തോല്‍വിയില്‍ ഉലഞ്ഞ് സിപിഎം;യുഡിഎഫിന് തുണയായത് ന്യൂനപക്ഷങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാട്

Posted on: May 23, 2019 8:56 pm | Last updated: May 24, 2019 at 11:04 am

തിരുവനന്തപുരം: മോദി പേടിയില്‍ ഒരുമിച്ച ന്യൂനപക്ഷങ്ങളും ശബരിമലയില്‍ വ്രണിതരായ ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം നിന്നതോടെ യു ഡി എഫിന് ത്രസിപ്പിക്കുന്ന വിജയം. യു ഡി എഫിനെ തുണച്ചതിനൊപ്പം ബി ജെ പിയെ പടിപ്പുറത്ത് നിര്‍ത്തിയ മതേതര കേരളം കൂടിയാണ് ജയിക്കുന്നത്. രാഹുലിന്റെ വരവ് നല്‍കിയ ഊര്‍ജ്ജമാണ് ജയിച്ചവരുടെ ഭൂരിപക്ഷത്തില്‍ ഇത്രയേറെ ലക്ഷപ്രഭുക്കളെ സൃഷ്ടിച്ചത്. ഈ അനുകൂലഘടകങ്ങളുടെ ബലത്തില്‍ നിന്ന യു ഡി എഫ് കൊലപാതക രാഷ്ട്രീയം കൂടി ആയുധമാക്കിയപ്പോള്‍ ഇടത് വീഴ്ച്ചയുടെ ആഘാതം കൂടി. മികച്ച സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിട്ടും ഇത്രയും കനത്ത തോല്‍വിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ സി പി എമ്മിനെ ഉലക്കുമെന്നുറപ്പ്. അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലിരുന്ന ബി ജെ പിക്ക് കേരളം നല്‍കിയത് അര്‍ഹിക്കുന്ന തിരിച്ചടി. രാജ്യമാകെ ആഞ്ഞുവീശിയ മോദി തരംഗം പ്രബുദ്ധകേരളം തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
മുന്നേറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത്രവലിയൊരു വിജയം യു ഡി എഫ് പോലും പ്രതീക്ഷിച്ചതല്ല. പരമാവധി പതിനഞ്ച് സീറ്റ് വരെയെന്നതായിരുന്നു നേതാക്കളുടെ കണക്ക് കൂട്ടല്‍. ഇത് പത്തൊമ്പതിലെത്തിയതിലാണ് അമ്പരപ്പ്. ന്യൂനപക്ഷങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ മനസ് തന്നെയാണ് യു ഡി എഫ് വിജയത്തിലെ പ്രധാനഘടകം. ദേശവ്യാപകമായി ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ആര്‍ക്ക് കഴിയുമെന്ന ചോദ്യത്തിന് അവര്‍ കണ്ടെത്തിയത് കോണ്‍ഗ്രസ് എന്ന ഉത്തരം. മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഒരു പോലെ യു ഡി എഫിനെ തുണച്ചു. മലബാറിലെയും മധ്യകേരളത്തിലെയും ഫലസൂചനയില്‍ ഇത് വ്യക്തം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തുണച്ച വലിയൊരു വിഭാഗം ജനങ്ങളും ഇത്തവണ യു ഡി എഫില്‍ പ്രതീക്ഷയര്‍പ്പിച്ചു.

ചോദ്യങ്ങളുടെ കുന്തമുനയാണ് സി പി എമ്മിനെ കാത്തിരിക്കുന്നത്. നിഷ്പക്ഷ വോട്ടുകളുടെ കണക്കെടുക്കും മുമ്പ് ചോര്‍ന്ന് പോയ പാര്‍ട്ടി വോട്ടുകളെ കുറിച്ച് പാര്‍ട്ടി ആദ്യം അന്വേഷിക്കേണ്ടി വരും. ആറ്റിങ്ങലും പാലക്കാടും ആലത്തൂരിലെയും കാസര്‍കോട്ടെയും തോല്‍വി നന്നായി അസ്വസ്ഥമാക്കും. വടകരയിലെയും കൊല്ലത്തെയും തിരിച്ചടി അസഹനീയമാണ്. തോറ്റെന്ന് മാത്രമല്ല, ലക്ഷം കടന്നുള്ള ഭൂരിപക്ഷത്തിന് കണക്കുകള്‍ കൊണ്ടുള്ള ഉത്തരം മതിയാകില്ല.മോദിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെ കേരളത്തിലാണ് മത്സരിക്കുന്നതെന്ന പ്രചാരണവും യു ഡി എഫിലേക്ക് വോട്ടര്‍മാരെ അടുപ്പിച്ചെന്നാണ് സി പി എമ്മിന്റെ ആദ്യപ്രതികരണം. ഈ വിലയിരുത്തല്‍ വസ്തുതയാണെങ്കിലും ഇതുകൊണ്ട് മാത്രമാണ് തോറ്റതെന്ന തീര്‍പ്പില്‍ നീതിയില്ല.

കെ എം ബഷീര്‍