Connect with us

Health

നിപ വെെറസിനെ അറിയുക

Published

|

Last Updated

1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യന്‍ നരിച്ചീറുകള്‍ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാര്‍ഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.

എന്നാല്‍ അധികം വൈകാതെ മലേഷ്യയിലെ വന്‍ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികള്‍ കൂട്ടമായി മരണത്തിന് കീഴടങ്ങി. എന്നാല്‍ സത്യത്തില്‍ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറില്‍ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ നൂറിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വര്‍ധിച്ചു.

പ്രാരംഭഘട്ടത്തില്‍ ജപ്പാന്‍ജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാന്‍ മലേഷ്യക്കായില്ല. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ വൈറസ് ബാധ പടര്‍ന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവന്‍. ആര്‍എന്‍എ വൈറസ് ആണ്.

ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യന്‍ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാര്‍ഗം. നന്ദി മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികള്‍ക്ക് മലേഷ്യന്‍ നരിച്ചീറുകളില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യന്‍ നരിച്ചീറുകളില്‍ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്‍. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളില്‍ പോയിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

കടപ്പാട്: Infoclinic

---- facebook comment plugin here -----

Latest