സുഹൃത്തിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് മുന്‍ ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരുലക്ഷം തട്ടി

Posted on: June 3, 2019 9:42 am | Last updated: June 3, 2019 at 1:59 pm

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ലോധയുടെ സഹ പ്രവര്‍ത്തകന്‍ കൂടിയായ ജസ്റ്റിസ് ബി പി സിംഗിന്റെ ഇമെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.

മെയ് 19ന് രാത്രിയാണ് സംഭവത്തിന്റെ തുടക്കം. ബന്ധുവിന്റെ ചികിത്സക്കായി കുറച്ച് പണം ആവശ്യമായി വന്നുവെന്നും തന്റെ പക്കല്‍ പണം കുറവായതിനാല്‍ ഒരുലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ബി പി സിംഗിന്റെ ഇമെയില്‍ ഐ ഡിയില്‍ നിന്ന് ഒരു സന്ദേശം ലോധക്ക് ലഭിക്കുകയായിരുന്നു. പണമയക്കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. മുമ്പ് പല പ്രാവശ്യം സിംഗുമായി ആശയവിനിമയം നടത്തിയിട്ടുള്ളതിനാല്‍ സംശയമൊന്നും തോന്നാതിരുന്ന ലോധ ഉടന്‍ തന്നെ രണ്ടു തവണയായി ഒരുലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

മെയ് 30ന് തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായും ഇപ്പോഴാണ് ശരിയായതെന്നും വ്യക്തമാക്കി സിംഗിന്റെ സന്ദേശം വന്നപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി ലോധ മനസ്സിലാക്കിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരിട്ട് സംസാരിച്ച് തട്ടിപ്പ് നടന്നതായി ഉറപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.