സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റു മരിച്ചു

Posted on: May 26, 2019 11:00 am | Last updated: May 26, 2019 at 4:21 pm

ലക്നൗ: ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബിജെപി പ്രവര്‍ത്തകനുമായയാള്‍ വെടിയേറ്റ് മരിച്ചു. സുരേന്ദ്ര സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിനുള്ളില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. രാഷ്ട്രീയ വൈരമാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി ഇയാള്‍ സ്ഥാനമൊഴിയുകയായിരുന്നു. സ്മൃതി ഇറാനിയുടെ പ്രചാരണ യോഗങ്ങളില്‍ ഇയാള്‍ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംശയമുള്ള ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.