മാധ്യമങ്ങള്‍ വഴികാണിച്ച വിജയം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള ബഹുഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിന് വേണ്ടിയും ബി ജെ പി-സംഘ്പരിവാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും നിലകൊണ്ടു എന്നത് ഒരു വസ്തുതയാണ്. അതിനായി വസ്തുതകള്‍ വളച്ചൊടിക്കലും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും തകൃതിയായി നടന്നു. വര്‍ഗീയ ധ്രുവീകരണം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ- രാഷ്ട്രീയ അജന്‍ഡകള്‍ ന്യൂസ് റൂമുകളില്‍ തയ്യാര്‍ ചെയ്തു. അതിവിദഗ്ധമായി നടപ്പില്‍ വരുത്തി. ഇംഗ്ലീഷ്, ഹിന്ദി, മറ്റു പ്രാദേശിക ഭാഷകളിലെ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയയിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതാണ് നടന്നുവന്നത്. ഈ പശ്ചാത്തലത്തിലാണ് 2019 പിടിക്കാനായി അതിവിദഗ്ധമായ മാധ്യമ പടയൊരുക്കം ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നത്. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വോട്ടര്‍മാരെ വര്‍ഗീയ ധ്രുവീകരണത്തിലേക്കും അപ്രസക്തമായ മോദി ഭക്തിയിലേക്കും തിരിച്ചുവിട്ടു എന്നതാണ് ഇത്തവണ മാധ്യമങ്ങള്‍ ബി ജെ പിക്ക് ചെയ്തു കൊടുത്ത ഏറ്റവും വലിയ സഹായം. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ റാഫേല്‍ ഇടപാടും ജനങ്ങളുടെ നടുവൊടിച്ച നോട്ടുനിരോധനവും പാക്കിസ്ഥാന്‍ പേടിയിലും സൈനികാക്രമണത്തിലും അലിഞ്ഞില്ലാതായത് വാര്‍ത്താ ചാനലുകളുടെ എഡിറ്റിംഗ് റൂമുകളില്‍ വെച്ചായിരുന്നു.
Posted on: June 7, 2019 11:03 am | Last updated: June 7, 2019 at 11:04 am

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താനുണ്ടായ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഇത്രമേല്‍ വലിയ വിജയം നേടിക്കൊടുത്തതില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒരുപക്ഷേ, മറ്റേതൊരു ഘടകത്തേക്കാളും രാജ്യത്തെ മാധ്യമങ്ങളാണ് യഥാര്‍ഥത്തില്‍ ബി ജെ പിയെ സഹായിച്ചത്. വിശദമായ ചര്‍ച്ചക്ക് വിധേയമായില്ലെങ്കിലും, മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങള്‍ വോട്ടര്‍മാരെ നിയന്ത്രിക്കുകയും ബി ജെ പി അജന്‍ഡകളനുസരിച്ച് ജനങ്ങളെ നയിക്കുകയും അവസാനം വോട്ട് ചെയ്യിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് പതിനേഴാം ലോക്‌സഭാ ഇലക്ഷന്‍.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള ബഹുഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാറിന് വേണ്ടിയും ബി ജെ പി-സംഘ്പരിവാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും നിലകൊണ്ടു എന്നത് ഒരു വസ്തുതയാണ്. അതിനായി വസ്തുതകള്‍ വളച്ചൊടിക്കലും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും തകൃതിയായി നടന്നു. വര്‍ഗീയ ധ്രുവീകരണം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ- രാഷ്ട്രീയ അജന്‍ഡകള്‍ ന്യൂസ് റൂമുകളില്‍ തയ്യാര്‍ ചെയ്തു. അതിവിദഗ്ധമായി നടപ്പില്‍ വരുത്തി. ഇംഗ്ലീഷ്, ഹിന്ദി, മറ്റു പ്രാദേശിക ഭാഷകളിലെ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയയിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതാണ് നടന്നുവന്നത്. ഈ പശ്ചാത്തലത്തിലാണ് 2019 പിടിക്കാനായി അതിവിദഗ്ധമായ മാധ്യമ പടയൊരുക്കം ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നത്.

രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വോട്ടര്‍മാരെ വര്‍ഗീയ ധ്രുവീകരണത്തിലേക്കും അപ്രസക്തമായ മോദി ഭക്തിയിലേക്കും തിരിച്ചുവിട്ടു എന്നതാണ് ഇത്തവണ മാധ്യമങ്ങള്‍ ബി ജെ പിക്ക് ചെയ്തു കൊടുത്ത ഏറ്റവും വലിയ സഹായം. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ റാഫേല്‍ ഇടപാടും ജനങ്ങളുടെ നടുവൊടിച്ച നോട്ടുനിരോധനവും പാക്കിസ്ഥാന്‍ പേടിയിലും സൈനികാക്രമണത്തിലും അലിഞ്ഞില്ലാതായത് വാര്‍ത്താ ചാനലുകളുടെ എഡിറ്റിംഗ് റൂമുകളില്‍ വെച്ചായിരുന്നു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പ്രൈം ടൈം പരിപാടികളില്‍ ബി ജെ പി മന്ത്രിമാരും എം പിമാരും പറഞ്ഞ അസംബന്ധങ്ങള്‍ നിറഞ്ഞുനിന്നു.

തൊഴിലില്ലായ്മയും സാമ്പത്തിക വെല്ലുവിളികളും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളേ ആയില്ല. മോദി ധരിക്കുന്ന കുര്‍ത്തയും കഴിക്കുന്ന മാമ്പഴവും ചാനലുകളും പത്രങ്ങളും ലൈവായി നിലനിര്‍ത്തി. സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും മോദിയെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ സ്തുതികള്‍ വ്യാപകമായി സര്‍ക്കുലേറ്റ് ചെയ്തു. ഇന്ത്യയെ പാക്കിസ്ഥാന്‍, ചൈന ഉള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ നരേന്ദ്ര മോദി മാത്രമേയുള്ളൂ എന്നും മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് മാത്രമേ കഴിയൂ എന്നും സമൂഹമാധ്യമ സന്ദേശങ്ങള്‍ ഒഴുകിനടന്നു.

ഏതൊരു ചെറിയ സംഭവവും വര്‍ഗീയമായി കത്തിച്ചു നിര്‍ത്തുന്നതില്‍ റിപ്പബ്ലിക് ടി വിയുടെ അര്‍നബ് ഗോസ്വാമിയും ടൈംസ് നൗ ചാനലിലെ നവിക കുമാറും മത്സരിച്ചു. ഈ വസ്തുതകള്‍ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ് (സി എസ് ഡി എസ്) പുറത്തുവിട്ട മാധ്യമ പഠനം. കഴിഞ്ഞ 20 വര്‍ഷത്തെ ദേശീയ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുകയും മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രസ്തുത തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ടതെന്നുമാണ് സി എസ് ഡി എസ് നടത്തിയ ശ്രദ്ധേയമായ അന്വേഷണം. ഈ പഠനം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വസ്തുത, വോട്ടു ബേങ്കുണ്ടാക്കാന്‍ ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ ഉപയോഗിച്ചു എന്നതിനേക്കാള്‍ അത്തരം കൃത്രിമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് യാതൊരു പരിഭവവും ഇല്ല എന്നതാണ്. പരാതിയും മനഃസംഘര്‍ഷങ്ങളും പ്രതിഷേധവുമില്ലാതെ ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗവും ബി ജെ പിക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനോട് പൂര്‍ണമായും പൊരുത്തപ്പെടുന്നു. ചില സംസ്ഥാനങ്ങളിലെ കണക്കനുസരിച്ച് ഇത്തരം മാധ്യമ ക്രൈമുകളെ ന്യായീകരിക്കാന്‍ വരെ സാധാരണക്കാര്‍- മോദിഭക്തരല്ല- തയ്യാറാകുന്നുവെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ 46 ശതമാനം പേരും ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് വാര്‍ത്ത കണ്ടവരാണ്. 26 ശതമാനം പേര്‍ പത്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വായിച്ചവരാണ്. ഇന്ത്യയിലെ 16 ശതമാനം ആളുകള്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ആദ്യം ന്യൂസുകളറിഞ്ഞത്. ബി ജെ പിക്ക് ഇത്തവണ ലഭിച്ച അധികം വോട്ടുകളില്‍ 27 ശതമാനവും പോള്‍ ചെയ്തത് നരേന്ദ്ര മോദിക്കും ബി ജെ പിക്കും മാധ്യമങ്ങള്‍ നല്‍കിയ കവറേജ് മുഖേനയാണെന്ന് യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രൊഫ. രാഹുല്‍ വര്‍മ നടത്തിയ ഗവേഷണ പഠനത്തില്‍ അടിവരയിടുന്നു. 306 മണ്ഡലങ്ങളിലെ 20,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണ പഠനത്തിലാണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. അപ്പോള്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് ബി ജെ പി നിക്ഷേപിച്ച മൂലധനവും വര്‍ഷങ്ങളായി നടത്തിവരുന്ന നിയന്ത്രണങ്ങളും ഫലം കണ്ടു എന്നര്‍ഥം.
ബി ജെ പിക്ക് സ്വാധീനമില്ലാത്ത ചെറിയ മണ്ഡലങ്ങളില്‍ പോലും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ വാര്‍ത്തകള്‍ (പ്രാദേശിക പ്രിന്റ്, ടിവി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി) പ്രചരിച്ചത് മോദിയെക്കുറിച്ചാണ്. ഇതുവഴി ബി ജെ പിയെ അനുകൂലിക്കാത്ത വോട്ടര്‍മാര്‍ വരെ മോദി ഭരണം നല്ലതാണെന്ന് സമ്മതിച്ചിരുന്നതായി സി എസ് ഡി എസ് പഠനം വെളിപ്പെടുത്തുന്നു. ഇതിനായി ഏറ്റവും കൂടുതല്‍ പെയ്ഡ് വാര്‍ത്തകളും സമൂഹ മാധ്യമങ്ങള്‍ വഴി ബി ജെ പി ഐടി സെല്‍ മാനേജ് ചെയ്തു. ഇന്റര്‍നെറ്റില്‍ നിരന്തരം വന്നുകൊണ്ടിരുന്ന ബി ജെ പിയെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിച്ചു. വോട്ടെടുപ്പ് നടന്ന ദിവസങ്ങളില്‍ പോലും ഇന്റര്‍നെറ്റിലെ ബി ജെ പി അനുകൂല ഉള്ളടക്കം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.

വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനമെടുക്കുന്നതില്‍ ടി വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും വലിയ പങ്കുണ്ടെന്നും സി എസ് ഡി എസ് പഠനം ഉദാഹരണസഹിതം വിവരിക്കുന്നു. നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഉപരി, മധ്യവര്‍ഗ കുടുംബ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബി ജെ പി അനുകൂല മാധ്യമ വാര്‍ത്തകള്‍ കൂടുതലും സ്വാധീനിച്ചത്. ഹിന്ദി വാര്‍ത്താ ചാനലുകളാണ് ഇംഗ്ലീഷ് ന്യൂസ് ചാനലുകളേക്കാള്‍ സാധാരണക്കാരെ സ്വാധീനിച്ചതെന്നും ഈ പഠനം വ്യക്തമാക്കുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 140 മില്യന്‍ ജനങ്ങളാണ് ഓരോ ആഴ്ചയിലും ഹിന്ദി ചാനലുകളില്‍ വാര്‍ത്ത കണ്ടത്. ഇത് രാജ്യത്തെ മുന്‍നിര ഇംഗ്ലീഷ് ചാനലുകളേക്കാള്‍ ഇരട്ടിവരും. സീ ന്യൂസ്, എ ബി പി ന്യൂസ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട വര്‍ഗീയ ധ്രുവീകരണ വാര്‍ത്തകള്‍ ബി ജെ പിക്ക് വോട്ട് നേടിക്കൊടുത്തു. ഇംഗ്ലീഷ് ഭാഷയിലെ ഇന്ത്യന്‍ ചാനലുകളില്‍ റിപ്പബ്ലിക് ടി വി, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നിവയാണ് ബി ജെ പിക്ക് വോട്ട് നേടിക്കൊടുത്തതില്‍ ഏറ്റവും മുന്നിലുള്ളത്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രാദേശിക ഭാഷകളിലെ വാര്‍ത്താ ചാനലുകളാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയത്. ഹിന്ദി ചാനലുകള്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളേക്കാള്‍ മലയാളം, തമിഴ് വാര്‍ത്താ ചാനലുകള്‍ ഇത്തവണ മുന്നിട്ടുനിന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം, രാജ്യത്തെ മുഴുവന്‍ ഭാഷകളിലുമുള്ള വാര്‍ത്താ ചാനലുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നരേന്ദ്ര മോദിയെക്കുറിച്ചാണ്. രാത്രി എട്ടിനും പത്തിനുമിടയില്‍ ഏറ്റവും കൂടുതല്‍ എയര്‍ടൈം ലഭിച്ചതും മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ പ്രൈം ടൈമില്‍ ഒരു മിനുട്ട് നേരത്തെ വാര്‍ത്തയില്‍ 37 സെക്കന്‍ഡും മോദിയെക്കുറിച്ചായിരുന്നുവെന്നും എത്ര വ്യാജമാണെങ്കിലും അതൊക്കെയും ബഹുഭൂരിപക്ഷം ടി വി പ്രേക്ഷകരും യഥാര്‍ഥത്തില്‍ വിശ്വസിച്ചിരുന്നുവെന്നും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിലെ മീഡിയ ലാബ് പുറത്തുവിട്ട ഗവേഷണ പഠനത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയെ കാണിച്ചത് 4.9 സെക്കന്‍ഡും അരവിന്ദ് കെജ്‌രിവാളിന് ലഭിച്ചത് ആറ് സെക്കന്‍ഡുമാണ്. ഇന്ത്യയിലെ മുഴുവന്‍ ഭാഷകളിലെയും ന്യൂസ് ചാനലുകളില്‍ കോണ്‍ഗ്രസിനേക്കാള്‍ പത്ത് മടങ്ങ് അധികം സമയം ബി ജെ പിക്ക് ലഭിച്ചുവെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഇങ്ങനെ നിരന്തരം മോദിയെക്കുറിച്ചും ബി ജെ പിയെക്കുറിച്ചും വന്ന വാര്‍ത്തകള്‍ തന്നെയാണ് ബി ജെ പിക്ക് രാജ്യത്തുടനീളം വോട്ടു നേടിക്കൊടുത്തതെന്നും അതുകൊണ്ട് തന്നെ മറ്റേതൊരു ഘടകത്തേക്കാളും മാധ്യമങ്ങളുടെ വ്യവസ്ഥാപിതമായ കവറേജുകളാണ് ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും സി എസ് ഡി എസ് ഗവേഷണ പഠനം അടിവരയിടുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ടി വിയില്‍ വാര്‍ത്ത കണ്ട ഇന്ത്യക്കാരില്‍ 57 ശതമാനം പേരും രാഷ്ട്രീയ പക്ഷപാതിത്വം അംഗീകരിക്കുന്നവരാണ്. മാധ്യമങ്ങള്‍ കാണിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് തിരിച്ചറിഞ്ഞാലും അതിഷ്ടപ്പെടുന്നവര്‍. ചാനലുകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ വസ്തുനിഷ്ഠമല്ലെന്നും അതുകൊണ്ടുതന്നെ അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്ന ഇന്ത്യക്കാര്‍ കേവലം 25 ശതമാനം മാത്രം. അപ്പോള്‍ സ്വാഭാവികമായും പൊതുജനാഭിപ്രായവും പോളിംഗും തിരഞ്ഞെടുപ്പ് വിജയം പോലും മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാന്‍ മാത്രം ഇന്ത്യ പരുവപ്പെട്ടുകഴിഞ്ഞു എന്നുപറയാം. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ കൈവശമാണോ മാധ്യമങ്ങളുടെ നിയന്ത്രണമുള്ളത്, ആ പാര്‍ട്ടി ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നു തന്നെയാണ് സി എസ് ഡി എസ് പഠനം വ്യക്തമാക്കുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന ഭരണ സ്ഥാപനങ്ങളില്‍ അഴിച്ചുപണി നടത്തുകയും തങ്ങളുടെ സ്വന്തം ആളുകളെ നിയമിക്കുകയും ചെയ്തതില്‍ ബി ജെ പി എങ്ങനെയാണോ വിജയിച്ചത്, അതിനേക്കാള്‍ ഭംഗിയായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംഘ്പരിവാര്‍ – ബി ജെ പി കാര്‍മികത്വത്തില്‍ ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളുടെ ന്യൂസ് റൂമുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ഭയാനകമാണ്.

പ്രത്യക്ഷമല്ലെങ്കില്‍ പോലും മോദി വിധേയത്വമുള്ള മാധ്യമങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ചുവെന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്കനുകൂലമായി നില്‍ക്കാത്ത മാധ്യമങ്ങളെ കോര്‍പറേറ്റ് ചങ്ങാത്തം ഉപയോഗപ്പെടുത്തി ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ എങ്ങനെയാണ് നിയമക്കുരുക്കില്‍ പെടുത്തി ഭീഷണിപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് ദി വയര്‍ പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജ് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമെഴുതിയ ഒരു ലേഖനത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇതിനിയും തുടരുമെന്നും സ്വതന്ത്ര മാധ്യമങ്ങളുടെ ഭാവി രാജ്യത്ത് പരിതാപകരമാണെന്നും അദ്ദേഹം അടിവരയിടുന്നു.

ചുരുക്കത്തില്‍ മാധ്യമങ്ങള്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മാറ്റിയെടുത്ത ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രേക്ഷകരും വ്യക്തമായ അജന്‍ഡകളുടെ അടിസ്ഥാനത്തില്‍ മാത്രം ബി ജെ പിക്കും നരേന്ദ്ര മോദിക്കും വേണ്ടി വാര്‍ത്തയുണ്ടാക്കുന്ന മാധ്യമങ്ങളുമാണ് ഇത്തവണ ഒരു ജനാധിപത്യ രാജ്യത്തെ ശരിക്കും തോല്‍പ്പിച്ചത്. മാധ്യമ നൈതികതയും പത്രപ്രവര്‍ത്തന മൂല്യങ്ങളും ഇനിയിവിടെ അധിക നാളുണ്ടാകില്ല എന്ന മുന്നറിയിപ്പും ഈ തിരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുന്നു.