രഹസ്യമായെടുത്ത നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് പീഡനവും ബ്ലാക്‌മെയിലിംഗും; പരാതിയുമായി വീട്ടമ്മ

Posted on: June 2, 2019 8:02 pm | Last updated: June 2, 2019 at 8:15 pm

എരുമപ്പെട്ടി: ബന്ധുവായ പെണ്‍കുട്ടി രഹസ്യമായെടുത്ത നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി വീട്ടമ്മ. എരുമെപ്പെട്ടിക്ക് സമീപം പഴവൂര്‍ സ്വദേശിയായ വീട്ടമ്മയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് സാമ്പത്തികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്ത വാര്‍ത്ത മാധ്യമ പ്രര്‍ത്തകര്‍ക്ക് മുന്നില്‍ പങ്ക് വെച്ചത്.

ബന്ധുവായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ കടങ്ങോട്, വടക്കാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളാണ് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതെന്ന് വീട്ടമ്മ പറയുന്നു. അടുത്ത ബന്ധുവായ പെണ്‍കുട്ടി വീട്ടിലെത്തി തന്റെ അനുവാദമില്ലാതെ രഹസ്യമായെടുത്ത ചിത്രങ്ങളാണ് ഭീഷണിപ്പെടുത്താനായി യുവാക്കള്‍ ഉപയോഗിച്ചത്.

കടങ്ങോട് സ്വദേശിയായ യുവാവ് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തപ്പോള്‍ വടക്കാഞ്ചേരി സ്വദേശി രണ്ട് ലക്ഷം രൂപയും ഒരു പവന്റെ ആഭരണവും തട്ടിയതിന് പുറമെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തതായും വീട്ടമ്മ പറഞ്ഞു.

പെണ്‍കുട്ടി അയച്ച് കൊടുത്ത വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ക്ക് പുറമെ വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈല്‍ ക്യാമറ ഉപയോഗിച്ച് നിരവധി തവണ തന്റെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതായും വീട്ടമ്മ പറഞ്ഞു.

ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മ രണ്ട് വര്‍ഷം മുമ്പാണ് ബന്ധുവായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളുമായി പരിചയപ്പെടുന്നത്. കൈവശമുള്ള നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് കടങ്ങോട് സ്വദേശിയായ യുവാവാണ് ആദ്യം പണം തട്ടിയത്. യുവാവുമായുള്ള ബന്ധം വീട്ടമ്മയുടെ ബന്ധുക്കളില്‍ ചിലര്‍ അറിഞ്ഞതോടെ 50000 രൂപ തിരിച്ചുനല്‍കി യുവാവ് പിന്‍മാറി.

തുടര്‍ന്നാണ് വടക്കാഞ്ചേരി സ്വദേശിയായ യുവാവിന്റെ രംഗപ്രവേശം. ഇയാള്‍ ആദ്യം ആവശ്യപ്പെട്ട തുക അഞ്ഞൂറ് രൂപയായിരുന്നു. പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെടുകയും ശാരീരികമായി പീഢിപ്പിക്കുകയും വീട്ടമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് കൂടുതല്‍ തുക പിന്‍വലിക്കുകയുമായിരുന്നു. സംശയം തോന്നിയ വീട്ടമ്മയുടെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങി വിട്ടയച്ചു.

പിന്നീട് യുവാവിന്റെ നാട്ടിലെത്തിയ വീട്ടമ്മ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി എരുമപ്പെട്ടി പോലീസില്‍ നല്‍കാന്‍ ഉപദേശിച്ച് മടക്കിയെന്നും തന്റെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും എരുമപ്പെട്ടി പോലീസിന്റെ കൈവശമുണ്ടെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.