വനിതാ പ്രാതിനിധ്യം ഒന്നിൽ തന്നെ; ഭൂരിപക്ഷത്തിൽ റെക്കോർഡിട്ട് രമ്യ

Posted on: May 24, 2019 11:33 pm | Last updated: May 25, 2019 at 1:35 pm

കണ്ണൂർ: ലോക്‌സഭയിലേക്ക് ഇത്തവണയും കേരളത്തിൽ നിന്ന് വനിതാ പ്രാതിനിധ്യം ഒന്നിലൊതുങ്ങി. ദേശീയ നേതാക്കളടക്കം അഞ്ച് പേർ മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. എന്നാൽ ജയിച്ച് കയറിയത് ഒരാൾ മാത്രം. സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവുമായ പി കെ ശ്രീമതി കണ്ണൂരിലും കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും ബി ജെ പി സംസ്ഥാന നേതാവായ ശോഭാ സരേന്ദ്രൻ പാലക്കാടും വീണാ ജോർജ് എം എൽ എ പത്തനംതിട്ടയിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ആലത്തൂരിലും മത്സരിച്ചു. എന്നാൽ ജയം ആലത്തൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് മാത്രം. കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തുന്ന രണ്ടാമത്തെ ദളിത് വനിത കൂടിയാണ് ഇവർ. നേരത്തേ 1971 ൽ അടൂരിൽ നിന്ന് ലോക് സഭയിലെത്തിയ ഭാർഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യത്തെ ദളിത് വനിതാ എം പി.
28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്ന് കോൺഗ്രസിന് വനിതാ അംഗമുണ്ടാകുന്നത്. 1991 ൽ മുകുന്ദപുരത്ത് നിന്ന് സാവിത്രി ലക്ഷ്മണനാണ് ഒടുവിൽ ജയിച്ച കോൺഗ്രിന്റെ ലോക്‌സഭാംഗം. കഴിഞ്ഞ ലോക്‌സഭയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കണ്ണൂരിൽ നിന്ന് മത്സരിച്ച സി പി എമ്മിലെ പി കെ ശ്രീമതി മാത്രമാണ്. 2014 ൽ പി കെ ശ്രീമതിക്ക് പുറമെ ആലത്തൂരിൽ കോൺഗ്രസിലെ ഷീബയും മലപ്പുറത്ത് സി പി എമ്മിലെ പി കെ സൈനബയും പാലക്കാട് ബി ജെ പിയുടെ ശോഭ സുരേന്ദ്രനുമുണ്ടായിരുന്നു മത്സരത്തിന്. 2009 ൽ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച എല്ലാ വനിതാ സ്ഥാനാർഥികളും പരാജയപ്പെട്ടു. സി പി എമ്മിൽ നിന്ന് വടകരയിൽ പി സതീദേവി, എറണാകുളത്ത് സിന്ധു ജോയി, കോൺഗ്രസിൽ നിന്ന് കാസർകോട് ഷാഹിദാകമാൽ, തൃശൂരിൽ നിന്ന് ബി ജെ പിയുടെ രമ രഘുനാഥ് എന്നിവരായിരുന്നു മത്സരിച്ചത്. 2004 ലും ജയിച്ചത് വടകരയിൽ മത്സരിച്ച സി പി എമ്മിലെ പി സതീദേവി മാത്രമാണ്.
മത്സര രംഗത്ത് വടകരയിൽ എം ടി പത്മ, ഒറ്റപ്പാലത്ത് കെ എ തുളസി, മുകുന്ദപുരത്ത് നിന്ന് പത്മജ വേണുഗോപാൽ എന്നിവരുണ്ടായിരുന്നു. 1999 ൽ വടകരയിൽ എ കെ പ്രേമജവും പാലക്കാട് എം ടി പത്മയും മത്സരിച്ചെങ്കിൽ പ്രേമജത്തിന് മാത്രമായിരുന്നു വിജയം. കേരളത്തിൽ നിന്ന് ലോക്‌സഭയിൽ എത്തിയ വനിതാ അംഗങ്ങളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ആലത്തൂരിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് സ്വന്തമാണ്. 1,58,968 വോട്ടുകൾക്കാണ് സി പി എമ്മിലെ സിറ്റിംഗ് എം പി. പി കെ ബിജുവിനെ രമ്യ പരാജയപ്പെടുത്തിയത്.
2004ൽ വടകര മണ്ഡലത്തിൽ വിജയിച്ച സി പി എമ്മിലെ പി സതീദേവിയുടെ റെക്കോർഡ് ഭൂരിപക്ഷമാണ് രമ്യ തകർത്തത്. 1,30, 589 വോട്ടുകൾക്കാണ് അന്ന് സതീദേവി കോൺഗ്രസിലെ എം ടി പത്മയെ തോൽപ്പിച്ചത്. 1980ൽ ആലപ്പുഴയിൽ മത്സരിച്ച സി പി എമ്മിലെ സുശീല ഗോപാലൻ നേടിയ 1,14,764 വോട്ടായിരുന്നു അതുവരെയുള്ള ഉയർന്ന ഭൂരിപക്ഷം. 1971ൽ അടൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി പി എമ്മിലെ ഭാർഗവി തങ്കപ്പന്റെ ഭൂരിപക്ഷം 1,08,897 ആയിരുന്നു. 1991ൽ ചിറയിൻ കീഴിയിൽ നിന്ന് ലോക്‌സഭയിലെത്തിയ സുശീല ഗോപാലന്റേതാണ് ഏറ്റവും ചെറിയ ഭൂരിപക്ഷം 1106 വോട്ട്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിത കൂടിയാണ് 31കാരിയായ രമ്യ ഹരിദാസ്.