അജിത് ഡോവല്‍ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; ഇത്തവണ കാബിനറ്റ് റാങ്കും

Posted on: June 3, 2019 2:38 pm | Last updated: June 3, 2019 at 5:58 pm

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിലും അജിത് ഡോവല്‍ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ദേശീയ സുരക്ഷാ മേഖലയില്‍ ഡോവല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി കാബിനറ്റ് റാങ്കോടെ അദ്ദേഹത്ത പദവിയില്‍ നിലനിര്‍ത്തുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മോദി മന്ത്രിസഭ വീണ്ടും അധികാരത്തിലേറിയെങ്കിലും അമിത് ഷാ പുതിയ ആഭ്യന്തര മന്ത്രിയായതും കഴിഞ്ഞ സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന രാജ്‌നാഥ് സിംഗ് പ്രതിരോധ വകുപ്പിലേക്ക് മാറിയതും ഡോവലിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ത്തിയിരുന്നു.

1968 ബാച്ച് ഐ പി എസ് ഓഫീസറായ ഡോവല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ മേധാവി കൂടിയാണ്. പ്രധാന മന്ത്രിയാണ് മൂന്നു തലങ്ങളുള്ള ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ തലവന്‍. നയതന്ത്ര രൂപവത്കരണ ഗ്രൂപ്പ്, ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് എന്നിവയും സുരക്ഷാ സംവിധാനത്തിലുള്‍പ്പെടുന്നു. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായാണ് ഡോവല്‍ പ്രവര്‍ത്തിക്കുന്നത്.