കേരള കോണ്‍ഗ്രസിലെ കലാപം രൂക്ഷമാകുന്നു; മാണി വിഭാഗം നേതാവിനെ ചുമതലയില്‍നിന്ന് നീക്കി

Posted on: June 1, 2019 10:07 pm | Last updated: June 2, 2019 at 11:30 am

ഇടുക്കി: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. പാര്‍ട്ടിയിലെ മാണി വിഭാഗം നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി തുടങ്ങി. പിജെ ജോസഫിന്റെ കോലം കത്തിക്കാന്‍ നേതൃത്വം നല്‍കിയ ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്തിനെ ചുമതലയില്‍നിന്നു നീക്കി. ഇടുക്കി ജില്ലാ പ്രസിഡന്റ് എംജെ ജേക്കബ്ബിന്റേതാണ് നടപടി.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ ചുമതലകള്‍ തനിക്കു കൈമാറിയെന്നു കാണിച്ച് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പാര്‍ട്ടിയില്‍ കലാപം തുടരുന്നത്. എന്നാല്‍ കത്തു നിയമവിരുദ്ധമാണെന്ന വാദവുമായി ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടനും രംഗത്തെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എം) ചെറുതോണിയില്‍ റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുടെ കോലം ഒരു വിഭാഗം കത്തിച്ചു.