Connect with us

Kerala

ക്യാന്‍സറില്ലാതെ കീമോ; ഡോക്ടര്‍മാര്‍ക്കും ലാബിനുമെതിരെ കേസെടുത്തു

Published

|

Last Updated

ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്. കീമോതെറാപ്പിക്ക് വിധേയയായ കുടശനാട് സ്വദേശി രജനി(38)യുടെ പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 366, 377 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാറിടത്തില്‍ മുഴയുമായി ചികിത്സക്ക് എത്തിയ രജനിയെ ക്യാന്‍സറാണെന്ന് പറഞ്ഞ് കീമോ തെറാപ്പിക്ക് വിധേയയാക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള ഡയനോവ ലാബോറട്ടറിയില്‍ നടത്തിയ ബയോപ്‌സി പരിശോധനയിലാണു മുഴ കാന്‍സറാണെന്നു തെറ്റായി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ രജനിക്ക് കീമോതെറാപ്പി നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മുഴ ക്യാന്‍സറല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ നടത്തി പരിശോധനയിലും രോഗമില്ലെന്ന് വ്യക്തമായി. ഡയനോവയിലെ സാംപിള്‍ തിരിച്ചെടുത്ത് മെഡിക്കല്‍ കോളജ് ലാബില്‍ വീണ്ടും പരിശോധന നടത്തിയെങ്കിലും നഗറ്റീവായിരുന്നു ഫലം. ഇതോടെയാണ് കീമോ തെറാപ്പി നിര്‍ത്തിയത്.

സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് രജനി പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച പരാതി നല്‍കുമെന്ന് രജനി മാധ്യമങ്ങളോട് പറഞ്ഞു.

Latest