Connect with us

Kerala

സംസ്ഥാന സര്‍ക്കാറിനെതിരായ വികാരമില്ല; മോദി ഭയം ന്യൂനപക്ഷത്തെ സ്വാധീനിച്ചത് പരാജയ കാരണം: പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: താന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച വടകരയില്‍ ഉള്‍പ്പടെ ഇടതു സ്ഥാനാര്‍ഥികള്‍ക്കുണ്ടായ പരാജയം സംസ്ഥാന സര്‍ക്കാറിനെതിരായ വികാരത്തിന്റെ ഫലമായുണ്ടായതല്ലെന്ന് സി പി എം നേതാവ് പി ജയരാജന്‍. നേരെ മറിച്ച് മോദി വിരുദ്ധ വികാരമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. നരേന്ദ്ര മോദിക്കെതിരായ ന്യൂനപക്ഷ നിലപാട് ചൂഷണം ചെയ്യുന്നതില്‍ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ നടത്തിയ ആസൂത്രിതമായ ഇടപെടലുകള്‍ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണമായിട്ടുണ്ട്.

കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന പ്രചാരണവും മുസ്‌ലിം ന്യൂനപക്ഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ബി ജെ പിയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്. മതനിരപേക്ഷ ശക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിനാണ് അതിനു കഴിയുകയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ജനങ്ങളില്‍ ഒരു വിഭാഗം തയാറായില്ല.

വടകരയില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 30,000 വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നത് നേട്ടമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ കിട്ടിയില്ലെന്നത് തിരിച്ചടിയായി. തോല്‍വിക്കിടയാക്കിയ വസ്തുതകള്‍ കണ്ടെത്താന്‍ ബൂത്തുകള്‍ തോറുമുള്ള വിലയിരുത്തലുകള്‍ നടത്തുമെന്നും പി ജയരാജന്‍ പറഞ്ഞു.

Latest