Connect with us

National

പ്രസാര്‍ ഭാരതിയുടെ സ്വയംഭരണാവകാശം നിലനിര്‍ത്തും: മന്ത്രി പ്രകാശ് ജാവദേക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതിയുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍. സ്വയംഭരണാവകാശം സംരക്ഷിക്കുന്ന നിയമം നേരത്തെ നടപ്പില്‍ വരുത്തിയതാണെന്നും ദൂരദര്‍ശന്‍ ഭവനില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ ഡി എസ് എന്‍ ജി വാനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.

“പ്രസാര്‍ ഭാരതിയുടെ സ്വയംഭരണാവകാശം പ്രധാനമാണ്. അത് നിലനിര്‍ത്തും. പ്രസാര്‍ ഭാരതി തടസ്സം കൂടാതെ പ്രവര്‍ത്തിക്കുകയും പുതിയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുകയും പുതിയ തലങ്ങളിലേക്ക് വളരുകയും വേണം.”-ജാവദേക്കര്‍ വിശദമാക്കി. വിശ്വാസ്യതയുള്ള പരിപാടികളും കവറേജുകളും നല്‍കുന്നതില്‍ പൊതു മാധ്യമങ്ങളായ ദൂരദര്‍ശനെയും ഓള്‍ ഇന്ത്യ റേഡിയോയെയും പ്രശംസിച്ച മന്ത്രി ഡി ഡി ഭാരതി പോലുള്ള ചാനലുകള്‍ പ്രചരിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉന്നത നിലവാരത്തിലുള്ള ഔട്ടോഡോര്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പുതിയ ഡി എസ് എന്‍ ജി വാനുകള്‍ ദൂരദര്‍ശനെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.