മുഖ്യമന്ത്രി അമരീന്ദറുമായുള്ള അഭിപ്രായ ഭിന്നത; പഞ്ചാബില്‍ മന്ത്രിസഭാ സമിതികളില്‍ സ്ഥാനമില്ലാതെ സിദ്ദു

Posted on: June 9, 2019 11:39 am | Last updated: June 9, 2019 at 2:39 pm

ചണ്ഡീഗഢ്: പഞ്ചാബില്‍ വൈദ്യുത-പാരമ്പര്യേതര ഊര്‍ജ വകുപ്പ് മന്ത്രി നവജോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടരുന്നു. വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ എട്ട് ഉപദേശക സമിതികളില്‍ ഒന്നില്‍ പോലും സിദ്ദുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

സിദ്ദുവിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ നവജോത് കൗറിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെ ചൊല്ലിയാണ് സിദ്ദുവും മുഖ്യമന്ത്രിയും തമ്മില്‍ ആദ്യം കൊമ്പുകോര്‍ത്തത്. നവജോതിന് സീറ്റ് നിഷേധിക്കാന്‍ കാരണം അമരീന്ദറാണെന്നാണ് സിദ്ദുവിന്റെ ആരോപണം. അതേസമയം, നഗര പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം സിദ്ദുവിന്റെ നേതൃത്വ വീഴ്ചയാണെന്ന ആരോപണവുമായി അമരീന്ദറും രംഗത്തെത്തി.

പ്രശ്‌നം രൂക്ഷമായതിനു പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയില്‍ നിന്ന് അത്രത്തോളം പ്രാധാന്യമില്ലാത്ത വൈദ്യുത-പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ ഉത്തരവാദിത്തത്തിലേക്ക് സിദ്ദുവിനെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും തന്റെ തലയില്‍ മാത്രം കെട്ടിവെക്കേണ്ടെന്നും തിരിച്ചടിച്ച സിദ്ദു ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.