Connect with us

Ongoing News

കടുത്ത ഉഷ്ണ തരംഗം; രാജ്യത്തെ 10 ഇടങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഉത്തര സമതല പ്രദേശങ്ങള്‍
കടുത്ത ഉഷ്ണ തരംഗത്തിന്റെ പിടിയില്‍. മേഖലയിലെ 10 പ്രദേശങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ 15 പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 48.9-48.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ രാജസ്ഥാനിലെ ചുരു, ശ്രീ ഗംഗാനഗര്‍ പ്രദേശങ്ങള്‍ പാക്കിസ്ഥാനിലെ ജകോബാബാദിന് (48 ഡിഗ്രി) തൊട്ടു മുന്നില്‍ നില്‍ക്കുകയാണെന്ന് അന്തരീക്ഷ താപം രേഖപ്പെടുത്തുന്ന എല്‍ ദോറോദോ വെബ് സൈറ്റ് വ്യക്തമാക്കുന്നു. യഥാക്രമം 47.4, 47.2 ഡിഗ്രി രേഖപ്പെടുത്തിയ ഉത്തര്‍ പ്രദേശിലെ ബന്ദ, ഹരിയാനയിലെ നര്‍നോല്‍ എന്നിവിടങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയില്‍ ഉഷ്ണ തരംഗ ബാധിതമായ 15ല്‍ അഞ്ചും പാക്കിസ്ഥാന്റെ അയല്‍ പ്രദേശങ്ങളാണ്.

ഞായറാഴ്ച ഇന്ത്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉഷ്ണ തരംഗത്തിന്റെ പിടിയിലായിരുന്നു. ഡല്‍ഹി, ജയ്പൂര്‍, കോത്ത, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങള്‍ 45 ഡിഗ്രി സെല്‍ഷ്യസിന്റെ പരിധി കടന്നു. അതേസമയം, മേഖലയിലെ ഷിംല, നൈനിത്താള്‍, ശ്രീനഗര്‍, ഹിമാലയന്‍ താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ ചൂട് സാധാരണ നിലയിലാണ്. ത്രിപുരയിലെ അഗര്‍ത്തലയിലാണെങ്കില്‍ ശനിയാഴ്ച മുതല്‍ കനത്ത മഴ പെയ്യുന്നുമുണ്ട്. ഷിംലയില്‍ ഞായറാഴ്ച പരമാവധി ചൂട് 32 ഡിഗ്രി സെല്‍ഷ്യസും നൈനിത്താളില്‍ 33 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

രണ്ടു പതിറ്റാണ്ടായി ഉത്തരാഖണ്ഡിലെ മസൂരി പോലുള്ള മലയോര പ്രദേശങ്ങളില്‍ ചൂട് അനുഭവപ്പെടുന്ന ദിനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് അന്തരീക്ഷ വിജ്ഞാനീയ കേന്ദ്ര (ഐ എം ഡി)ത്തിന്റെ പഠനം തെളിയിക്കുന്നത്. ജൂണ്‍ ഒന്നിന് 38 ഡിഗ്രി സെല്‍ഷ്യസാണ് മസൂരിയില്‍ രേഖപ്പെടുത്തിയത്. അടുത്ത രണ്ടു ദിവസത്തിനകം സ്ഥിതിഗതികള്‍ മാറുമെന്നും ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായും ഐ എം ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

പാക്കിസ്ഥാന്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മരുഭൂമികളില്‍ നിന്നുള്ള വരണ്ട പശ്ചിമ വാതമാണ് നിലവിലെ ഉഷ്ണ തരംഗത്തിന് കാരണമെന്നും ബംഗാള്‍ തീരത്തു നിന്നും വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുമുള്ള കാറ്റ് എത്തുന്നതോടെ ചൂട് ശമിക്കുമെന്നും മോഹപത്ര വ്യക്തമാക്കി. അന്തരീക്ഷ താപം ഉയര്‍ന്നത് നീണ്ടുനില്‍ക്കുന്ന ഉഷ്ണ തരംഗത്തിന് ഇടയാക്കിയതായും കൂടിയതും കുറഞ്ഞതുമായ താപനിലകളില്‍ വര്‍ധനയുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അന്തരീക്ഷ താപത്തിലെ വര്‍ധന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലും കടുത്ത കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക പ്രതിസന്ധിക്കും വഴിവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, തെക്കു പടിഞ്ഞാറ് മേഖലകളില്‍ ഉയര്‍ന്ന താപം അനുഭവപ്പെടുന്ന പ്രവണത 1970കള്‍ മുതല്‍ ആരംഭിച്ചതാണെന്നും 2000 മുതല്‍ അത് ത്വരിതഗതി പ്രാപിച്ചതായും 2018 മെയില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യത്തെ 395 കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ട കണക്കു പ്രകാരം ഇന്ത്യയില്‍ കടുത്ത ഉഷ്ണ തരംഗം 2010ലും 2018ലും 6,167 മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. 2015ല്‍ മാത്രം 2,081 മരണങ്ങള്‍ രേഖപ്പെടുത്തി.