നന്ദാദേവി പര്‍വ്വതത്തില്‍ കാണാതായ അഞ്ച് പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: June 3, 2019 8:40 pm | Last updated: June 4, 2019 at 10:55 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വത മേഖലയില്‍ കാണാതായ എട്ട് പര്‍വ്വതാരോഹകരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായവര്‍ക്കായി നടത്തിയ തിരച്ചിലിന് ഇടയിലാണ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ചില പര്‍വ്വതാരോഹകരുടേയും ഇവരുടെ സാമഗ്രഹികളുടേയും ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്ത് വിട്ടത്.

ഹെലികോപ്റ്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. നന്ദാ ദേവി പര്‍വ്വത നിരയുടെ കിഴക്കന്‍ മേഖല കീഴടക്കാന്‍ പുറപ്പെട്ട സംഘത്തിലെ എട്ട് പേരെയാണ് കാണാതായിരുന്നത്. നാല് ബ്രിട്ടീഷ് പൗരന്മാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്‌ട്രേലിയക്കാരി, ഒരു ഇന്ത്യക്കാരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മാര്‍ട്ടി മോറന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 13നാണ് മല കയറ്റം തുടങ്ങിയത്. മുമ്പ് രണ്ട് തവണ ഈ സംഘം നന്ദാദേവി പര്‍വതം കീഴടക്കിയിരുന്നു.