editorial
"സൗജന്യ രാഷ്ട്രീയ'ത്തിനെതിരെ സുപ്രീം കോടതി
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുളള ജനപ്രിയ പ്രഖ്യാപനങ്ങളേക്കാൾ രാജ്യത്തിന്റെ വികസനത്തിനു സഹായകമായതും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതും പൗരന്മാരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതുമായ പദ്ധതികൾക്കാണ് ദീർഘവീക്ഷണവും ഉത്തരവാദിത്വബോധവുമുളള സർക്കാറുകൾ മുൻഗണന നൽകേണ്ടത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി സൗജന്യങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമം രാഷ്ട്രീയ ശൈലിയായി മാറിയിരിക്കുകയാണ്. സൗജന്യ വൈദ്യുതി, സൗജന്യ ലാപ്‌ടോപ്, സൗജന്യ മിക്‌സി, സൗജന്യ ഉത്സവക്കിറ്റ് മുതൽ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറൽ വരെ നീളുന്നു സർക്കാറുകളുടെ സൗജന്യ രാഷ്ട്രീയം. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം കൈമാറിയത് ഒരാഴ്ച മുമ്പാണ്. ആസന്നമായ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ബിഹാറിൽ കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിതീഷ് സർക്കാർ സ്ത്രീകൾക്ക് പതിനായിരം രൂപ വീതം നൽകിയിരുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ പരിഗണിക്കാതെയുള്ള ഇത്തരം സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ രൂക്ഷ വിമർശമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യങ്ങൾ നൽകുന്നത് പ്രീണന നയമാണെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികാസത്തെയും ജോലി സംസ്‌കാരത്തെയും ബാധിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാഞ്ചൊളി എന്നിവരടങ്ങുന്ന ബഞ്ചിന്റെ നിരീക്ഷണം.
തൊഴിൽ സൃഷ്ടിക്കുന്നതിനും വികസന പദ്ധതികൾക്കും ചെലവിടേണ്ട പണം കൊണ്ട് സൗജന്യങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതു വഴി നാടിന്റെ സാമ്പത്തിക വികസനം അട്ടിമറിക്കപ്പെടുകയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്ന തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമർശം.
ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് താങ്ങാകേണ്ട പദ്ധതികളും സബ്‌സിഡികളും സൗജന്യങ്ങളും നൽകേണ്ടത് സർക്കാറുകളുടെ ബാധ്യതയാണ്. ഇത്തരം സൗജന്യങ്ങളെയല്ല, ഉപഭോക്താവിന്റെ സാമ്പത്തിക നില നോക്കാതെ നൽകുന്ന, വോട്ട് ബേങ്ക് ലാക്കാക്കിയുള്ള സൗജന്യ വിതരണ സംസ്‌കാരത്തെയാണ് കോടതി വിമർശിച്ചത്. ഇത് സർക്കാറുകളെ പാപ്പരത്തത്തിലേക്ക് തള്ളിവിടുകയും ഫണ്ടിന്റെ അഭാവം മൂലം അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്‌തേക്കാമെന്ന കോടതിയുടെ ആശങ്ക പ്രസക്തമാണ്. ക്ഷേമപദ്ധതികളും തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനായി നൽകിവരുന്ന സൗജന്യങ്ങളെയും വേർതിരിച്ച് വോട്ടിനുവേണ്ടിയുള്ള സൗജന്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുധനത്തിന്റെ ഉത്തരവാദപരമായ വിനിയോഗം ഉറപ്പാക്കുകയും വേണമെന്നാണ് കോടതി അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഭീമമായ കടത്തിലാണ്. തമിഴ്‌നാട് 8.33 ലക്ഷം കോടി, ഉത്തർ പ്രദേശ് 8.16 ലക്ഷം കേടി, മഹാരാഷ്ട്ര 7.82 ലക്ഷം കോടി, പശ്ചിമ ബംഗാൾ 6.93 ലക്ഷം കോടി, രാജസ്ഥാൻ 5.79 ലക്ഷം കോടി, കേരളം 4.5 ലക്ഷം കോടി എന്നിങ്ങനെ പോകുന്നു കഴിഞ്ഞ വർഷം റിസർവ് ബേങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ സംസ്ഥാനങ്ങളുടെ കടബാധ്യത. നികുതി വരുമാനത്തിലെ കുറവ് കാരണം കടം തിരിച്ചടക്കാൻ കഴിയാതെ തിരിച്ചടവിന് കടം വാങ്ങേണ്ട സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും. ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിൽ സൃഷ്ടിപ്പിനും പണം കണ്ടെത്താനാകാതെ വികസന മുരടിപ്പ് നേരിടുകയാണ് സർക്കാറുകൾ.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളേക്കാൾ രാജ്യത്തിന്റെ വികസനത്തിനു സഹായകമായതും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതും പൗരന്മാരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതുമായ പദ്ധതികൾക്കാണ് ദീർഘവീക്ഷണവും ഉത്തരവാദിത്വബോധവുമുള്ള സർക്കാറുകൾ മുൻഗണന നൽകേണ്ടത്. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി നേരത്തേയും വിധിപ്രസ്താവങ്ങൾ നടത്തി
യിട്ടുണ്ട്.
“സൗജന്യ പ്രഖ്യാപനങ്ങൾ ഭരണഘടനാവിരുദ്ധമല്ല, സർക്കാറുകളുടെ നയപരമായ തീരുമാനമാണ്. അതിനെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കാണണ’മെന്നാണ് 2013 ജനുവരിയിൽ എസ് സുബ്രഹ്മണ്യം ബാലാജി കേസിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. 2006ലെ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡി എം കെ എല്ലാ കുടുംബാംഗങ്ങൾക്കും കളർ ടി വി വാഗ്ദാനം ചെയ്തതിനെതിരെ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. എങ്കിലും വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഇതിനൊരു മാർഗരേഖ തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയുണ്ടായി. പിന്നീട് അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കവെ, “രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യുക്തിരഹിതമായ സൗജന്യ പ്രഖ്യാപനങ്ങൾ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ടെന്നാ’യിരുന്നു 2022 ജനുവരിയിൽ ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. പാർട്ടിയുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കുന്നതിനും മാത്രമാണ് നികുതിദായകരുടെ പണം ഉപയോഗിച്ച് സൗജന്യങ്ങൾ നൽകുന്നതെന്ന് ഓർക്കണമെന്നും കോടതി ഉണർത്തി.
2013ലേതിൽ നിന്ന് വ്യത്യസ്തമാണ് തീർത്തും നിയന്ത്രിക്കപ്പെടേണ്ടതാണ് സൗജന്യ പ്രഖ്യാപനങ്ങളെന്നാണ് സുപ്രീം കോടതിയുടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിക്കാനായി നിതി ആയോഗ്, ധനകാര്യ കമ്മീഷൻ, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളടങ്ങിയ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. സുപ്രീം കോടതിയുടെ ഇടപെടൽ മുന്നറിയിപ്പായി കണ്ട് സൗജന്യ പ്രഖ്യാപനങ്ങൾക്ക് സ്വയം നിയന്ത്രണം പാലിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർക്കാറുകളും സന്നദ്ധമാകേണ്ടതാണ്.




