Connect with us

Articles

പവിത്രമായ സമരമുഖം

Published

|

Last Updated

ബദ്‌റിനോളം പവിത്രതയുള്ള മറ്റൊരു സമര മുന്നേറ്റം ഇസ്‌ലാമിക ചരിത്രത്തിലില്ല. ബദ്‌റിന് ഈ പവിത്രത കൈവരാനുള്ള കാരണം സാഹചര്യമായിരുന്നു. സ്വയം നിലനില്‍പ്പ് തന്നെ ആശങ്കയിലായ ഒരു സമൂഹം എല്ലാം ത്യജിച്ച് സമര രംഗത്തേക്ക് വരികയും വിജയം കൈവരിക്കുകയും തങ്ങളുടെ പ്രസ്ഥാനത്തെ അനശ്വരമാക്കുകയും ചെയ്തു എന്നതാണ് ബദ്‌റിന്റെ പ്രത്യേകത. ഒരിക്കലും വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ സമര മുന്നേറ്റമായിരുന്നില്ല ബദ്‌റിലേത്. വിശ്വാസം പ്രത്യക്ഷ ആയുധങ്ങള്‍ക്കും ജല്‍പനങ്ങള്‍ക്കും വഴങ്ങുന്ന ഒന്നായിരുന്നുവെങ്കില്‍ ഇത്തരം വാദത്തിന് പ്രസക്തിയുണ്ടായിരുന്നു. ബദ്‌റും ഇസ്‌ലാമിന്റെ ആശയപ്രചാരണവും തമ്മില്‍ ബന്ധപ്പെടുന്നത് ആശയം അടിച്ചേല്‍പ്പിക്കുന്നിടത്തല്ല. മറിച്ച്, ആശയ പ്രചാരണത്തിനും ജീവിക്കാനുമുള്ള അവകാശ നിഷേധത്തിന്റെ ഭാഗത്തിലൂടെയാണ്. ബദ്‌റിന്റെ ഓര്‍മകളെ പുതുക്കുമ്പോള്‍ യുദ്ധത്തിന്റെ തീവ്രതകളെയോ ഭീകരതകളെയോ അല്ല സ്മരിക്കപ്പെടുന്നത്. മറിച്ച്, പ്രവാചകര്‍ അശ്‌റഫുല്‍ ഖല്‍ഖി(സ്വ)ന്റെയും സ്വഹാബാക്കളുടെയും സഹനത്തിന്റെയും ക്ഷമയുടെയും ധീരമായ ഓര്‍മകളാണ്.
അനിവാര്യമായ സമരമായിരുന്നോ ബദ്‌റിലേത് എന്ന് ചോദിക്കുന്നവരുണ്ടാകില്ല. ഉണ്ടെങ്കില്‍, അവര്‍ ബദ്‌റിനു മുമ്പുള്ള നബിയുടെയും സ്വഹാബാക്കളുടെയും ജീവിത ചരിത്രത്തെ അടുത്തറിയാന്‍ ശ്രമിക്കണം.

ലോകത്ത് നടന്ന തൊഴിലാളി സമരങ്ങളുടെയെല്ലാം ചരിത്രമെടുത്തു പരിശോധിച്ചാല്‍ അതിന്റെയെല്ലാം പിന്നിലെ ചോദന മാന്യമായി ജീവിക്കാനും നിലനില്‍പ്പിനുമുള്ള അവകാശ നിഷേധത്തിനെതിരെ ഉയര്‍ന്നു വന്നതായിരുന്നുവെന്ന് കാണാം. ലോക വിപ്ലവങ്ങളുടെ ചരിത്രങ്ങളെ മാന്യമായി പഠിക്കുന്ന, തൊഴിലാളി വിപ്ലവങ്ങളെ അവകാശ സമരങ്ങളായി കാണിക്കുന്ന അതേ മനോഭാവം എന്തുകൊണ്ട് ഇസ്‌ലാമിക ചരിത്ര വായന നടത്തുമ്പോള്‍ നഷ്ടമാകുന്നു. സത്യസന്ധമായും വ്യക്തമായ തെളിവുകളോടും കൂടെ തന്റെ സമൂഹ മധ്യത്തിലേക്ക് ആശയ പ്രചാരണത്തിന് ഇറങ്ങിയ നബി(സ്വ)ക്ക് അവിടുത്തെ സമൂഹം നല്‍കിയ “സ്വീകരണം” ചരിത്രമറിയുന്നവരോട് വിവരിക്കേണ്ടതില്ല. അപരിചിതമായ ഒരു സമൂഹത്തില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിക്കുമ്പോള്‍ അനുഭവിക്കപ്പെടുന്ന വ്യക്തിക്ക് ഒരു പ്രതീക്ഷയുണ്ടാകും; തനിക്ക് സഹായവുമായി തന്റെ നാട്ടുകാര്‍ വരുമെന്ന്. എന്തുകൊണ്ടും അങ്ങനെ പ്രതീക്ഷക്ക് വക നല്‍കാവുന്ന രീതിയിലായിരുന്ന നബി(സ്വ)യുടെ അത്രയും കാലത്തെ ജീവിതം.

നാട്ടിലൊരാള്‍ക്കു പോലും അനിഷ്ടമായത് അവിടുത്തെ ജീവിതത്തില്‍ സംഭവിച്ചിരുന്നില്ല. സത്യസന്ധന്‍(അല്‍അമീന്‍) എന്ന പേരുകൊണ്ടല്ലാതെ മറ്റൊരു പേരും ആ സ്വഭാവ മഹിമയെ അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. തന്റെ ജീവിത വിശുദ്ധികൊണ്ടും സ്വഭാവ മഹിമ കൊണ്ടും ഒരു ജനതയുടെ ഇടനെഞ്ചിലെ മിടിപ്പായിരുന്ന പ്രവാചകര്‍ ഒരു സുപ്രഭാതത്തില്‍ തന്റെ ദൗത്യപ്രഖ്യാപനം നടത്തുന്നു. സത്യമല്ലാത്തത് പറയാത്ത മുഹമ്മദ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തണമെങ്കില്‍ അതില്‍ കാര്യമില്ലാതിരിക്കില്ല എന്നാണ് സ്വാഭാവികമായും സമുദായം ചിന്തിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് മറിച്ച് ചിന്തിച്ചു എന്നതിന് പല ന്യായീകരണങ്ങളുമുണ്ട്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അധികാരം തങ്ങളുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ട് പോകുമോ എന്നു ഭയന്ന മുതലാളിത്വത്തിന്റെ വക്രബുദ്ധി തന്നെയാണ് അവിടെയും പ്രവര്‍ത്തിച്ചത്. മക്കയുടെ ജീവിതത്തിന്റെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വ്യക്തിത്വമായിരുന്ന, എല്ലാവരുടെയും മാതൃകാ പുരുഷനായിരുന്ന മുഹമ്മദ്(സ്വ) പെട്ടെന്നൊരു സുപ്രഭാതത്തില്‍ ചില മേലാളന്മാരുടെ പ്രഖ്യാപനത്തോടെ വെറുക്കപ്പെടേണ്ട, വിശ്വസിക്കാന്‍ കൊള്ളാത്തവനായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു! ഇത് എവിടുത്തെ ന്യായമാണ്.

എന്നിട്ടും പ്രവാചകര്‍ തന്റെ ആശയ പ്രചാരണം എന്ന ദൗത്യത്തില്‍ നിന്ന് പിന്മാറിയില്ല. രഹസ്യമായി അവിടുന്ന് തന്റെ ദൗത്യം തുടര്‍ന്നു. “രഹസ്യപ്രചാരണം” എന്ന തൊഴിലാളി വിപ്ലവങ്ങളുടെ മാസ്റ്റര്‍ പീസ് സ്ട്രാറ്റജി നബിയില്‍ നിന്ന് കടം കൊണ്ടതാണ് എന്നുവേണം പറയാന്‍. ദിനംപ്രതി ഇസ്‌ലാമിലേക്ക് വരുന്ന ആളുകളുടെ എണ്ണവും അതിനനുസരിച്ചുള്ള ശത്രുക്കളുടെ മര്‍ദനവും കൂടി. ബദ്‌റിനിറങ്ങുന്നതിന് മുമ്പ് നബി(സ്വ) അനുഭവിക്കാത്ത പ്രയാസങ്ങളൊന്നുമില്ല. പട്ടിണിക്കിട്ടു, കല്ലെറിഞ്ഞു, ബഹിഷ്‌കരിച്ചു, വധിക്കാന്‍ പദ്ധതിയിട്ടു, വിളിച്ചു വരുത്തി മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ ശ്രമിച്ചു അങ്ങനെ പലതും. അന്നും ഹബീബിന്റെ കൂടെ ഉമറും(റ) ഹംസയും (റ) അലിയും(റ) അടക്കമുള്ള ധീരയോദ്ധാക്കളുണ്ടായിരുന്നു. എന്നിട്ടും അവിടുന്ന് ഖുറൈശികള്‍ക്ക് എതിരില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അവിടുന്ന് ക്ഷമിച്ചു. അങ്ങനെ സ്വന്തം നാട്ടില്‍ ജീവിക്കാനാകില്ലായെന്ന ബോധ്യത്തിലേക്ക് വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കണ്ടായെന്ന ധാരണയില്‍ സമാധാനത്തിന്റെ ദൂതന്‍ മദീന പിടിക്കുന്നത്. അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന സ്ഥിതി വന്നപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹജ്ജിലൂടെ അല്ലാഹു യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ട് ഈ അര്‍ഥം വരുന്ന ആയത്തിറക്കുന്നത്:
“അക്രമിക്കപ്പെട്ടവര്‍ക്ക് തിരിച്ച് അക്രമിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍”.

യുദ്ധാനുമതി നല്‍കിക്കൊണ്ടുള്ള ഈ ആയത്ത് ഇറങ്ങുന്നതിന് മുമ്പ് 70 തവണ യുദ്ധത്തെ നിരുത്സാഹപ്പെടുത്തി കൊണ്ടുള്ള ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. അതിന്റെ സന്ദര്‍ഭങ്ങളെയും കാരണങ്ങളെയുമെല്ലാം പണ്ഡിതന്മാര്‍ വിശദമായി തന്നെ വിവരിച്ചിട്ടുമുണ്ട്.

ബദ്‌റിലെ ഇരു വിഭാഗങ്ങളുടെയും അംഗബലവും ആയുധങ്ങളുടെയും വാഹനങ്ങളുടെയും എണ്ണവും പ്രസിദ്ധമാണല്ലോ. മുന്നൂറ്റി പതിമൂന്നോളം വരുന്ന പ്രവാചകരും സ്വഹാബാക്കളുമാണ് ആയിരത്തോളം വരുന്ന ശത്രു പക്ഷത്തിനു നേരെ പട നയിക്കുന്നത്. ഒരിക്കലും പ്രവാചകര്‍ മദീനത്ത് നിന്ന് ഒരു യുദ്ധ സന്നാഹവുമായിട്ടല്ല പുറപ്പെട്ടിരുന്നത് എന്നും അവസാനം ആ പുറപ്പാട് എങ്ങനെ യുദ്ധമായി പരിണമിച്ചു എന്നതും വിശാലമായ ചരിത്രമാണ്. വിവരണത്തിനിവിടെ ഇടം പോരാത്തത് കൊണ്ട് മുതിരുന്നില്ല. “നിങ്ങള്‍ തുലോം തുഛമായിരുന്നെന്നും നിങ്ങളെ ബദ്‌റില്‍ സഹായിച്ചത് അല്ലാഹുവാണ്” എന്നും അര്‍ഥം വരുന്ന സൂറത്തു ആലു ഇംറാനിലെ സൂക്തം മാത്രം മതി ബദ്‌റിലേക്ക് പോകുമ്പോഴുള്ള വിശ്വാസികളുടെ അംഗബലവും ആയുധ ബലവും മനസ്സിലാക്കാന്‍. മുസ്‌ലിംകള്‍ക്ക് യുദ്ധം ചെയ്യാനുള്ള ആയത്ത് ഇറങ്ങിയത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളെ കൊന്നൊടുക്കലല്ലെന്നും മറിച്ച്, തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള അവകാശം നേടിയെടുക്കലാണെന്നും ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നുണ്ട്.

കൊല്ലലായിരുന്നില്ല ലക്ഷ്യം എന്ന് മനസ്സിലാക്കണമെങ്കില്‍ യുദ്ധത്തിനു മുമ്പുള്ള പ്രവാചകരുടെ, യോദ്ധാക്കളോടുള്ള ഉപദേശത്തിന്റെ പാഠങ്ങള്‍ പരതിയാല്‍ മതിയാകും. യുദ്ധത്തിന് പുറപ്പെടുന്ന അവസരത്തില്‍ പ്രവാചകര്‍ സ്വഹാബാക്കളെ ഉപദേശിച്ച കാര്യങ്ങള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്: “നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പുറപ്പെടുക, അല്ലാഹുവാണേ സത്യം, നിങ്ങള്‍ വൃദ്ധന്മാരെ ഉപദ്രവിക്കരുത്, കുട്ടികളെ ആക്രമിക്കരുത്, സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കരുത്, മൃഗങ്ങളെയും മരങ്ങളെയും നശിപ്പിക്കരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം, നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹുവിന് എന്തെന്നില്ലാത്ത ഇഷ്ടമാണ്”.

സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കുകയും സ്വത്തു വഹകള്‍ അപഹരിക്കുകയും ചെയ്ത ഒരു സമൂഹത്തിനെതിരെ സമരത്തിനിറങ്ങുമ്പോള്‍ പോലും നബി(സ്വ)നടത്തിയ ഉപദേശത്തിന്റെ മാര്‍ദവമെത്രയാണ്! ഇസ്‌ലാമിന്റെ പേരില്‍ സ്വയം ബോംബായി മാറുന്നവരും, ന്യൂനാല്‍ ന്യൂനപക്ഷമായിരുന്ന സ്വഹാബാക്കള്‍ യുദ്ധത്തിനിറങ്ങിയില്ലേ അതുകൊണ്ട് നിങ്ങളും യുദ്ധത്തിനിറങ്ങണം എന്ന് ബദ്‌റിനെ തെറ്റുദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന തീവ്രവാദികളും ബദ്‌റിലെ സമരത്തിന്റെ സന്ദര്‍ഭവും സാഹചര്യവും തിരു നബിയുടെ ചരിത്രവും അമര്‍ത്തി വായിക്കണം.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

---- facebook comment plugin here -----

Latest