മോദിക്ക് പ്രശംസ: അബ്ദുള്ളക്കുട്ടിക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു

Posted on: June 1, 2019 7:26 pm | Last updated: June 2, 2019 at 10:09 am

തിരുവനന്തപുരം: നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്്ദുള്ളക്കുട്ടിക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു. മോദി സ്തുതിയിലും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നോട്ടീസയച്ചിരിക്കുന്നത്.

അതേ സമയം തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടനെയാണ് മോദിയെ പുകഴ്ത്തിക്കൊണ്ട് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായെങ്കിലും പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന അബ്ദുള്ളക്കുട്ടി തന്റെ പോസ്റ്റിനെ ന്യായീകരിക്കുകയും ചെയ്തു. അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്‍, കെ മുരളീധരന്‍ , ഡീന്‍ കുര്യാക്കോസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.