സിഒടി നസീറിനെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: May 25, 2019 4:32 pm | Last updated: May 25, 2019 at 4:32 pm

കോഴിക്കോട്: വടകരയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി എട്ടോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്.

സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. നഗരസഭ കൗണ്‍സിലറും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു.എന്നാല്‍ തന്നെ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ല്‍ നസീര്‍ പാര്‍ട്ടിയുമായി അകന്നു. ഇതിന് പിറകെയാണ് പി ജയരാജനെതിരേ മത്സര രംഗത്ത് വന്നത്.