Kerala
കേരള കോണ്‍ഗ്രസിന്റെ നായകത്വം ലക്ഷ്യമിട്ട് ജോസഫ്- ജോസ് കെ മാണി ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്

കോട്ടയം: നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ അന്തരിച്ച കെ എം മാണിക്ക് പകരം ആര് നിയമസഭിയില്‍ നേതാവകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പി ജെ ജോസഫ് അനുകൂലികളും ജോസ് കെ മാണി അനുകൂലികളും വിത്യസ്ത നിലപാടുകളുള്ള രണ്ട് കത്തുകള്‍ സ്പീക്കര്‍ക്ക് കൈമാറി.
എം എല്‍ എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവരാണ് കത്തുകള്‍ നല്‍കിയത്. മോന്‍സ് ജോസഫ് നല്‍കിയ കത്തില്‍ പി ജെ ജോസഫിനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തില്‍ മോന്‍സ് ജോസഫിന്റെ നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയുന്നു. പി ജെ ജോസഫിന് നിയമസഭ കക്ഷി നേതാവായി അംഗീകരിക്കരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി പിടിച്ചടക്കാന്‍ പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം വളരെ ശക്തമായി മുന്നോട്ട് പോകുകയാണ്. പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്ന് ചില മുതിര്‍ന്ന നേതക്കളും ജോസഫ് അനുകൂലികളും പറയുമ്പോള്‍ എന്ത് വില കൊടുത്താലും നേതൃ സ്ഥാനം വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ജോസ് കെ മാണിക്കൊപ്പമാണ്.
പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിസന്ധി മുറുകുന്നതിനിടെയാണ് രണ്ട് പ്രമുഖ നേതാക്കള്‍ നിയമസഭ കക്ഷി നേതാവിനെ ചൊല്ലി വിത്യസ്ത കത്തുകള്‍ സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് പാര്‍ട്ടിയെ വലിയ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ട്ടിയുള്ളത്.
അതിനിടെ നിയമസഭയില്‍ കെ എം മാണി ഇരുന്ന മുന്‍നിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പാര്‍ട്ടിയുടെ ഉപനേതാവ് എന്ന നിലയില്‍ ഇത് പി ജെ ജോസഫിന് നല്‍കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഇതോടെ ഇനി ജോസ് കെ മാണി വിഭാഗം സ്വീകരിക്കുന്ന നടപടി ശ്രദ്ധേയമാകും.
ഇതോടെ ഇനി ജോസ് കെ മാണി വിഭാഗം സ്വീകരിക്കുന്ന നടപടി ശ്രദ്ധേയമാകും.