രോഗികളെ സൃഷ്ടിക്കുന്ന ലാബുകള്‍

Posted on: June 4, 2019 11:46 am | Last updated: June 4, 2019 at 11:46 am


നടുക്കമുളവാക്കുന്നതാണ് ക്യാന്‍സര്‍ ഇല്ലാത്ത സ്ത്രീയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവം. മാറിടത്തില്‍ മുഴയുമായി ചികിത്സ തേടിയ ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് ക്യാന്‍സര്‍ ആണെന്ന ധാരണയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കീമോ തെറാപ്പി നല്‍കിയത്. പിന്നീട് വിശദ പരിശോധനകളില്‍ ഇവര്‍ക്ക് ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കീമോ തെറാപ്പി ഒഴിവാക്കി ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്‌തെങ്കിലും നേരത്തെ അര്‍ബുദത്തിന്റെ മരുന്നുകളും കീമോ തെറാപ്പിയും നടത്തിയതിന്റെ പാര്‍ശ്വഫലങ്ങളാല്‍ കഷ്ടപ്പെടുകയാണ് രജനി ഇപ്പോള്‍. അവരുടെ മുടിയെല്ലാം കൊഴിഞ്ഞു പോകുകയും ശരീരത്തില്‍ വ്യാപകമായി കരുവാളിപ്പുകള്‍ പ്രകടമാകുകയും ചെയ്തു. ചികിത്സാ രംഗത്തെ ഈ ഗുരുതര വീഴ്ചക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് രജനി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 28നാണ് രജനി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ആശുപത്രി അധികൃതര്‍ രോഗനിര്‍ണയത്തിന് രണ്ട് സാമ്പിളുകള്‍ എടുത്തു. ഒന്ന് മെഡിക്കല്‍ കോളജിലെ പത്തോളജി ലാബിലേക്കും മറ്റൊന്ന് മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ലാബിലേക്കും അയച്ചു.

ആദ്യം ലഭിച്ച സ്വകാര്യ ലാബിലെ പരിശോധനാഫലം മുഴ ക്യാന്‍സറാണെന്നായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള ഒരു സ്‌കാനിംഗ് സെന്ററില്‍ സ്‌കാനിംഗ് നടത്തിയപ്പോഴും ക്യാന്‍സര്‍ ഉണ്ടെന്നായിരുന്നു നിഗമനം. ഇതോടെ മെഡി. കോളജിലെ പത്തോളജി ലാബിലെ ഫലം വരാന്‍ കാത്തുനില്‍ക്കാതെ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ കീമോ തെറാപ്പി തുടങ്ങി. ആദ്യ കീമോ കഴിഞ്ഞ് എട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ക്യാന്‍സര്‍ ഇല്ലെന്നു കാണിക്കുന്ന പത്തോളജി റിപ്പോര്‍ട്ട് വന്നത്. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ സ്വകാര്യ ലാബിലേക്ക് കൊടുത്ത സാമ്പിള്‍ തിരിച്ചു വാങ്ങി പത്തോളജി ലാബില്‍ പരിശോധിച്ചു. അപ്പോഴും ക്യാന്‍സറിന്റെ യാതൊരു അംശവും കണ്ടെത്താനായില്ല. തുടര്‍ന്ന് കൂടുതല്‍ സ്ഥിരീകരണത്തിനായി തിരുവനന്തപുരം ആര്‍ സി സിയില്‍ പരിശോധിച്ചപ്പോഴും ക്യാന്‍സര്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

സ്വകാര്യ ലാബുകളുടെ നിവലാരമില്ലായ്മയിലേക്കും അനാസ്ഥകളിലേക്കുമാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് കൂണുപോലെയാണ് സ്വകാര്യ ലാബുകള്‍ ഉയര്‍ന്നു വരുന്നത്. ഇവയില്‍ നല്ലൊരു ഭാഗവും ആരോഗ്യ വകുപ്പിന്റെ അനുമതിയോ രജിസ്‌ട്രേഷനോ ഇല്ലാത്തവയാണ്.

ഉള്ളവയില്‍ തന്നെ ശരിയായ രോഗ നിര്‍ണയത്തിന് ആവശ്യമായ സംവിധാനങ്ങളോ മിക്കവയിലും ജീവനക്കാര്‍ക്കു മതിയായ യോഗ്യതകളോ ഇല്ല. ഇത്തരം ലാബുകള്‍ തെറ്റായ റിസല്‍ട്ടുകള്‍ നല്‍കി രോഗികളെ വലച്ച സംഭവങ്ങള്‍ നിരവധിയാണ്. 2017 ജൂലൈയില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഒരു യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയുടെ ഭാഗമായി രക്തം ഒരു സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച് ഐ വി പോസിറ്റീവാണെന്നും എയ്ഡ്‌സ് ബാധിതനാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. പരിഭ്രാന്തനായ യുവാവ് ഡോക്ടറുടെ ഉപദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച് ഐ വി നെഗറ്റീവാണെന്ന് കണ്ടെത്തി. അതീവ ഗൗരവമുള്ള ചികിത്സകള്‍ നിര്‍ണയിക്കപ്പെടേണ്ട ലാബ് റിപ്പോര്‍ട്ടുകളില്‍ പോലും വന്‍ പിഴവുകളാണ് സംഭവിക്കുന്നത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും രക്തം തിരിച്ചറിയാനാകാത്ത ലാബുകള്‍ പോലും സംസ്ഥാനത്തുണ്ടെന്ന് ഇതിനിടെ ഒരു ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതാണ്. അടിസ്ഥാന യോഗ്യതയില്ലാത്ത ലാബ് ടെക്‌നീഷ്യന്മാരെക്കുറിച്ചും ലാബുകളെക്കുറിച്ചും നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ മുട്ടക്കോഴി, പരിശോധനക്കായി മൃഗാശുപത്രിയില്‍ കൊണ്ടുവന്ന നായ എന്നിവയുടെ രക്തം, മനുഷ്യ രക്തമെന്ന വ്യാജേന സംസ്ഥാനത്തെ ഒരു ലാബില്‍ പരിശോധനക്കു നല്‍കി. കോഴി രക്തത്തില്‍ പ്രമേഹവും കൊളസ്‌ട്രോളും നായക്ക് രക്തക്കുറവുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് നായയുടെയും കോഴിയുടെയും രക്തം ഒരുമിച്ചു ചേര്‍ത്ത് ഒരിക്കല്‍ കൂടി പരിശോധനക്കു നല്‍കിയപ്പോഴും പരിശോധനാ ഫലം മനുഷ്യ രക്തത്തിനു തുല്യമായിരുന്നു. ഇതാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല ലാബുകളുടെയും അവസ്ഥ. ഷുഗര്‍, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ വിവിധ ലാബുകളില്‍ ഒരേ സമയത്ത് നടത്തിയാല്‍ വ്യത്യസ്ത അളവുകളാണ് ലഭിക്കുന്നത്. അവ തമ്മില്‍ ഭീമമായ അന്തരവും കണ്ടേക്കും. ഇത്തരത്തിലുള്ള പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം തുടങ്ങി സ്വകാര്യ ലാബുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ചും ചിലപ്പോള്‍ അധികൃതരുടെ ഒത്താശയോടെയും പലതും നിരുത്തരവാദപരമായും കാര്യക്ഷമതയില്ലാതെയുമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പരിശോധനാ ഫലങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിക്കുകയും അത് സമൂഹത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്യുമ്പോള്‍ അധികൃതര്‍ നിയമ നടപടികളുമായി രംഗത്തു വരുമെങ്കിലും പ്രതിഷേധം തണുക്കുന്നതോടെ പിന്നെയും പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകുന്നു. ഇത്തരം ലാബുകള്‍ സ്ഥിരമായി നിരീക്ഷിച്ചു വീഴ്ചകള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനുള്ള സംവിധാനം ആവശ്യമാണ്.