേക്ക് പോയത്. ഇതിൽ 13 പേർ കൊല്ലപ്പെട്ടതായാണ് വിവരം പുറത്ത് വന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.