കര്‍ഷകനെ അക്രമിച്ച കരടിയെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തുരത്തി

Posted on: June 1, 2019 9:36 am | Last updated: June 1, 2019 at 11:23 am

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ കൃഷിയിടത്തില്‍വെച്ച് മധ്യവയസ്‌കനായ കര്‍ഷകന് കരടിയുടെ അക്രമം. യജമാനനെ അക്രമിക്കുന്നത് പ്രതിരോധിച്ച മൂന്ന് വളര്‍ത്ത്‌നായക്കള്‍ ചേര്‍ന്ന് കരടിയെ കാട്ടിലേക്ക് കടിച്ചോടിച്ചു. അരുവായ്‌മൊഴി സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കഴിഞ്ഞ ദിവസം കരടി ആക്രമിച്ചത്. പൊയ്‌ഗൈ ഡാമിനടുത്തുള്ള കൃഷിയിടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം.

മാവും കശുമാവും കൃഷിചെയ്യുന്ന സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ സമീപത്തെ കാട്ടില്‍ നിന്നെത്തിയ കരടി പെട്ടന്ന് ദേവസഹായത്തിന് നേരെ ചാടിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു. നായ്ക്കളുടെ പ്രതിരോധത്തില്‍ ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി രക്ഷപ്പെട്ടു.

കരടിയുടെ അക്രമണത്തില്‍ പരുക്കേറ്റ ദേവസാഹയം ബന്ധുക്കളെ ഫോണില്‍ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ദേവസഹായത്തിന്റെ പരുക്ക് ഗുരുതരമല്ല. വനപാലകരുടെ നേതൃത്വത്തില്‍ പരിസരത്ത് നിരീക്ഷണം ആരംഭിച്ചു.