വീരസ്മരണകളുമായി മുട്ടിച്ചിറ ജുമുഅത്ത് പള്ളി

Posted on: June 4, 2019 1:18 pm | Last updated: June 4, 2019 at 1:18 pm
മുട്ടിച്ചിറ ജുമുഅത്ത് പള്ളി

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള കടുത്ത ചെറുത്തുനിൽപ്പിന്റെ സ്മരണകളാണ് മുട്ടിച്ചിറ ജുമുഅത്ത് പള്ളിയുടേത്. ദേശീയ പാതയിൽ തലപ്പാറക്ക് സമീപം പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന ഈ പള്ളിക്കും അതിന്റെ സമീപം അന്ത്യവിശ്രമം കൊള്ളുന്ന ശുഹദാക്കൾക്കും വീരസ്മരണകളുടെ ചരിത്ര സംഭവങ്ങളാണ് പറയാനുള്ളത്. മത ഭക്തരും ദേശസ്‌നേഹികളുമായ ഒരു സമൂഹം മലബാറിലെ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പിന്റെ സ്മാരകം കൂടിയാണ് ഈ പള്ളിയും മഖാമും. പതിനൊന്ന് രക്ത സാക്ഷികളാണ് ഈ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നത്. മമ്പുറം തങ്ങളുടെ ആത്മീയ നേതൃത്വം അനുഭവിച്ചറിഞ്ഞവരാണ് ഈ പ്രദേശത്തുകാർ.

മമ്പുറം മഖാമിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് മുട്ടിച്ചിറ പള്ളിയും ശുഹദാക്കളുടെ മഖാമും നിലകൊള്ളുന്നത്. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഇവിടെ സന്ദർശനത്തിന് എത്തുന്നു. മുട്ടിച്ചിറക്ക് തൊട്ടടുത്ത് നിലകൊള്ളുന്ന കളിയാട്ടക്കാവിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ മുട്ടിച്ചിറ പള്ളിയിലെത്തി കാണിക്കകൾ അർപ്പിക്കുന്നത് ഇന്നും തുടരുന്ന കാഴ്ചയാണ്.ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മത സൗഹാർദം തകർത്ത് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ ബ്രിട്ടീഷുകാർ പല ശ്രമങ്ങളും നടത്തി. അതിന്റെ ഭാഗമായി ഹിന്ദു -മുസ്‌ലിം ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും മമ്പുറം തങ്ങളെപ്പോലുള്ളവരുടെ സാന്നിധ്യം കാരണം അത് നടക്കാതെ പോയി എന്നതാണ് വസ്തുത. വെളിമുക്കിലെ വലിയ ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മുട്ടിച്ചിറ പോരാട്ടത്തിലേക്ക് എത്തിക്കുന്നത് 1841 നവംബർ 22 ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എച്ച് വി കൊണോലി തയ്യാറാക്കിയ ജുഡീഷ്യൽ കോൺസുലേഷനിൽ മുട്ടിച്ചിറ പോരാട്ടത്തിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ലെഫ്. കേണൽ ഷേക്‌സ്പിയറുടെ നേതൃത്വത്തിൽ 40 ശിപായിമാർ (സ്വദേശി പോലീസുകാർ) മുട്ടിച്ചിറയിലെത്തുകയും അവർ പള്ളി വളഞ്ഞു. പള്ളിയിൽ ആറ് നോമ്പ് അനുഷ്ഠിച്ച് ഇബാദത്തിൽ കഴിയുന്ന ഏതാനും വിശ്വാസികളാണ് ഉണ്ടായിരുന്നത്. രണ്ടു ദിവസം കഴിഞ്ഞ് കൊണോലി സ്ഥലത്തെത്തി പള്ളിയിലുള്ളവരോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടുവെങ്കിലും സ്വന്തം നാട്ടിൽ അധിനിവേശം നടത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നിൽ തലകുനിക്കാൻ ഈ ദേശസ്‌നേഹികൾ തയ്യാറായില്ല.

ഇതേ തുടർന്ന് ബ്രിട്ടീഷുകാർ നടത്തിയ വെടിവെപ്പിലാണ് 11 പേർ രക്തസാക്ഷികളായത്. 1841 ഹിജ്‌റ 1257 ശവ്വാൽ ഏഴിനായിരുന്നു ഈ സംഭവം. എല്ലാ വർഷവും ഇവിടെ ശുഹദാക്കളുടെ ആണ്ടുനേർച്ച നടക്കാറുണ്ട്. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ഈ വരുന്ന ശവ്വാൽ എട്ടിന് മുട്ടിച്ചിറ പള്ളിക്ക് സമീപം മദ്‌റസത്തുൽ ഫലാഹ് ക്യാമ്പസിൽ വിപുലമായ രീതിയിൽ ആണ്ടുനേർച്ച നടക്കുന്നുണ്ട്.