Connect with us

National

കോണ്‍ഗ്രസ് എം എല്‍ എമാര്‍ അസംതൃപ്തര്‍; രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ബി ജെ പി

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കുമെന്ന ഭീഷണിയുമായി ബി ജെ പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ നിരവധി ഭരണകക്ഷി എം എല്‍ എമാര്‍ അസംതൃപ്തരാണെന്നും ഇവര്‍ ഉടന്‍ ബി ജെ പിയിലേക്കെത്തുമെന്നുമാണ് അവകാശവാദം.

25 ഓളം കോണ്‍ഗ്രസ് എം എല്‍ എമാരെയും ബി എസ് പിയുടെ സാമാജികരെയും അതൃപ്തി ബാധിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും രാജസ്ഥാന്‍ ബി ജെ പി ഉപാധ്യക്ഷന്‍ ഗ്യാന്‍ദേവ് അഹുജ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനിടെയാണ് അഹുജയുടെ പ്രസ്താവന.

സര്‍ക്കാറിനെ താഴെയിറക്കാന്‍ തങ്ങള്‍ക്ക് കൂടുതലായെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് തന്നെ അതിന്റെ കുഴിതോണ്ടിക്കൊണ്ടിരിക്കുകയാണെന്നും മറ്റൊരു ബി ജെ പി നേതാവ് ഭവാനി സിംഗും പറഞ്ഞു. രാജി തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കും.

രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അടുത്തിടെ നേടിയ മികച്ച പ്രകടനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളില്‍ ഒന്നുപോലും നേടാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. 29 സീറ്റിലേക്ക് തിരഞ്ഞെടുപ്പു നടന്ന മധ്യപ്രദേശിലാണെങ്കില്‍ കിട്ടിയത് ഒരു സീറ്റും. ഛത്തീസ്ഗഢിലെ 11 എണ്ണത്തില്‍ പാര്‍ട്ടിക്ക് രണ്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പാര്‍ട്ടിക്കു നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള കൃഷി മന്ത്രി ലാല്‍ ചന്ദ് കത്താരിയയുടെ രാജി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായിരുന്നു. എന്നാല്‍, മന്ത്രിയുടെ രാജി കിട്ടിയതായി ഗവര്‍ണറുടെയോ മുഖ്യമന്ത്രിയുടെയോ ഓഫീസ് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, തിങ്കളാഴ് ഗവര്‍ണറെ കാണാന്‍ ബി എസ് പി എം എല്‍ എമാര്‍ അനുമതി തേടിയിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബി എസ് പി ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയരാന്‍ ഇതിടയാക്കിയിരുന്നു.

എന്നാല്‍, ഒരു എം എല്‍ എക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ കൂടിക്കാഴ്ച മാറ്റുകയായിരുന്നുവെന്ന് ആള്‍വാറിലെ തിജാറയില്‍ നിന്നുള്ള എം എല്‍ എ. സന്ദീപ് കുമാര്‍ പറഞ്ഞു. അതേസമയം, ചില പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറെ കാണുന്നതെന്നും സംസ്ഥാന സര്‍ക്കാറിനുള്ള ബി എസ് പി പിന്തുണ തുടരുമെന്നും പാര്‍ട്ടി എം എല്‍ എ. വാജിപ് അലി വ്യക്തമാക്കി.