International
ഇതര രാജ്യങ്ങള്‍ക്കുമേല്‍ പ്രതികാരച്ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ല; അമേരിക്കന്‍ സുപ്രിം കോടതി
അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി
വാഷിങ്ടണ്‍ | പ്രതികാരച്ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്ന സുപ്രധാന വിധിയുമായി അമേരിക്കന്‍ സുപ്രിം കോടതി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമാകുന്നതാണ് സുപ്രീം കോടതി വിധി. യു എസ് ഭരണഘടന പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏര്‍പ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകള്‍ ചുമത്തിയതെന്ന് വിധിയില്‍ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐ ഇ ഇ പി എ) നിയമപ്രകാരം ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകള്‍ പ്രധാനമാണെന്നും അവയില്ലാതെ രാജ്യം തകരുമെന്നുമുള്ള നിലപാടിലാണ് ട്രംപ്.


