ചരിത്രം പിറന്നു;ആന്ധ്രയുടെ ആഭ്യന്തര മന്ത്രിയായി ദളിത് വനിത

Posted on: June 8, 2019 9:40 pm | Last updated: June 9, 2019 at 9:53 am

അമരാവതി: അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിതയെ സംസ്ഥാനത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുത്ത് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. മേഘതൊട്ടി സുചരിതയാണ് ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.പ്രതിപടു നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇവര്‍.ഉപമുഖ്യമന്ത്രിമാരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള നിലവിലെ ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ആദ്യ ദളിത് വനിതാ ആഭ്യന്തര മന്ത്രിയാണ് സുചാരിത. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി വനിതാ ആഭ്യന്തര മന്ത്രിയുണ്ടാവുന്നത്.അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍.