ചാവേര്‍ സ്‌ഫോടനം നടത്തിയവര്‍ ഇന്ത്യ സന്ദര്‍ശിച്ചതായി അറിയില്ല: ശ്രീലങ്കന്‍ പ്രസിഡന്റ്

Posted on: June 1, 2019 10:08 am | Last updated: June 1, 2019 at 12:31 pm

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ചോരയില്‍ മുക്കിയ ചാവേര്‍ സ്‌ഫോടന കേസിലെ പ്രതികള്‍ നേരത്തെ ഇന്ത്യ സന്ദര്‍ശിച്ചതായി ഒരു അന്വേഷണ ഏജന്‍സിയും തനിക്ക് റിപ്പോര്‍ട്ട് തന്നിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കന്‍ ആര്‍മി ചീഫ് ലെഫ്.ജനറല്‍ മഹേഷ് സേനാനായകെ ബി ബി സിയുമായി നടത്തിയ അഭിമുഖത്തില്‍ പ്രതികളുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സിരിസേന.

പ്രതികളുടെ ഇന്ത്യന്‍ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് ഒന്നും തന്റെ പക്കലില്ല. ഉദ്യോഗസ്ഥര്‍ ആരും തന്നോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല. അവര്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയതായും അറിയില്ല.

ഏപ്രില്‍ 21ന് ബോബ് ആക്രമണം നടന്നതിന് രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സിരിസേന സിങ്കപ്പൂരിലായതില്‍ അദ്ദേഹത്തെ ശ്രീലങ്കന്‍ സേന മേധാവികള്‍ വിവരം അറിയിച്ചില്ല തുടങ്ങിയ വാദത്തെയും അദ്ദേഹം എതിര്‍ത്തു.
ഞാന്‍ ഏപ്രില്‍ 4 മുതല്‍ 16വരെ ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ കുറിച്ച് ഒരു സേനാ മേധാവിയും എന്നെ അറിയിച്ചില്ല. ആ സാധ്യതയെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ രാജ്യത്ത് നിന്ന് പോവില്ലായിരുന്നു. ഈ കാരണത്താലാണ് ഡിഫന്‍സ് സെക്രട്ടറിയെയും ഐ ജി പിയെയും മാറ്റിയതെന്നും സിരിസേന പറഞ്ഞു.

ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍
ശ്രീലങ്കയെ ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ പിന്തുണച്ചു. അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്രീലങ്കയിലെ തീവ്രവാദികള്‍ വിവിധ രാജ്യങ്ങളില്‍ അന്താരാഷ്ട്ര തീവ്രവാദികള്‍ നടത്തുന്ന പരിശീലനം നേടിയിട്ടുണ്ട്. തീവ്രവാദികളെല്ലാം ധനിക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പുറത്ത് നിന്നുള്ള സാമ്പത്തിക സഹായം ഇവര്‍ക്ക് ലഭ്യമായതായി തെളിവില്ലെന്നും സിരിസേന പറഞ്ഞു.