നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് പീഡനവും ബ്ലാക്‌മെയിലിംഗും; രണ്ട് പേര്‍ക്കെതിരെ കേസ്

Posted on: June 4, 2019 3:11 pm | Last updated: June 4, 2019 at 3:12 pm

എരുമപ്പെട്ടി: രഹസ്യമായെടുത്ത നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു. കടങ്ങോട് തെക്കുമുറി സ്വദേശി ഷിബില്‍, വടക്കാഞ്ചേരി സ്വദേശി നിസാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

എരുമെപ്പെട്ടിക്ക് സമീപം പഴവൂര്‍ സ്വദേശിയായ വീട്ടമ്മയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത സംഭവം പത്ര ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട തൃശൂര്‍ റെയ്ഞ്ച് ഐ.ജി തൂശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ചൂഷണത്തിനിരയായ വീട്ടമ്മ കഴിഞ്ഞ മെയ് 21ന് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
സാമ്പത്തിക വിഷയവുമായി ബന്ധപെട്ട പരാതി പരിഹരിക്കാന്‍ സഹായിക്കാമെന്നും അതേ സമയം പീഡനത്തിനിരയായ സംഭവത്തില്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കാനുമായിരുന്നു വീട്ടമ്മക്ക് വടക്കാഞ്ചേരി പോലീസ് നല്‍കിയ ഉപദേശം.

ജൂണ്‍ രണ്ടിന് വീട്ടമ്മയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ വടക്കാഞ്ചേരി പോലീസ് പ്രതിയായ നിസാറില്‍ നിന്നും 75000 രൂപ വാങ്ങി നല്‍കാമെന്നും പരാതിയില്ലെന്ന് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ച വീട്ടമ്മയെ സ്റ്റേഷനില്‍ നിന്നും പറഞ്ഞ് വിട്ടു. പോലീസ് കൈവിട്ടതോടെയാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ വീട്ടമ്മ നിര്‍ബന്ധിതയായത്.

കടങ്ങോട് തെക്കുമുറി സ്വദേശിയായ ഷിബില്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തപ്പോള്‍ വടക്കാഞ്ചേരി സ്വദേശി നിസാര്‍ രണ്ട് ലക്ഷം രൂപയും ഒരു പവന്റെ ആഭരണവും തട്ടിയെടുത്തു. കൂടാതെ ഇരുവരും നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തതായും വീട്ടമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.