Connect with us

Kerala

നിപ്പാ രോഗിയായ വിദ്യാര്‍ഥിയുടെ നിലയില്‍ നല്ല പുരോഗതി; നിരീക്ഷണത്തിലായിരുന്ന നാലുപേര്‍ ആശുപത്രി വിട്ടു

Published

|

Last Updated

കൊച്ചി: നിപ്പാ ബാധിതനായി കളമശ്ശേരി സ്വകാര്യാശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധിച്ച സ്രവങ്ങളുടെ സാമ്പിളുകളില്‍ മൂന്നില്‍ രണ്ടും നെഗറ്റീവാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാലു പേരെ രോഗമില്ലെന്നു കണ്ടെത്തുകയും പനിയും മറ്റും സുഖപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്‌ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

നിപ്പാ ബാധിച്ച വിദ്യാര്‍ഥി സുഖപ്പെട്ടു വരികയാണെന്നും രോഗി മാതാവുമായി സംസാരിച്ചുവെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും നിപ്പാ വൈറസിന്റെ സാന്നിധ്യമില്ല. എന്നാല്‍, മൂത്രത്തില്‍ വൈറസുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനെ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, നിപ്പാ വൈറസിന്റെ ഉറവിടം തേടിയുള്ള പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. വവ്വാലുകളുടെ വിസര്‍ജ്യങ്ങളാണ് പ്രധാനമായി പരിശോധിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഉറവിടം സംബന്ധിച്ച് കൃത്യമായ ധാരണയിലെത്താന്‍ കഴിയുമെന്നാണ് സംഘം പറയുന്നത്.

Latest