സി എം വലിയ്യുല്ലാഹ്: പ്രതിസന്ധികളിലെ അത്താണി

Posted on: June 8, 2019 8:38 am | Last updated: June 8, 2019 at 8:39 am

കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം കേരളത്തെ അഗാധമായി സ്വാധീനിക്കുകയും അനിവാര്യമായിരുന്ന ഏറെ മാറ്റങ്ങള്‍ക്ക് അണിയറയില്‍ നേതൃത്വം നല്‍കുകയും ചെയ്ത മഹാനായിരുന്നു സി എം വലിയ്യുല്ലാഹിയെന്ന പേരില്‍ അറിയപ്പെട്ട മടവൂര്‍ സി എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍. ഇസ്‌ലാമിക ചരിത്രത്തെ പ്രശോഭിതമാക്കിയ മഹാരഥന്മാര്‍ക്കെല്ലാം ഒത്തിണങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മഹാനവര്‍കള്‍. കുടുംബ മഹിമ, സമ്പന്നമായ ഗുരുനിര, അറിവ്, ആത്മീയസരണി, വിശ്വാസ കാര്യങ്ങളില്‍ കാണിച്ച കാര്‍ക്കശ്യം, പരിത്യാഗം എന്നിവയെല്ലാം അതില്‍ മുന്നിട്ടു നില്‍ക്കുന്നു.
പിതാവും പിതാമഹനും തികഞ്ഞ പണ്ഡിതരും നാടിനെ നയിച്ച ആത്മീയ ഗുരുക്കളും ആയിരുന്നു. വിശുദ്ധി നിറഞ്ഞ ആ പണ്ഡിത കുടുംബത്തില്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാരുടെയും ആഇശ ഹജ്ജുമ്മയുടെയും മകനായി റബീഉല്‍ അവ്വല്‍ 12ന് മടവൂരില്‍ ശൈഖുനാ സി എം വലിയ്യുല്ലാഹി ജനിച്ചു.

വളരെ വ്യതിരിക്തവും സവിശേഷവുമായിരുന്നു ബാല്യം. ബാല്യസഹജമായ ദുശ്ശീലങ്ങളില്‍ നിന്നെല്ലാം മുക്തമായ സൂക്ഷ്മത നിറഞ്ഞ ജീവിതമാണ് ചെറുപ്പം മുതലേ നയിച്ചത്. മടവൂര്‍ ജുമാ മസ്ജിദില്‍ പിതാവില്‍ നിന്ന് നാന്ദി കുറിച്ച മതപഠനം ഉന്നത ശീര്‍ഷരായ പണ്ഡിത ഗുരുക്കളിലൂടെ ഏറെ പുരോഗമിച്ചു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമിലും വെല്ലൂര്‍ ബാഖിയാത്തിലും ഉപരി പഠനം. ഈ കാലയളവില്‍ മോങ്ങം അവറാന്‍ കുട്ടി മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൊയിലാണ്ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്റത്ത് തുടങ്ങി നിരവധി മഹാ ഗുരുക്കളുടെ ശിഷ്യത്്വം സമ്പാദിച്ച് ഭാഷയിലും കര്‍മ ശാസ്ത്രത്തിലും വിശ്വാസത്തിലും ആത്മ ജ്ഞാനത്തിലും വലിയ വ്യുല്‍പത്തിയുണ്ടാക്കി.

1960ല്‍ ഔദ്യോഗിക പഠനം കഴിഞ്ഞ് മടവൂരില്‍ മഹല്ല് ഖാസിയും മുദർരിസുമായി വിജ്ഞാന പ്രസരണത്തിന് തുടക്കം കുറിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മഹാന്റെ മനസ് പൂര്‍ണമായും ഇലാഹി ചിന്തയില്‍ ലയിച്ചു. അവസാനം ദര്‍സില്‍ നിന്ന് വിരമിക്കേണ്ടി വന്നു. നഖ്ശബന്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മുഹ്‌യുദ്ദീന്‍ സാഹിബടക്കം പ്രമുഖരായ മശാഇഖന്മാരുടെ തര്‍ബിയ്യത്തും അക്കാലത്ത് ലഭിക്കുകയുണ്ടായി.

ശിഷ്ട ജീവിതത്തില്‍ മഹാനില്‍ നിന്നുമുണ്ടായ ധാരാളം അത്ഭുതങ്ങള്‍ക്കും സത്യമായി പുലര്‍ന്ന പ്രവചനങ്ങള്‍ക്കും സമൂഹം സാക്ഷിയായി. “അത് വേണ്ട’ എന്ന ഒറ്റ വചനത്തെ തുടര്‍ന്ന് രോഗശമനം ഉണ്ടായ അനുഭവസ്ഥര്‍ ജീവിച്ചിരിക്കുന്നവരില്‍ തന്നെ നിരവധിയാണ്.

കേരളീയ സുന്നി സമൂഹം പ്രതിസന്ധിയിലൂടെ കടന്നു പോയ കാലത്ത് കൃത്യമായി ദീര്‍ഘദര്‍ശനം ചെയ്യുകയും തന്നെ സമീപിച്ച പണ്ഡിതന്മാര്‍ക്ക് പക്വമായ മാര്‍ഗം അറിയിച്ചു നല്‍കുകയും ചെയ്ത് മഹാന്‍ വലിയ മാതൃക കാണിക്കുകയുണ്ടായി. മലയാളത്തിന്റെ സംഘടനാ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ എസ് വൈ എസിന്റെ എറണാകുളം സമ്മേളനം തീരുമാനിക്കപ്പെടുകയും പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളും നിര്‍ത്തിവെക്കാനുള്ള ആഹ്വാനങ്ങളും മൂലം ആകെ ആശയക്കുഴപ്പത്തിലായ സമയം കാന്തപുരം ഉസ്താദും സഹപ്രവര്‍ത്തകരും അവിടുത്തെ സമീപിച്ച് റൂമിന് പുറത്ത് കാത്തു നിന്നു. സി എം വലിയ്യുല്ലാഹിയുടെ അടുത്ത് നിന്ന് ഒരാള്‍, വാതില്‍ക്കല്‍ വന്ന് ഉസ്താദിനെ വിളിക്കുന്നുണ്ടെന്ന വിവരം പറഞ്ഞു. ചെന്നപ്പോള്‍ മുഖവുരകളില്ലാതെ “സമ്മേളനം നടത്തണം, ഞാനവിടെ ഉണ്ടാകും, ഔലിയാക്കളും അവിടെ ഉണ്ടാകും’ എന്ന് പറഞ്ഞ് മഹാന്‍ ധൈര്യം പകര്‍ന്നു. ഇത് നേതാക്കള്‍ക്ക് വലിയ ആവേശവും ഊര്‍ജവും നല്‍കി. ദീര്‍ഘകാലം സമസ്തയുടെ പ്രസിഡന്റായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സംഘടനാ ജീവിതത്തില്‍ നിന്ന് മാറി ഒതുങ്ങിക്കൂടാമെന്ന് കരുതിയ സന്ദര്‍ഭത്തില്‍ എ പിയുടെ കൂടെ നിന്ന് ദീന്‍ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞ് സയ്യിദവര്‍കളെ തിരിച്ചു കൊണ്ടുവന്നതും സി എം വലിയ്യുല്ലാഹി ആയിരുന്നു.

അവസാന കാലത്ത് കോഴിക്കോട് മമ്മൂട്ടി മൂപ്പന്റെ വസതിയില്‍ ഓരോ ദിവസവും ആയിരങ്ങളായിരുന്നു സന്ദര്‍ശകര്‍. രോഗികള്‍, കടബാധ്യതയില്‍ അകപ്പെട്ടവര്‍, സന്താന സൗഭാഗ്യം ലഭിക്കാത്തവര്‍ തുടങ്ങി വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ പരിഹാരത്തിനായി അവിടുത്തെ സമീപിച്ചു.

63 വര്‍ഷത്തെ ജീവിതം പൂര്‍ത്തീകരിച്ച് 1411 ശവ്വാല്‍ നാലിന് വെള്ളിയാഴ്ച അവിടുന്ന് വിടപറഞ്ഞു. മടവൂര്‍ ജുമാ മസ്ജിദിന്റെ ചാരത്ത് പിതാവിനോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്നു.