Connect with us

Ramzan

അവസാന പത്ത്; സ്വർഗം ആവശ്യമാകണം

Published

|

Last Updated

“ആവശ്യം കൂടുമ്പോൾ പരിമിതികൾ കുറയും
ആവശ്യം കുറയുമ്പോൾ പരിമിതികൾ കൂടും”

പാസ്‌പോർട്ട് എൻക്വയറിക്കായി പോലീസ് സ്‌റ്റേഷനിൽ നിന്ന് വിളി വന്നു. നാളെ പത്ത് മണിക്ക് സ്റ്റേഷനിൽ എത്തണമെന്ന് നിർദേശം. പിന്നെയൊരു തത്രപ്പാടായിരിക്കും. ജോലിയിൽ ലീവ് പറയുന്നു. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കുന്നു. നാളെ പത്ത് മണിക്ക് മുമ്പ് തന്നെ സ്റ്റേഷനിലെത്തുകയും ചെയ്യും. അവന്റെ മുമ്പിൽ ഒന്നും പരിമിതികളാകുന്നില്ല. കളിക്കാൻ പോകുന്ന കുട്ടികളെ കണ്ടിട്ടില്ലേ. അവർക്ക് മുമ്പിൽ വല്ല പരിമിതികളുമുണ്ടോ. വയറുവേദന പറഞ്ഞ് സ്‌കൂളിൽ പോകാൻ മടി കാണിച്ചവനെ കളിക്കാൻ വിളിച്ചാൽ അവന്റെ എല്ലാ അസുഖങ്ങളും പമ്പ കടക്കും. മാമയുടെ മകളുടെ കല്യാണത്തിന് പോകാൻ പുതിയ ഡ്രസ് വാങ്ങിക്കണമെന്ന് ഭാര്യ. ജോലിത്തിരക്കാണ്, നോക്കാം. അല്ലെങ്കിൽ ക്യാഷ് എത്തിയിട്ടില്ല, എ ടി എം ബ്ലോക്കാണ് തുടങ്ങി പലവിധ അടവുകളുമായി ഭർത്താവ്. ഇത് ആവശ്യത്തിന്റെ കുറവാണ്. കാര്യങ്ങൾ ആവശ്യമാണെന്ന് ബോധ്യമായാൽ അത് നേടിയെടുക്കാൻ എന്തു ത്യാഗവും ചെയ്യുന്നവനാണ് മനുഷ്യൻ. മനുഷ്യന്റെ ഈ ത്യാഗ മനസ്സ് ആത്മീയ വിഷയത്തിൽ കൂടിവേണം.

റമസാൻ അവസാന പത്തിലേക്ക് കടക്കുകയാണ്. കാരുണ്യത്തിന്റെ പത്ത് ദിവസത്തിൽ അല്ലാഹു ചൊരിഞ്ഞ കാരുണ്യത്തോടെ രണ്ടാമത്തെ പത്തിൽ പാപമോക്ഷവും നേടി. ഇനി സ്വർഗ പ്രവേശവും നരക മോചനവുമാണ് വിശ്വാസിക്ക് വേണ്ടത്. അവസന പത്ത് ആരാധനകളാൽ നിരതമാകണം. സ്വർഗത്തിന്റെ റയ്യാൻ എന്ന കവാടം റമസാനിലാണ് നോമ്പുകാർക്കായി തുറക്കപ്പെടുന്നത്. അത് നേടുന്നതിനുള്ള ഏറ്റവും വലിയ അവസരമാണ് അവസാന പത്തിലുള്ളത്. എന്നാൽ റമസാനിലെ അവസാനത്തെ പത്ത് ആകുമ്പോഴേക്കു നമ്മുടെ മനസ്സിൽ അതിന്റെ പവിത്രത കുറഞ്ഞ് വരുന്ന പ്രവണതയാണ് പതിവ്. അതുണ്ടാകാൻ പാടില്ല.

ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: റമസാനിലെ അവസാന പത്തിൽ നബി (സ) അരയുടുപ്പ് മുറുക്കി ഉടുക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ആരാധനകളെക്കൊണ്ട് രാത്രികളെ ജീവിപ്പിക്കുയും ചെയ്യുമായിരുന്നു. അരയുടുപ്പ് മുറുക്കി ഉടുക്കുക എന്നു പറഞ്ഞാൽ ആരാധനക്കായി ഒരുങ്ങിയിറങ്ങുക എന്നാണർഥം. നബി (സ) സ്വന്തം ആരാധനകൾ ചെയ്യുന്നതോടൊപ്പം വീട്ടുകാരെ അതിന് പ്രേരിപ്പിക്കുക കൂടി ചെയ്യാറുണ്ടായിരുന്നു. രാത്രിയെ ജീവിപ്പിക്കുക എന്നു പറഞ്ഞാൽ നിസ്‌കാരം, ഖുർആൻ പാരായണം, ദിക്ർ, സ്വലാത്ത് തുടങ്ങിയ കാര്യങ്ങളിൽ അവിടുന്ന് വ്യാപൃതരായിരുന്നുവെന്നാണ്. എല്ലാ റമസാനിലും അവസാന പത്തിൽ നബി (സ) ഇഅ്തികാഫ് ഇരിക്കൽ പതിവായിരുന്നുവെന്ന് ഹദീസിൽ കാണാം. ജീവിതത്തിലെ അവസാനത്തെ റമസാനിൽ നബി തങ്ങൾ ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്നിരുന്നു.

റമസാനിലെ അവസാന പത്ത് വളരെ പ്രധാനപ്പട്ടതാണ്. ഖുർആൻ പരായണവും സുന്നത്ത് നിസ്‌കാരങ്ങളും ധാനധർമങ്ങളും മറ്റു സത്കർമങ്ങളും അധികരിപ്പിച്ച് ഈ ദിവസങ്ങളെ സജീവമാക്കണം. അലസത വിശ്വാസിയെ പിടികൂടാൻ പാടില്ല. ആരാധനകൾ ചെയ്യുന്നിടത്ത് ജോലിത്തിരക്കും മറ്റു പരിമിതികളും പറഞ്ഞൊഴിയരുത്. കിട്ടുന്ന അവസരങ്ങളൊക്കെ സത്കർമങ്ങൾക്കായി ഉപയോഗപ്പെടുത്തണം. സ്വർഗ പ്രവേശവും നരക മോചനവും നമ്മുടെ ആവശ്യമാകണം. അപ്പോൾ ആരാധനകൾ ചെയ്യുന്നിടത്ത് പരിമിതികൾ കുറയും.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest