ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടു; നാലു സൈനികര്‍ക്ക് പരുക്ക്

Posted on: June 2, 2019 10:16 am | Last updated: June 2, 2019 at 3:29 pm

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ദുംകയിലെ കത്താലിയ ഗ്രാമത്തില്‍ സി ആര്‍ പി എഫ് ജവാനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. നാലു ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സശസ്ത്ര സീമാ ബലിന്റെയും (എസ് എസ് ബി) സംസ്ഥാന പോലീസിന്റെയും സംയുക്ത സേനക്കു നേരെയാണ് ആക്രമണം നടന്നതെന്ന് ഒരു സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

അസമില്‍ നിന്നുള്ള നിരജ് ഛേത്രി എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് എസ് എസ് ബി കമാന്‍ഡന്റ് സഞ്ജയ് ഗുപ്ത അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ കോണ്‍സ്റ്റബിള്‍ രാജേഷ് റായിയെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്നു സൈനികര്‍ ദുംകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 28ന്് സെറെയ്കല-കര്‍സവന്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ 26 സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.