പ്രാർഥന പ്രതിഫലാർഹമാകാൻ

Posted on: May 21, 2019 9:06 am | Last updated: May 21, 2019 at 9:06 am

ചിലർക്കുള്ള പ്രാർഥന രീതി നല്ല വിചിത്രമാ
മാന്തിച്ചൊറിഞ്ഞും കൊണ്ട് ആമീൻ മാത്രമാ
ചിലർക്കുള്ള കൈ ഒന്നെപ്പഴും മീശക്കാ
ചിലരോ ദുആ ചെയ്യും കരം താടിക്കാ
(അൽ മവാഹിബുൽ ജലിയ്യ).

നമ്മുടെ പ്രാർഥനകൾ പലപ്പോഴും ഇങ്ങനെയാണ്. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെ. കടമ നിർവഹിക്കാൻ വേണ്ടി മാത്രമാകുകയാണ് പ്രാർഥനകൾ. പ്രാർഥന സത്യവിശ്വാസിയുടെ ആയുധമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏത് പ്രതിസന്ധിയിൽ നിന്നും വിശ്വാസിക്ക് രക്ഷാപ്പെടാനുള്ള ഏക മാർഗം പ്രാർഥനയാണ്. പ്രാർഥിക്കുന്ന അടിമകളോട് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുകയും ചെയ്യുന്നു. ഖുർആനിൽ അല്ലാഹു പറയുന്നു: നബിയെ നിങ്ങളോട് എന്റെ അടിമ എന്നെക്കുറിച്ച് ചോദിച്ചാൽ ഞാൻ അവരോട് ഏറ്റവും അടുത്തവരാണെന്നും എന്നോട് പ്രാർഥിക്കുന്നവർക്ക് ഞാൻ ഉത്തരം നൽകുമെന്നും പറയണം. (ബഖറ 186). വിശ്വാസി അല്ലാഹുവിനോട് നിരന്തരമായി പ്രാർഥിച്ചു കൊണ്ടിരിക്കണം. ഏത് കാര്യങ്ങൾ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാർഥിക്കുന്നത് മുസ്്‌ലിമിന്റെ ശൈലിയാണ്. ഇഹലോകത്തെയും പരലോകത്തെയും വിജയത്തിന് പ്രാർഥന അനിവാര്യമാണ്. നബി (സ), റബ്ബനാ ആത്തിനാ ഫിദ്ദുൻയാ ഹസന……. (അല്ലാഹുവേ ഇഹലോകത്തും പരലോകത്തും നീ ഞങ്ങൾക്ക് ഗുണം ചെയ്യണേ. നരക ശിക്ഷയിൽ നിന്ന് കാത്തു രക്ഷിക്കുകയും ചെയ്യണേ) എന്ന പ്രാർഥന അധികരിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. ആത്മിയ കാര്യങ്ങളോടൊപ്പം ഭൗതീക കാര്യങ്ങൾക്ക് വേണ്ടിയും നബി (സ) പ്രാർഥിക്കുകയും പ്രാർഥിക്കാൻ വേണ്ടി കൽപ്പിക്കുകയും ചെയ്തിരുന്നു. ഒരാൾ ഇസ്്‌ലാം സ്വീകരിച്ചാൽ നബി (സ) അദ്ദേഹത്തിന് നിസ്‌കാരം പഠിപ്പിച്ചു കൊടുക്കും. എന്നിട്ടദ്ദേഹത്തോട് ഇങ്ങനെ പ്രാർഥിക്കാൻ പറയും: നാഥാ എനിക്ക് പൊറുത്ത് തരികയും കരുണ ചെയ്യുകയും എന്നെ നേർമാർഗത്തിലാക്കുകയും ആരോഗ്യവും ആഹാരവും നൽകേണമേ. (മുസ്്‌ലിം). അല്ലാഹു കൽപ്പിച്ചതനുസരിച്ച് വിശ്വാസി പ്രാർഥിച്ചാൽ ഉത്തരം ലഭിക്കുമെന്നുറപ്പാണ്. മൂന്നിൽ ഒരു രൂപത്തിലാണ് അല്ലാഹു ഉത്തരം ചെയ്യുക. ചോദിച്ച കാര്യം അപ്പോൾ തന്നെ അല്ലാഹു നൽകുന്നു. അപ്പോൾ തന്നെ തന്നില്ലെങ്കിൽ പരലോകത്തിൽ വെച്ച് നൽകുന്നതാണ്. അതുമില്ലെങ്കിൽ ചെയ്തു പോയ കുറ്റങ്ങൾ പൊറുക്കപ്പെടാൻ അത് കാരണമാകും.

നിസ്‌കാര ശേഷമുള്ള സമയം, പാതിരാത്രി മറ്റെല്ലാവരും ഉറങ്ങുമ്പോഴുള്ള പ്രാർഥന, എല്ലാ ദിവസവും ഉച്ച സമയം, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്കുള്ള സമയം, വെള്ളിയാഴ്ച ഉൾപ്പെടെയുള്ള പുണ്യ ദിവസങ്ങൾ തുടങ്ങി ഉത്തരമുണ്ടെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന സമയങ്ങൾ പ്രാർഥനക്ക് ഉപയോഗപ്പെടുത്തണം.

അടക്കത്തോടെയും ഒതുക്കത്തോടെയും വേണം പ്രാർഥന നടത്താൻ. പ്രാർഥിക്കുമ്പോൾ കൈ രണ്ടും ഉയർത്തൽ സുന്നത്താണ്. കൈ താഴ്ത്തിക്കൊണ്ടുള്ള പ്രാർഥനയും താടിക്ക് താങ്ങ് കൊടുത്തു കൊണ്ടുള്ള പ്രാർഥനയും അച്ചടക്കത്തിന് വിരുദ്ധമാണെന്ന് പണ്ഡിതൻമാർ പഠിപ്പിക്കുന്നു. പ്രാർഥിച്ചിട്ട് എനിക്ക് ഉത്തരം ലഭിച്ചില്ലെന്ന് പരിതപിക്കരുത്. അത് ഉത്തരം ലഭിക്കുന്നതിന് തടസ്സമാകും. പ്രാർഥന നിർത്താൻ പ്രേരണയുമാകും. നിങ്ങളുടെ സന്താനങ്ങൾക്കെതിരെയും ധനം നശിച്ച് പോകുന്നതിന് വേണ്ടിയും കുടുംബ ബന്ധം മുറിയുന്നതിന് വേണ്ടിയും പ്രാർഥിക്കരുതെന്ന് ഹദീസുകളിൽ പ്രത്യേകം പറയുന്നുണ്ട്. വിശ്വാസികൾക്ക് വേണ്ടി പരസ്പരം പ്രാർഥിക്കണം. വിശ്വാസികളുടെ അസാനിധ്യത്തിലുള്ള പ്രാർഥനക്ക് പ്രത്യേകം ഉത്തരമുണ്ടെന്ന് ഹദീസിലുണ്ട്. മുസ്‌ലിം തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി നടത്തുന്ന പ്രാർഥനക്ക് ഉത്തരം നൽകപ്പെടുക തന്നെ ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രാർഥിക്കുന്നവന് വേണ്ടി മാലാഖമാർ പ്രാർഥിച്ചു കൊണ്ടിരിക്കും. (മുസ്‌ലിം).