പ്രത്യയശാസ്ത്ര ബലിയാടുകൾ

അതിഥി വായന- മഹായാനം, പി സുരേന്ദ്രൻ
Posted on: May 27, 2019 5:38 pm | Last updated: May 27, 2019 at 5:38 pm

പ്രത്യയശാസ്ത്രം മനുഷ്യന്റെ ജലാംശം മുഴുവൻ വലിച്ചെടുത്ത് തരിശാക്കി തീർക്കുമ്പോൾ ആ തരിശിനെ പുണരുന്നതെന്തിന്? പി സുരേന്ദ്രന്റെ മഹായാനം വിരൽ ചൂണ്ടുന്നത് ഈ ചോദ്യത്തിന്റെ മർമത്തിലേക്കാണ്. പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി ബലിയാടാകുന്ന വിപ്ലവ യുവത്വങ്ങളുടെ ദയനീയ അന്ത്യം പ്രകൃതിയുടെ ഗന്ധത്തിൽ ചാലിച്ച് നോവലിസ്റ്റ് വരച്ചിടുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ, അനിശ്ചിത യാത്രയുടെ തലങ്ങളിലാണ് മഹായാനം എന്ന നോവലിന്റെ ആഖ്യാനം. ഒരു പ്രസ്ഥാനത്തെ വിജയവഴിയിൽ എത്തിക്കാൻ സ്വന്തം യൗവനം ഹോമിച്ചവരുടെ വിലാപങ്ങളും ആർത്തനാദങ്ങളും നോവലിലുടനീളം കേൾക്കാം.

“തോക്കിൻ കുഴലിലൂടെ വിപ്ലവം’ എന്ന വ്യാമോഹത്തിന്റെ പിടിയിലമർന്ന യുവാക്കൾക്ക് നഷ്ടപ്പെടുന്നത് പൂർണ ജീവിതം തന്നെയാണെന്ന് മഹായാനം അഭിപ്രായപ്പെടുന്നു. “ജീവകാരുണ്യം കൊലമരത്തിലേക്കുള്ള പാതയായി തീർന്ന ഒരാളുടെ പുത്രന് തഥാഗത ശിരസ്സ് തോക്ക് ഉന്നം പിടിക്കാനുള്ള പാറ മാത്രമായി തീരേണ്ടതാണ്’ എന്ന് പ്രവാചകസമാന കഥാപാത്രമായ കവി പറയുന്നതിലൂടെ വിപ്ലവത്തിന് വേണ്ടി സർവം ത്യജിച്ച് തുനിഞ്ഞിറങ്ങിയ രക്തം തിളക്കുന്ന യുവത്വത്തിന്റെ പൊലിമ കാണാം. വികാരങ്ങൾക്കും വിചാരങ്ങൾക്കുമപ്പുറം പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യം ഇവിടെ പ്രകടമാണ്.

വിപ്ലവ ദാർശനികന്മാർ പൊലിപ്പിച്ച് കാണിച്ച വിപ്ലവത്തേര് തെളിക്കലിന്റെ, വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനം ആണ് മഹായാനത്തിലെ യാത്രികർ മുന്നിൽ കണ്ടിട്ടുള്ളത്.
മാർക്‌സും ലെനിനും വഴിതെളിച്ച വിപ്ലവ വീഥിയിലൂടെ അഭിമന്യുവും സംഘവും യാത്ര തിരിക്കുന്നു. വിപ്ലവ സൈദ്ധാന്തികത വിളിച്ചോതുന്ന ലഘുലേഖകൾ ആണ് ഈ ഐവർ സംഘത്തിന്റെ ഉത്തേജനം. മനുഷ്യന്റെ സൗമ്യവും സഹജവുമായ വികാരങ്ങൾക്ക് പ്രസക്തി കുറയുകയും ഹൃദയത്തിന്റെ സ്ഥാനത്ത് തലച്ചോർ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുമ്പോൾ നിശ്ചയമായും നഷ്ടപ്പെടുന്നത് വിശ്വാസത്തിന്റെ നനവാണ്. സ്വപ്നവും യാഥാർഥ്യവും തിരിച്ചറിയാനാകാതെ അലയാൻ തുടങ്ങിയിട്ട് കാലമേറെയായി എന്ന് ഒരു കഥാപാത്രം ആത്മവിമർശം നടത്തുന്നത് ഇതിനോട് ചേർത്തുവായിക്കാം. വിപ്ലവവും സൈദ്ധാന്തികതയും പുലമ്പുന്ന നേതൃത്വത്തിന്റെ കിളിവാക്കുകളിൽ അഭിരമിച്ച് നിരവധി യുവത്വങ്ങൾ ജീവിതമൂല്യം മറന്ന് പുതിയ ആകാശങ്ങൾ തേടി ഇറങ്ങുന്നു. ഒടുവിൽ പരാജയത്തിന്റെയും പരീക്ഷണത്തിന്റെയും സന്ദിഗ്ധ ഘട്ടത്തിൽ തിരിച്ചുപോക്കിനെ കുറിച്ചുള്ള ചിന്തകൾ ഉണരുന്നു.

“ഭാരം താങ്ങി കുനിഞ്ഞു പോയ മനുഷ്യരുടെ നട്ടെല്ലുകൾ കൊണ്ട് പാലം തീർത്താണ് ഇരുപത്തിയേഴാം ഡിവിഷനിൽ എത്തിയതെന്ന്’ വാചാലനാകുന്ന അഭിമന്യു, തന്റെ സംഘത്തിലുള്ളവർ പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുമ്പോഴും അടിമപ്പെട്ട വിപ്ലവത്തെ നെഞ്ചേറ്റുന്നു. സംഘത്തിലെ പൗലോസ് ആത്മഹത്യ ചെയ്യുകയും ദത്തനും ഊർമിളയും വൈകാരികതയുടെ വേരിൽ അമർന്ന് പിന്മാറുകയും ചെയ്യുമ്പോൾ അഭിമന്യുവും വിനയനും തങ്ങൾ ലക്ഷ്യമിട്ട ആകാശത്തേക്ക് പറക്കാൻ കുതിക്കുകയാണ്. ഒടുവിൽ ആദിവാസി സങ്കേതം കണ്ടെത്തുന്നു. പക്ഷേ, അഭിമന്യുവിന്റെ ആയുധം കണ്ട് ആദിവാസികൾ പിൻമാറുന്നു. ശേഷം തുനിഞ്ഞിറങ്ങിയ വിപ്ലവ ലക്ഷ്യങ്ങളെ അനാഥമാക്കി സ്വയം ഭൂമിയിലേക്ക് ആഴ്ന്ന് പോകുന്നതിലൂടെ അവസാനിക്കുന്ന നോവൽ ആ വിപ്ലവ സംഘത്തിന്റെ ദയനീയ പതനം വരച്ചുകാട്ടുന്നു.

വിപ്ലവത്തിന്റെ അസ്വസ്ഥകൾക്കിടയിലും ഗൃഹാതുരത്വത്തിന്റെ ഹരിതഭംഗി നോവലിൽ നിറഞ്ഞു നിൽക്കുന്നത് രചയിതാവിന്റെ പ്രകൃതിപ്രണയം പ്രകടമാക്കുന്നു. കഥാഗതിക്കനുസരിച്ച് കാട് ഭാവം പകരുകയും പ്രതികരിക്കുകയും ചെയ്യുന്ന ജീവനുള്ള സാന്നിധ്യമായും പച്ച കാരുണ്യത്തിന്റെ വർണമായും നോവലിലുടനീളം പടർന്നുകിടക്കുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിലെ ചില മാനങ്ങൾ അടങ്ങിയതിനാൽ യാത്രയിൽ ഭൂമിശാസ്ത്രത്തിന് പ്രസക്തിയുള്ളതായും ജീവിതത്തിന്റെ അനിവാര്യതകളിൽ മണൽക്കാടും ഹരിതാഭയും എങ്ങനെ സ്വാധീനിക്കുന്നു എന്നുമെല്ലാം നോവലിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഡോ. ആശാ മേനോനും സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും അവതാരികയെഴുതിയ മഹായാനത്തിന്റെ പ്രസാധകർ കൈരളി ബുക്‌സാണ്. ഡി സി ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാം പതിപ്പിന്റെ വില 110 രൂപ.
.