Connect with us

Articles

യൂറോപ്യൻ യൂനിയൻ അതിജീവിക്കുമോ?

Published

|

Last Updated

ജനാധിപത്യത്തിന്റെ വേഷപ്പകർച്ചകൾ പഠിക്കാൻ ഏറ്റവും നല്ലത് തിരഞ്ഞെടുപ്പുകൾ വിശകലനം ചെയ്യുക തന്നെയാകും. ജീവിതത്തിലുടനീളം സൂക്ഷിക്കേണ്ട മൂല്യമായി ജനാധിപത്യത്തെ മനസ്സിലാക്കുകയാണെങ്കിൽ മാത്രമേ ഈ വിശകലന രീതി ഫലിക്കാതെ വരുന്നുള്ളൂ. ഒരു ഭരണക്രമമെന്ന നിലയിൽ ജനാധിപത്യത്തെ കാണുമ്പോൾ ലോകത്തെ വിവിധ രാജ്യങ്ങളിലായി ഒരു ദശകക്കാലമായി നടന്ന തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന ഒട്ടും ആശാവഹമല്ല. മുതലാളിത്തം, ജൻമിത്തം, ഏകാധിപത്യം തുടങ്ങി നേരെ വിപരീതത്തിൽ നിൽക്കുന്നവയെല്ലാം ജനാധിപത്യ സംവിധാനത്തിലേക്ക് കയറി വരുന്ന കാഴ്ചയാണ് കാണുന്നത്. അങ്ങേയറ്റം ഉത്കൃഷ്ടമെന്ന് വിശേഷിപ്പിക്കുന്ന ഈ ഭരണസംവിധാനം ഫാസിസത്തിന് പോലും കടന്ന് കയറാവുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. പ്രാതിനിധ്യ ജനാധിപത്യമാണല്ലോ ഇന്ന് നിലനിൽക്കുന്നത്. ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കുന്നു. അവർ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നു. പ്രതിനിധികളെ കണ്ടെത്തുന്ന ഈ പ്രക്രിയയിൽ മുൻഗണന ലഭിക്കേണ്ടത് മനുഷ്യരുടെ ജീവൽ പ്രശ്‌നങ്ങൾക്കാണ്. അപ്പോഴേ നിയമനിർമാണ, എക്‌സിക്യൂട്ടീവ് അധികാരം ശരിയായി വിനിയോഗിക്കപ്പെടുകയുള്ളൂ. എന്നാൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതല്ല. മാനുഷിക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് വിഷയങ്ങളും രണ്ടായി പിളർന്നിരിക്കുന്നു. തിരഞ്ഞെടുപ്പിന് മാത്രമായി വിഷയങ്ങൾ പൊട്ടിവീഴുന്നു. ഏറ്റവും ഒടുവിൽ നടന്ന രണ്ട് ബൃഹത്തായ തിരഞ്ഞെടുപ്പുകൾ- ഇന്ത്യൻ പാർലിമെന്റിലേക്കും യൂറോപ്യൻ പാർലിമെന്റിലേക്കും- കാണിക്കുന്നത് തീവ്ര ദേശീയതയും വംശീയതയും വർഗീയതയും ജയിച്ചു വരുന്നുവെന്നാണ്. രാഷ്ട്രങ്ങളും കൂട്ടായ്മകളും രൂപപ്പെട്ടതിന്റെ മഹത്തായ ചരിത്രം പേറുന്ന പരമ്പരാഗത പാർട്ടികൾ പിന്തള്ളപ്പെടുകയും വൈകാരികത കത്തിക്കുന്നവ കുതിക്കുകയും ചെയ്യുന്നു.
28 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂനിയന്റെ 751 അംഗ പാർലിമെന്റിലേക്കാണ് യൂറോപ്പ് വോട്ട് ചെയ്തത്. അതത് രാജ്യങ്ങളുടെ പാർലിമെന്റ് ഉള്ളപ്പോൾ തന്നെ പൊതു വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സജ്ജമാക്കിയ സംവിധാനമാണ് ഇ യു പാർലിമെന്റ്. തിരഞ്ഞെടുക്കപ്പെടുന്നവർ മെംബർ ഓഫ് യൂറോപ്യൻ പാർലിമെന്റ്(എം ഇ പി) എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂനിയന്റെ ഉദ്യോഗസ്ഥ വിഭാഗമായ യൂറോപ്യൻ കമ്മീഷൻ ശിപാർശ ചെയ്യുന്ന നിയമങ്ങളും നിർദേശങ്ങളും പരിശോധിച്ച് പാസ്സാക്കുകയാണ് പാർലിമെന്റിന്റെ പ്രധാന ചുമതല. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും ഇ യു ബജറ്റ് പാസ്സാക്കുന്നതും യൂറോപ്യൻ പാർലിമെന്റാണ്.

മധ്യ വലതുപക്ഷവും മധ്യ ഇടതുപക്ഷവും ചേർന്ന കൂട്ടുകെട്ടിന് യൂറോപ്യൻ യൂനിയൻ പാർലിമെന്റിൽ ഭൂരിപക്ഷം നഷ്ടമായി എന്നതാണ് ഫലം വിശകലനം ചെയ്യുമ്പോൾ ആദ്യം കണ്ണിൽ പെടുക. ലിബറലുകളും നാഷനലിസ്റ്റുകളും ഗ്രീൻ പാർട്ടിയും നേട്ടംകൊയ്തു. 751 അംഗ പാർലിമെന്റിൽ മധ്യവലതുപക്ഷ യൂറോപ്യൻ പീപ്പിൾസ് പാർട്ടി 180 സീറ്റുകളിലാണ് വിജയിച്ചത്. 2014ൽ ഇവർ 214 സീറ്റ് നേടിയിരുന്നു. സോഷ്യലിസ്റ്റ്–ഡെമോക്രാറ്റിക് പാർടികളുടെ സീറ്റ് 191ൽനിന്ന് 150 ആയി കുറഞ്ഞു. ലിബറൽ സഖ്യമായ ആൾഡെ 109 സീറ്റിൽ വിജയിച്ചു. ഇടതുപക്ഷ പാർട്ടികൾ 39 സീറ്റ് നേടി. കൺസർവേറ്റീവുകൾ 59ഉം വലതുപക്ഷ ദേശീയവാദികൾ 58ഉം സീറ്റ് നേടി. മധ്യ വലതുപക്ഷവും സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും ചേർന്ന് ഏറെക്കാലമായി നിലനിർത്തിവന്ന ഭൂരിപക്ഷമാണ് നഷ്ടമായത്. 40 വർഷത്തിനിടെ ആദ്യമായാണ് ഈ സഖ്യത്തിന് മേൽക്കൈ നഷ്ടമാകുന്നത്. എന്നാൽ, ലിബറലുകളുടെയും ഗ്രീൻ പാർട്ടിയുടെയും പിന്തുണയോടെ ഈ കൂട്ടുകെട്ടിന് ഭൂരിപക്ഷത്തിലെത്താനാകുമെന്നാണ് വിലയിരുത്തൽ.

ഉയർന്ന പോളിംഗ്

ഇ യു എന്ന ആശയത്തോട് തന്നെ യൂറോപ്യർക്കിടയിൽ മമത കുറഞ്ഞു വരികയാണ്, പ്രത്യേകിച്ച് പുതിയ തലമുറയിൽ. അവർ പഴയ തലമുറയിൽ പെട്ടവരേക്കാൾ ദേശീയവാദികളാണ് എന്നത് വല്ലാത്ത വിരോധാഭാസമാണ്. പൊതു അതിർത്തി, പൊതു കറൻസി, സാമ്പത്തിക താത്പര്യങ്ങളിലെ ഏകത്വം. ഇവയൊന്നും യുവാക്കൾക്ക് താത്പര്യമില്ല. അവർക്ക് തങ്ങളുടെ അതിർത്തി ബലപ്പെടുത്തണം. യൂനിയനിലെ ദുർബല രാജ്യങ്ങളുടെ കടവും പ്രശ്‌നങ്ങളും തങ്ങളെന്തിന് പേറണമെന്നാണ് പ്രബല രാജ്യങ്ങളിലെ യുവാക്കൾ ചോദിക്കുന്നത്. ബ്രിട്ടനിലെ ജനങ്ങൾ വിട്ടു പോകലിനായി വോട്ട് ചെയ്തു കഴിഞ്ഞു. അതാണല്ലോ ബ്രെക്‌സിറ്റ്. സാങ്കേതികതയുടെ പുറത്ത് മാത്രമാണ് ബ്രിട്ടൻ ഇപ്പോൾ യൂനിയനിൽ നിൽക്കുന്നത്. മറ്റ് രാജ്യങ്ങളിലും ഈ പ്രവണത ശക്തമാണ്. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന ഇ യു പാർലിമെന്റ് തിരഞ്ഞെടുപ്പ് ഒരു ചടങ്ങ് മാത്രമായി അധഃപതിക്കുന്നതാണ് രണ്ടുമൂന്ന് ഊഴങ്ങളിലായി കണ്ടത്. എന്നാൽ ഇത്തവണ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന ശതമാനമാണത്. ഇറ്റലിയിലെ മാറ്റിയോ സാൽവിനി, ഫ്രാൻസിലെ മാരിനേ ലീ പെൻ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കൾ അഴിച്ചു വിട്ട പ്രചണ്ഡ പ്രചാരണമായിരുന്നു ഈ ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണം. ഇവർ മുന്നോട്ട് വെച്ച ആശയം യൂറോപ്യൻ യൂനിയന് തന്നെ എതിരായതിനാൽ അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത പരമ്പരാഗത മധ്യ, ഇടതുപക്ഷ പാർട്ടികളും ലിബറലുകളും ശക്തമായി ജനമധ്യത്തിലെത്തിച്ചു. അങ്ങനെ, പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് എന്നതിൽ നിന്ന് രണ്ട് നിലപാടുകൾ തമ്മിലുള്ള പോരാട്ടമായി വോട്ടെടുപ്പ് പരിണമിച്ചു. യൂറോപ്യൻ യൂനിയൻ ഇന്നത്തെ നിലയിൽ നിലനിൽക്കണോ വേണ്ടയോ എന്ന റെഫറണ്ടമായി മാറുകയായിരുന്നു പാർലിമെന്റ് തിരഞ്ഞെടുപ്പ്. യൂനിയനായി നിലകൊള്ളുന്ന കക്ഷികൾ തന്നെയാണ് കൂടുതൽ സീറ്റുകൾ നേടിയത് എന്നതിനാൽ തത്കാലം ഇ യു വലിയ പരുക്കില്ലാതെ നിലനിൽക്കും.

ഭീഷണി ഒഴിയുന്നില്ല

തീവ്രവലതുപക്ഷ, പോപ്പുലിസ്റ്റ് കക്ഷികൾ പടിപടിയായി അവരുടെ സ്വാധീന ശക്തി വർധിപ്പിക്കുന്നുവെന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുത. തുടക്കത്തിൽ സൂചിപ്പിച്ചപോലെ ജനാധിപത്യവിരുദ്ധമായ ആശയഗതികൾ ജനാധിപത്യ സംവിധാനത്തിലൂടെ ജനങ്ങളിൽ ആഴ്ന്നിറങ്ങുന്ന പ്രവണത യൂറോപ്പിൽ ശക്തിപ്പെടുന്നുവെന്നാണ് വിലയിരുത്തേണ്ടത്. വൈറ്റ് സൂപ്രമാസിസ്റ്റ് ഗ്രൂപ്പുകൾ, നാസി ഗ്രൂപ്പുകൾ തുടങ്ങിയവയുടെ വ്യാപനം ഇതാണ് കാണിക്കുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം തീവ്രവലതുപക്ഷ തരംഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്.
ഇ യുവിൽ പോപ്പുലിസ്റ്റ് കക്ഷികൾ അവരുടെ സീറ്റ് ശതമാനം 20ൽ നിന്ന് 25 ശതമാനമായി വർധിപ്പിച്ചുവെന്നാണ് അന്തിമ ഫലം വ്യക്തമാക്കുന്നത്. എന്നാൽ ആശങ്കപ്പെട്ടത് പോലെ അട്ടിമറി വിജയം നേടിയില്ല. ഇറ്റലിയിൽ സാൽവിനിയുടെ ലീഗ് പാർട്ടി 34 ശതമാനം വോട്ട് ഒറ്റക്ക് നേടി. ഫ്രാൻസിൽ ലീ പെന്നിന്റെ പാർട്ടി 23 ശതമാനവും. രണ്ട് വർഷം മുമ്പ് അവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഇമ്മാനുവൽ മാക്രോണിനോട് തോറ്റപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ നേടുകയും പ്രസിഡന്റിന്റെ പാർട്ടിയെ മറികടക്കുകയും ചെയ്തു. ഫ്രാൻസ് എന്ന ലക്ഷണമൊത്ത ലിബറൽ യൂറോപ്യൻ രാഷ്ട്രം അതിവേഗം ആ മൂല്യങ്ങളിൽ നിന്ന് അകലുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പകരം വരുന്നത് മാരിനയും സാൽവിനിയുമൊക്കെ മുന്നോട്ടുവെക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ്. കുടിയേറ്റ വിരുദ്ധരാണിവർ. മുസ്‌ലിം വിരുദ്ധരും. എല്ലാതരം ന്യൂനപക്ഷങ്ങളും ഇവരുടെ ശത്രുക്കളാണ്.

ഈ തിരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് ജനത എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഏറ്റവും കൗതുകകരം. ഇ യു വിടാൻ തയ്യാറായി നിൽക്കുന്ന ബ്രിട്ടൻ ബ്രെക്‌സിറ്റ് കരാറിൽ അന്തിമ തീരുമാനമാകാത്തതു കൊണ്ട് മാത്രമാണ് വോട്ടിംഗിൽ പങ്കെടുക്കേണ്ടി വന്നത്. നോ ഡീൽ ബ്രെക്സ്റ്റിനായുള്ള പ്രധാനമന്ത്രി തെരേസ മെയുടെ ശ്രമം പരാജയമടഞ്ഞതോടെ അവർ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ ഘട്ടത്തിൽ ഇ യു തിരഞ്ഞെടുപ്പിൽ ബ്രിട്ടനിലെ വോട്ടിംഗ് പാറ്റേൺ പ്രത്യേക വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ബ്രിട്ടീഷ് ജനത ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രം പിറന്നു വീണ ബ്രെക്‌സിറ്റ് അനുകൂല പാർട്ടി 31 ശതമാനം വോട്ടുകൾ നേടിയപ്പോൾ യൂനിയൻ വിടുന്നതിനെ എതിർക്കുന്ന ചെറു ഗ്രൂപ്പുകളെല്ലാം ചേർന്ന് 47 ശതമാനം വോട്ട് നേടി. ഇന്ത്യയിൽ കോൺഗ്രസിനെപ്പോലെ വമ്പൻ ചരിത്രമുള്ള കൺസർവേറ്റീവുകളും ലേബറുകളും യഥാക്രമം 9.1, 14.1 ശതമാനത്തിൽ ഒതുങ്ങി.

എന്തുകൊണ്ട് യൂറോപ്യൻ യൂനിയൻ?

യൂനിയന്റെ ചരടുകൾ പൊട്ടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന് വാദിക്കുന്നവരെ ജനാധിപത്യവാദികൾ എതിർക്കുന്നതിന്റെ കാരണമെന്താണ്? യഥാർഥ ദേശ രാഷ്ട്രീയമല്ലേ അവർ മുന്നോട്ട് വെക്കുന്നത്? ആത്മവിശ്വാസത്താൽ പ്രചോദിതമല്ലേ അവരുടെ ആശയഗതി? ഈ ചോദ്യങ്ങളാണ് ഇപ്പോൾ യൂറോപ്പിൽ മുഴങ്ങുന്നത്. അതിർത്തിയുടെ കാർക്കശ്യങ്ങളെ മറികടന്നുള്ള സാമ്പത്തിക പ്രവർത്തനത്തിന്റെ വിശാലത സമ്മാനിക്കുന്നുണ്ട് യൂനിയൻ. അതിശക്തരും ശക്തരും ദുർബലരും ചേർന്ന് നിൽക്കുമ്പോൾ എല്ലാവരും ശരാശരി കരുത്ത് സമ്പാദിക്കുന്നു. യാത്രകൾ സ്വതന്ത്രമാകുന്നു. ഒരേ സമയം ദേശീയ വ്യക്തിത്വവും യൂനിയൻ വ്യക്തിത്വവും പുലർത്തുന്ന രാജ്യങ്ങൾ പരസ്പരാശ്രിതത്വത്തിന്റെ പാഠങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തൊഴിലന്വേഷകരുടെയും കുടിയേറ്റക്കാരുടെയും ആശാ കേന്ദ്രമായി യൂറോപ്യൻ യൂനിയൻ നിലകൊള്ളുന്നുവെന്നതാണ് പുറത്തു നിന്നുള്ളവർ യൂനിയനു വേണ്ടി വാദിക്കുന്നതിന് കാരണം. ശക്തമായ കൊളോണിയൽ രാജ്യങ്ങളായിരുന്നു ഇ യു പല അംഗരാജ്യങ്ങളുമെന്ന് കാണണം. കോളനിയാക്കി വെച്ച പ്രദേശങ്ങളിൽ നിന്നെല്ലാം ആർജിച്ച സമ്പത്തിന്റെ ആത്മവിശ്വാസത്തിലാണ് ഈ രാജ്യങ്ങൾ വലിയ സാമ്പത്തിക ശക്തിയായത്. അതുകൊണ്ട് തന്നെ ആ രാജ്യത്തിന്റെ അതിരുകൾക്കകത്തേക്ക് മനുഷ്യർ വന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ മനോഹരമായ പങ്കു ചോദിക്കലാണ്. അതുകൊണ്ട് യൂനിയന് എതിരെ പ്രചണ്ഡ വാദമഴിച്ചു വിടുന്നവർ കുടിയേറ്റവിരുദ്ധരും ഇസ്‌ലാമോഫോബിക്കും സ്വാർഥരുമാകുന്നു.
യൂറോപ്യൻ യൂനിയൻ പോലുള്ള കൂട്ടായ്മകൾ പരിഷ്‌കരണങ്ങൾക്ക് വിധേയമാകണമെന്ന് ആവശ്യപ്പെടാവുന്നതാണ്. ഇ യു നിയമങ്ങൾ അംഗരാജ്യങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നില്ലെന്ന വിമർശവുമാകാം. എന്നാൽ യൂനിയൻ പിരിച്ചു വിടണമെന്ന് ആക്രോശിക്കുന്നത് ഇടുങ്ങിയ ദേശീയതയുടെ പ്രഖ്യാപനമാണ്. അത് പിന്നോട്ടു നടക്കലാണ്. വൈകാരികതകൾക്ക് മേലാണ് ആ ആശയഗതി പടുത്തുയർത്തിയിരിക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest