ഒരു വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Posted on: June 4, 2019 9:35 am | Last updated: June 4, 2019 at 5:21 pm

കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന ഫലം ലഭിച്ച ശേഷം കൊച്ചിയില്‍ മാധ്യമങ്ങളെകണ്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് സ്ഥിരീകരണം പ്രഖ്യാപിച്ചത്.
വടക്കന്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21കാരനിനിലാണ്‌ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനക്ക് അയച്ചതോടെയാണ്‌
വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

അതിനിടെ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ മൂന്ന് സുഹൃത്തുക്കള്‍ കൊല്ലത്ത് നിരീക്ഷണത്തിലാണ്. 89 പേരാണ് ഇതോടെ നിരീക്ഷണത്തിലുള്ളത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ വീട്ടുകാര്‍ അടക്കം 86 പേര്‍ നിലവില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവര്‍ത്തനവും ഇന്ന് നടക്കും.

ചികിത്സയിലുള്ള വിദ്യാര്‍ഥിക്കൊപ്പം തൃശൂരിലെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ളത്. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.