Connect with us

National

റാഫേല്‍ കരാറിന്റെ ഭാഗമായി പാരീസില്‍ തുറന്ന വ്യോമസേനാ ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം

Published

|

Last Updated

പാരീസ്: റാഫേല്‍ ഇടപാടിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന പാരീസില്‍ ആരംഭിച്ച ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ അജ്ഞാത സംഘം ശ്രമിച്ചതായി റിപ്പോര്‍ട്ട്. റാഫേല്‍ കരാറില്‍ പങ്കാളികളായ ദസ്സോ ഏവിയേഷനാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പാരീസിലെ സെയിന്റ് ക്ലൗഡ് എന്നയിടത്ത് ദസ്സോ ഏവിയേഷന്‍ ഓഫീസ് ബ്ലോക്കിനു സമീപത്തായാണ് വ്യോമസേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ അതിക്രമമെന്നത് അറിവായിട്ടില്ലെങ്കിലും സാരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ ഇതേവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സുപ്രധാന രേഖകള്‍ കവരുക ലക്ഷ്യം വച്ചാകാം അതിക്രമമെന്നും അന്വേഷണം നടത്തുമെന്നും വ്യോമസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഓഫീസില്‍ നിന്ന് രേഖകളൊന്നും ന്ഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.

36 യുദ്ധ ജെറ്റുകള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് പാരീസില്‍ ഓഫീസ് തുറന്നിട്ടുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്റെ റാങ്കിലുള്ള വ്യോമസേനാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രൊജക്ട് മാനേജ്‌മെന്റ് സംഘമാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്.

Latest