Connect with us

Ongoing News

ഇന്ത്യക്ക് ഇന്ന് സന്നാഹപ്പോര്‌

Published

|

Last Updated

ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നെറ്റ്‌സില്‍ തയ്യാറെടുക്കുന്നു

ലണ്ടന്‍: ലോകകപ്പിന് ഇന്ത്യ എത്രമാത്രം ഒരുങ്ങിയെന്ന് ഇന്ന് വ്യക്തമാകും. ആദ്യ സന്നാഹ മത്സരത്തില്‍ വിരാട് കോലിയും സംഘവും ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും.
കെനിംഗ്ടണല്‍ ഓവലില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലും കാണും. ലോകേഷ് രാഹുലും വിജയ് ശങ്കറുമാണ് നാലാം നമ്പറിലേക്ക് മത്സരിക്കുന്നത്. കൂടുതല്‍ സാധ്യത വിജയ് ശങ്കറിനാണ്.

1992 ലോകകപ്പിന് ശേഷം ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പെന്ന വിശേഷണം ഇത്തവണത്തേതിന് വന്നു കഴിഞ്ഞു. 1992ന് ശേഷം റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തിലുള്ള ആദ്യ ലോകകപ്പാണ് എന്നതാണ് പ്രത്യേകത. എല്ലാ ടീമുകളും പരസ്പരം ഒരു തവണയെങ്കിലും ഏറ്റുമുട്ടും.

ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ തന്നെ ലോകകപ്പ് കിരീട ഫേവറിറ്റുകളായിക്കഴിഞ്ഞു. രണ്ടാം റാങ്കിലുള്ള ഇന്ത്യക്കും വലിയ സാധ്യതയാണുള്ളത്.

എന്നാല്‍, ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനുള്ള ദിവസമാണിന്ന്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ സതംപ്ടണില്‍ നേരിടാന്‍ ഇറങ്ങുന്നതിന് മുന്നോടിയായി പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഐ പി എല്ലില്‍ ട്വന്റി20 ഫോര്‍മാറ്റ് കളിച്ച താരങ്ങള്‍ക്ക് അമ്പത് ഓവര്‍ ഫോര്‍മാറ്റിലേക്കുള്ള മാറ്റം കൃത്യമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ മാത്രമേ ലോകകപ്പില്‍ ഏറെ ദൂരം പോകാന്‍ സാധിക്കൂ.

ബാറ്റിംഗ് ലൈനപ്പ് ശ്രദ്ധേയമാകും. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപണ്‍ ചെയ്യുന്ന ഇന്നിംഗ്‌സിന് ബലമേകാന്‍ പിറകെ വരിക ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരുടെ തിളക്കം ഇന്ത്യക്ക് മത്സരം അനുകൂലമാക്കും. വിക്കറ്റ് നഷ്ടപ്പെടുത്താതെ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുകയും പതിയെ സംഹാരതാണ്ഡവമാടുകയും ചെയ്യുക എന്നതാണ് ടോപ് ത്രീയുടെ ദൗത്യം. നാലാം നമ്പറില്‍ വിജയ് ശങ്കറിനാണ് സാധ്യത. ഒരേ സമയം പ്രതിരോധിക്കാനും അറ്റാക്ക് ചെയ്യാനും മിടുക്കുള്ള വിജയ് ശങ്കറിന് കൂട്ടായി പരിചയ സമ്പന്നനായ മഹേന്ദ്ര സിംഗ് ധോണിയാണ് എത്തുക. ആള്‍ റൗണ്ടര്‍ കെദാര്‍ യാദവ്, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരും ചേരുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ആഴമേറിയതും ശക്തവുമാകും.

കിവീസ് ഉള്‍പ്പടെയുള്ള എതിര്‍ ക്യാമ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഇന്ത്യയുടെ ബൗളിംഗ് നിരയെയാണ്.
ജസ്പ്രീത്ബുമ്‌റ ലോകറാങ്കിംഗില്‍ മുന്നിലുള്ള പേസ് ബൗളര്‍ ഇന്ത്യയുടെ വജ്രായുധമാണ്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ ഇങ്ങനെ നീളുന്നു പേസ് നിര.റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹലിനും ഐ പി എല്ലിലേറ്റ മങ്ങല്‍ മറികടക്കാനുള്ള അവസരമാണിത്. കോലി ഇവരെ എങ്ങനെ വിദഗ്ധമായി ഉപയോഗിക്കുന്നുവെന്നറിയാനും ക്രിക്കറ്റ് ലോകത്തിന് ജിജ്ഞാസയുണ്ട്.

ന്യൂസിലാന്‍ഡ് ബാറ്റിംഗില്‍ പരിചയ സമ്പന്നന്‍ റോസ് ടെയ്‌ലറാണ്. ഇന്ത്യയെ സന്നാഹ മത്സരത്തില്‍ നേരിടുന്നത് ഏറ്റവും മികച്ച ഒരുക്കമാകുമെന്ന് ടെയ്‌ലര്‍ പറഞ്ഞു.
കിവീസ് ക്യാപ്റ്റന്‍ കാന്‍ വില്യംസനും ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തെ ഏറെ മൂല്യമേറിയതായി കാണുന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കിവീസ് മത്സരിക്കാനിറങ്ങുന്നത്. ഫെബ്രുവരി 19ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു അവസാനമായി ഏകദിനം കളിച്ചത്.

ദീര്‍ഘകാലത്തിന് ശേഷം കളിക്കാരെല്ലാം ഒരു ക്യാമ്പിലെത്തിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് – കാന്‍ വല്യംസണ്‍ പറഞ്ഞു.

സ്‌ക്വാഡ് ഇന്ത്യ : വിരാട് കോലി (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ാറ, യുവേന്ദ്ര ചഹല്‍, ശിഖര്‍ ധവാന്‍, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കെദാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡ്: കാന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡെല്‍ (വിക്കറ്റ് കീപ്പര്‍), ട്രെന്റ് ബൗള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഹെന്റി നികോള്‍സ്, മിച്ചല്‍ സാനര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

---- facebook comment plugin here -----

Latest