മാലെഗാവ് സ്‌ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഗ്യാ സിങ് കോടതിയില്‍

Posted on: June 7, 2019 8:23 pm | Last updated: June 8, 2019 at 12:02 am

മുംബൈ: മാലെഗാവ് സ്‌ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍ എംപി. മുംബൈയിലെ എന്‍ഐഎ കോടതിയുടെ ചോദ്യത്തിനാണ് മറുപടിയായാണ് പ്രഗ്യാ സിങ് ഇക്കാര്യം പറഞ്ഞത്. ഭോപ്പാലില്‍നിന്നുള്ള ബിജെപിയാണിവര്‍. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇതേത്തുടര്‍ന്നാണ് പ്രഗ്യാ സിങ് വെള്ളിയാഴ്ച ഹാജരായത്.

കേസിനെ സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളാണ് അറിയുക എന്ന ചോദ്യത്തിന് കേസില്‍ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നത് അറിയില്ലെന്ന് പ്രജ്ഞ മറുപടി നല്‍കി. 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് എന്‍ഐഎ ജഡ്ജി വി എസ് പഡാല്‍ക്കര്‍ വീണ്ടും ചോദ്യമുന്നയിച്ചപ്പോഴാണ് തനിക്ക് ഇതേക്കുറിച്ച് ഒരു വിവരവുമില്ലെന്ന മറുപടി പ്രജ്ഞ നല്‍കിയത്. മഹാരാഷ്ട്രയിലെ മാലെഗാവില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. വ്യാഴാഴ്ചയായിരുന്നു കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. രോഗാവസ്ഥ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. ബുധനാഴ്ച വൈകിട്ട് പ്രഗ്യാ സിങിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെ ഇവര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ പോയത് കോടതിയുടെ കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു.