Kerala
നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍;രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

കൊച്ചി: നിപ ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. യുവാവ് അമ്മയുമായി ഫോണില്‍ സംസാരിച്ചു. നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. ഇടക്കിടെ പനിയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.പനി ബാധിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
തൊടുപുഴയില്‍ താമസിക്കുന്ന ഒഡിഷ സ്വദേശിക്കായിരുന്നു നിപയില്ലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം നിപ ബാധിച്ച യുവാവിന്റെ താമസ സ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെയുള്ള സ്ഥലങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയക്കുന്നതിനായി നാളെ വവ്വാലുകളെ പിടികൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗബാധിതനായ യുവാവ് താമസിച്ച തൃശൂര്‍, തൊടുപുഴ എന്നിവിടങ്ങളിലും നിപ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിപ സംബന്ധിച്ച ആശങ്കകള്‍ക്ക് കുറവ് വന്നിട്ടുണ്ടെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തില്‍വന്ന 318 പേരെയും ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്.