Connect with us

Kerala

സമവായ നീക്കം പാളുന്നു; ജോസ് കെ മാണിക്കെതിരെ വാളെടുത്ത് പി ജെ ജോസഫ്

Published

|

Last Updated

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പോര് രൂക്ഷമായി തുടരുന്നതിനിടെ ജോസ് കെ മാണിക്കും അനുയായികള്‍ക്കുമെതിരെ വീണ്ടും വാളെടുത്ത് പി ജെ ജോസഫ്. ചെയര്‍മാനായിരുന്നയാള്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് ജോസഫ് ചോദിച്ചു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനല്ല ചെയര്‍മാനായതെന്ന്‌
അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ സമവായം രൂപപ്പെടുത്തുന്നതിന് എതിരു നില്‍ക്കുന്നത് ജോസ് കെ മാണിയാണെന്നും പാര്‍ട്ടി പിളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോസഫ് പറഞ്ഞു.

സമവായത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളുമാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. മറുവിഭാഗത്തെ പിന്തുണക്കുന്ന ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം 10ല്‍ നിന്ന് എട്ടായി ചുരുങ്ങിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിക്ക് ചെയര്‍മാനുണ്ട്, പാര്‍ലിമെന്ററി ലീഡറുണ്ട്. സമവായമുണ്ടാവുകയാണെങ്കില്‍ മാത്രമെ ഇതില്‍ മാറ്റം വരുത്താന്‍ കഴിയൂ. ജോസ് കെ മാണി വിഭാഗം പങ്കെടുക്കാന്‍ തയാറാവുകയാണെങ്കില്‍ പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കും.

നേരത്തെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്് ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചിരുന്നു. വര്‍ക്കിംഗ് ചെയര്‍മാനായ ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടന്‍ എം പി, എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്.

അതിനിടെ, ജോസഫ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചതായി ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയെയും തന്നെയും അപമാനിക്കുന്നതിന് തുല്യമാണ് ജോസഫിന്റെ വാക്കുകള്‍.

---- facebook comment plugin here -----

Latest