Connect with us

Editorial

രാഹുലിന്റെ രാജിയല്ല പരിഹാരം

Published

|

Last Updated

തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തോടൊപ്പം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജി തീരുമാനം അറിയിച്ച രാഹുല്‍ തന്റെ പിന്‍ഗാമിയായി ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. പാര്‍ട്ടിയുടെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ പരാജയമായിരുന്നു ഇത്തവണത്തേത്. 2014ലെ 44 സീറ്റ് 52 ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അന്നത്തെയും ഇന്നത്തെയും പരാജയത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്. കഴിഞ്ഞ തവണ നേതൃശൂന്യത പ്രകടമായിരുന്നു പാര്‍ട്ടിയില്‍.

ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവില്ലാത്ത സ്ഥിതിവിശേഷം. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളൊന്നും പുലര്‍ത്തിയിരുന്നില്ല പാര്‍ട്ടി അന്ന്. ഭരണകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ ഭരണ വിരുദ്ധ വികാരവുമുണ്ടായിരുന്നു അന്ന്. അഴിമതിയാരോപണങ്ങളും പാര്‍ട്ടിയെ വേട്ടയാടിയിരുന്നു.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി അവരോധിതനാകുകയും നേതൃസ്ഥാനത്ത് അദ്ദേഹം കഴിവു തെളിയിക്കുകയും ചെയ്തതോടെ നേതൃശൂന്യത നികത്തപ്പെട്ടു. പിന്നീട് പാര്‍ട്ടി നേതൃത്വ നിരയിലുണ്ടായ തലമുറ മാറ്റം ജനസ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന് വിലയിരുത്തപ്പെടുകയുമുണ്ടായി. മോദി ഭരണത്തിനെതിരെ ഉയര്‍ന്നു വന്ന ജന വികാരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 80 സീറ്റുകളെങ്കിലും പാര്‍ട്ടി നേടുമെന്ന പ്രതീക്ഷ ഉയരുകയും ചെയ്തു. പ്രിയങ്കയുടെ കടന്നുവരവ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

എന്നിട്ടും എട്ട് സീറ്റ് മാത്രമേ കൂടുതലായി നേടാനായുള്ളൂവെന്നതും 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു സീറ്റ് പോലും ലഭിക്കാത്തതും പാര്‍ട്ടിക്ക് വിശിഷ്യാ രാഹുലിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. താന്‍ ഉറക്കമില്ലാതെ അധ്വാനിച്ചിട്ടും പാര്‍ട്ടിയുടെ ചരിത്രത്തില്‍ അപമാനമായി അവശേഷിക്കുന്ന പരാജയം ഏല്‍ക്കേണ്ടി വന്നതും അമേഠിയില്‍ തന്റെ സിറ്റിംഗ് സീറ്റ് പോലും നഷ്ടമായതും അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയത് സ്വാഭാവികം.

എന്നാല്‍ രാഹുലിന്റെ രാജി തീരുമാനം കോണ്‍ഗ്രസ് നേതൃത്വവും യു പി എ സഖ്യവും ഞെട്ടലോടെയാണ് കേട്ടത്. ഇടിവെട്ടേറ്റവനു പാമ്പുകടിയുമെന്ന അവസ്ഥ. തലപ്പത്ത് നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ് ഇപ്പോള്‍ പാര്‍ട്ടി സംവിധാനം. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 35 വര്‍ഷവും നെഹ്‌റു കുടുംബാംഗങ്ങളാണ് പാര്‍ട്ടിയെ നയിച്ചത്. പിന്നോട്ട് പോയാല്‍ നൂറ് വര്‍ഷം മുമ്പ് അഥവാ 1919ല്‍ അമൃതസറിലെ പാര്‍ട്ടി സമ്മേളനത്തില്‍ മോത്തിലാല്‍ നെഹ്‌റു ദേശീയ അധ്യക്ഷ പദവിയിലെത്തിയത് തൊട്ട് തുടങ്ങുന്നു കോണ്‍ഗ്രസും പ്രസ്തുത കുടുംബവുമായുള്ള മുറിയാത്ത ബന്ധം. നെഹ്‌റു കുടുംബം ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ലെന്ന് ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം അനില്‍ ശാസ്ത്രി പറയേണ്ടി വന്നതിന്റെ സാഹചര്യമിതാണ്.

രാഹുല്‍ രാജിക്കാര്യത്തില്‍ പുനഃപരിശോധനക്ക് സന്നദ്ധനാകാതിരിക്കുകയും നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാളെ പകരക്കാരനാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്താല്‍ പുതിയ നേതാവിനെ കണ്ടെത്തുന്നത് പാര്‍ട്ടിക്ക് അത്ര എളുപ്പമായിരിക്കില്ല. നെഹ്‌റു കുടുംബത്തിന്റെ പുറത്തു നിന്നുള്ള ഒരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ അത് നേതൃത്വത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനകം തന്നെ ഗ്രൂപ്പ് പോര് മുറുകിക്കഴിഞ്ഞു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് സീതാറാം കേസരിയെ പ്രസിഡന്റാക്കിയെങ്കിലും ഏറെ താമസിയാതെ അദ്ദേഹത്തെ മാറ്റി സോണിയാ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് നിയോഗിക്കേണ്ടി വന്നത് ഇവിടെ സ്മരണീയമാണ്.

ഇതുകൊണ്ടെല്ലാമാണ് രാജി തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളും ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡി എം കെ നേതാവ് സ്റ്റാലിനുമുള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും രംഗത്തിറങ്ങിയത്. അധ്യക്ഷ സ്ഥാനം വിട്ടൊഴിയാനുള്ള തീരുമാനം ആത്മഹത്യാപരവും കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന ബി ജെ പിയുടെ നിലപാടിന് സഹായകവുമാണെന്നാണ് ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ മാത്രമല്ല സംഘ്പരിവാറിനെതിരെ പൊരുതുന്ന എല്ലാ രാഷ്ട്രീയ, സാമൂഹിക ശക്തികളിലും ഇത് നിരാശക്കിട വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, രണ്‍ദ്വീപ് സുര്‍ജെവല എന്നിവര്‍ കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടിരുന്നു. രാജി തീരുമാനത്തിനെതിരെ ന്യൂഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്ക് മുമ്പില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ഗത്യയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരാഹാരവും നടക്കുന്നുണ്ട്. നേതാക്കളുടെയും അണികളുടെയും വികാരം മാനിച്ച് സ്ഥാനത്ത് തുടര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെടുകയാണ് രാഹുല്‍ ഇപ്പോള്‍ വേണ്ടത്.

അദ്ദേഹത്തിന്റെ രാജിയല്ല പ്രശ്‌നത്തിനു പരിഹാരം. അദ്ദേഹം നേതൃസ്ഥാനത്ത് നിന്ന് മാറി നിന്നതു കൊണ്ട് നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം മാനദണ്ഡമാക്കപ്പെടുന്ന സ്ഥിതിവിശേഷം പാര്‍ട്ടിയില്‍ അവസാനിക്കുകയില്ല. കോണ്‍ഗ്രസ് പ്രസിഡന്റിനേക്കാള്‍ വലിയ സ്വാധീന ശക്തിയായി രാഹുലും സോണിയയും പ്രിയങ്കയും പാര്‍ട്ടിയില്‍ ഇനിയും തുടരുക തന്നെ ചെയ്യും.