ചൈന അതിര്‍ത്തിക്ക് സമീപം കണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും

Posted on: June 4, 2019 11:03 pm | Last updated: June 5, 2019 at 12:40 pm

അഞ്ചല്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും ഉള്‍പ്പെട്ടതായി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വ്യോമസേനയുടെ വിമാനത്തിലെ ഫൈ്‌ലറ്റ് എന്‍ജിനീയര്‍ അനൂപ് കുമാറിനെയാണ് കാണാതായത്. അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ ശശിധരന്‍ പിള്ളയുടെയും വിമലയുടെയും  മകനാണ്.

അസമിലെ ജോര്‍ഹടില്‍നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പറന്ന ആന്റനോവ് എഎന്‍32 വിമാനമാണ് കഴിഞ്ഞദിവസം കാണാതായത്. വിമാനത്തില്‍ അനൂപിനെ കൂടാതെ ഏഴ് വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേര്‍ ഉണ്ടായിരുന്നു.11 വര്‍ഷം മുമ്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നരമാസം മുമ്പ് നാട്ടിലെത്തി ഭാര്യ വൃന്ദയെയും ആറുമാസം പ്രായമായ കുഞ്ഞിനേയും കൂട്ടിയാണ് തിരികെ പോയത്. വിവരമറിഞ്ഞ് മന്ത്രി കെ രാജു അനൂപ് കുമാറിന്റെ കുടുംബവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിമാനം കണ്ടെത്താനായി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.