സകാത് ഒരു ചാനല്‍ ഫണ്ടല്ല

സലഫിസ്റ്റ് നേതാവ് ഡോ. സാക്കിര്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍  മതപരിഷ്‌കരണ വാദികള്‍ക്ക് സകാത് ഏല്‍പ്പിച്ചു കൊടുക്കുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട കാര്യമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ നിന്ന് സംഭാവന കൊടുത്തിരുന്നുവെന്നും അതില്‍ തന്നെ കോണ്‍ഗ്രസിന് കൊടുത്തതിന്റെ അഞ്ചിരട്ടിയെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നുമാണ് അയാള്‍ തുറന്നു പറഞ്ഞത്.
Posted on: May 21, 2019 8:49 am | Last updated: May 21, 2019 at 8:49 am

സകാത് പാവങ്ങളുടെ അവകാശമാണ്. സമ്പന്നരുടെ ഔദാര്യമല്ല. പിടിച്ചു പറിച്ചും ഭീഷണിപ്പെടുത്തിയും വാങ്ങിയെടുക്കേണ്ടതല്ല സകാത്. മറിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സ്വമനസ്സാലെ തങ്ങളുടെ സമ്പത്തിന്റെ ശുദ്ധീകരണവും പരലോകത്ത് പ്രതിഫലവും ആഗ്രഹിച്ച് ഭക്തിപുരസ്സരം നല്‍കുന്ന ദാനമാണ്. ഇത് ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിച്ച എട്ട് വിഭാഗങ്ങളില്‍ നിന്ന് സകാത് ദായകന്റെ നാട്ടില്‍ എത്തിക്കപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ. മറ്റു ദാനദര്‍മങ്ങള്‍ക്ക് ഈ നിബന്ധനയില്ല.

പരമ ദരിദ്രന്‍(ഫഖീര്‍), പാവപ്പെട്ടവന്‍(മിസ്‌കീന്‍), കടം വന്നവന്‍, പുതുവിശ്വാസികള്‍, എല്ലാം നഷ്ടപ്പെട്ട യാത്രക്കാരന്‍, ഇസ്‌ലാമിക ഭരണമുള്ളിടത്ത് സകാത് ശേഖരിക്കുന്നവര്‍, മുസ്‌ലിം ഗവണ്‍മെന്റിന് കീഴില്‍ ശമ്പളം വാങ്ങാതെ രാഷ്ട്ര സുരക്ഷക്ക് വേണ്ടി പൊരുതുന്ന പോരാളി, അടിമത്വത്തില്‍ നിന്ന് മോചനപത്രം എഴുതപ്പെട്ടയാള്‍ എന്നിവരാണ് സകാതിന് അര്‍ഹതയുള്ളവര്‍. ഇടനിലക്കാരുടെ ഒരു നിലക്കുമുള്ള ചൂഷണത്തിനും പഴുതു നല്‍കാത്ത വിധം ഇവരിലേക്ക് സകാത്ത് എത്തിക്കാനുള്ള സംവിധാനം ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്.
വിതരണ വിഷയത്തില്‍ സകാത് രണ്ട് ഇനമാണ്. ഒന്ന് പ്രത്യക്ഷ ധനവും മറ്റൊന്ന് പരോക്ഷ ധനവും. കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, സ്വര്‍ണം, വെള്ളി എന്നിവ ഖനനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ഇവ ആദ്യ ഇനത്തിലും സ്വര്‍ണം, വെള്ളി, നിധി, കച്ചവട ചരക്കുകള്‍, ഫിത്വര്‍ സകാത് എന്നിവ രണ്ടാം വകുപ്പില്‍പ്പെട്ട പരോക്ഷ ധനങ്ങളുമാണ്. (ശറഹുല്‍മുഹദ്ദബ് 6-164). ഇതില്‍ ആദ്യ വകുപ്പില്‍പ്പെട്ടത് ആര്‍ക്കും കാണാന്‍ പറ്റുന്നവയാണെങ്കില്‍ രണ്ടാം വകുപ്പില്‍പ്പെട്ടവ ഒരാളുടെ പക്കല്‍ എത്രയുണ്ടെന്ന് മറ്റൊരാള്‍ക്ക് പറയാന്‍ കഴിയില്ല.

ഇതില്‍ പ്രത്യക്ഷ ധനത്തിന്റെ സകാത് ഇസ്‌ലാമിക ഭരണാധികാരി ആവശ്യപ്പെട്ടാല്‍ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. ഒരു രാജ്യത്ത് സമ്പന്നന്മാരില്ലാത്ത പ്രദേശങ്ങളും യഥേഷ്ടം ഉണ്ടാകും. അത്തരം ചാളകളിലും കോളനികളിലുമുള്ള പാവപ്പെട്ടവരെ കണ്ടെത്തി ഗവണ്‍മെന്റിന് എളുപ്പം സഹായമെത്തിക്കാന്‍ സാധിക്കും. എന്നാല്‍ പരോക്ഷ മുതലുകളായ വെള്ളി, സ്വര്‍ണം, ഇവയുടെ ബദലായി ഉപയോഗിക്കുന്ന കറന്‍സി നോട്ടുകള്‍, കച്ചവടത്തിന്റെ സകാത്, ഫിത്വര്‍ സകാത് എന്നിവയുടെ വിതരണം ഇസ്‌ലാമിക ഗവണ്‍മെന്റുള്ളിടത്ത് പോലും ദായകര്‍ തന്നെ നേരിട്ടു വിതരണം ചെയ്യുകയാണ് ഉത്തമം. കുടുംബത്തിലെയും അയല്‍വാസി, കൂട്ടുകാര്‍ തുടങ്ങിയവരിലെയും പാവങ്ങളെ പരിഗണിക്കാനും അവരുമായുള്ള ബന്ധം ദൃഢമാക്കാനുമാണ് ഒരിനം സകാത്തിന്റെ വിതരണം ദായകര്‍ക്കു തന്നെ നല്‍കിയിട്ടുള്ളത്.

പരോക്ഷ മുതലുകളുടെ സകാത് ചോദിച്ചുവാങ്ങാന്‍ അധികാരിക്കു തന്നെ അവകാശമില്ലെന്നും അങ്ങനെ ചോദിക്കുന്നത് നിഷിദ്ധവുമാണെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് വിതരണം ചെയ്യപ്പെടുന്ന സകാതിന്റെ 95 ശതമാനവും പരോക്ഷ മുതലുകളുടേതാണ്. ഇതാണ് മതപരിഷ്‌കരണ വാദികള്‍ പിരിച്ചെടുത്ത് പാര്‍ട്ടി ഫണ്ടാക്കി അടിച്ചുമാറ്റുന്നത്. സകാത് സെല്‍, ബൈത്തുല്‍മാല്‍ തുടങ്ങിയ ഭംഗിയുള്ള പേരുകളില്‍ വര്‍ഷങ്ങളായി ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും ഇപ്പോള്‍ പുതിയ പ്രതിരോധ സംഘടനക്കാരും ഈ രംഗത്ത് ഒരു തരം കിടമത്സരം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്.

വിശുദ്ധ ഖുര്‍ആനില്‍ സകാതിന്റെ അര്‍ഹരെ വിശദീകരിച്ചപ്പോള്‍ “വഫീ സബീലില്ലാഹി’ എന്ന് പ്രയോഗിച്ചതിനെ അല്ലാഹുവിന്റെ വഴിയില്‍ എന്ന അര്‍ഥകല്‍പന നടത്തി തങ്ങളുടെ ചാനലും പത്രവും മാസികകളും സമര പരിപാടികളുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടങ്ങളാണെന്ന് ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് ഇവരൊക്കെ പാവപ്പെട്ടവരുടെ സകാത് ചൂഷണം ചെയ്യുന്നത്. ഈ വാക്കിന് അല്ലാഹുവിന്റെ വഴിയില്‍ എന്നാണ് അര്‍ഥമെങ്കില്‍ പിന്നെ ഏഴ് വിഭാഗത്തെ പരാമര്‍ശിക്കേണ്ട ആവശ്യം തന്നെ ഇല്ലല്ലോ. കാരണം ആ ഏഴും അല്ലാഹുവിന്റെ വഴിയില്‍ എന്ന പ്രയോഗത്തില്‍ ഉള്‍പ്പെടുന്നതാണ്. രാഷ്ട്ര സുരക്ഷക്കായി ശമ്പളം പറ്റാതെ പോരാടുന്നവര്‍ എന്നാണ് മുന്‍ഗാമികളെല്ലാം “വഫീ സബീലില്ലാഹി’ എന്നതിന് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ വണ്‍ ചാനലും മാധ്യമം പത്രവും സകാതുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. മാധ്യമെ ജിഹാദെന്ന പേര് പറഞ്ഞ് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വന്‍തോതില്‍ സകാത് പിരിച്ചെടുത്താണ് ചാനലും പത്രവും തുടങ്ങിയതെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. ഇപ്പോള്‍ പത്ര സ്ഥാപനത്തിലെ അഴിമതി മൂലം വന്‍ കടബാധ്യതയിലേക്ക് നീങ്ങുമ്പോള്‍ അഴിമതിക്കാരെ പുറത്താക്കുന്നതിന് പകരം വീണ്ടും സകാത് ഫണ്ട് ശേഖരിച്ച് കടം നികത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമ്പോള്‍ ഇതിനെതിരെ ജമാഅത്ത് ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വി തന്നെ പ്രതികരിക്കുകയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ രഹസ്യം പുറത്തുവിട്ടു എന്ന കുറ്റത്തിന് ഇദ്ദേഹത്തെ സംഘടന സസ്പെന്റ്ചെയ്തിരിക്കുകയാണിപ്പോള്‍. സകാത് ഫണ്ട് ശേഖരിച്ച് ഈ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നറിഞ്ഞ മുതലാളിമാര്‍ക്കിടയില്‍ ഈ വാര്‍ത്ത അമ്പരപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്.

മുസ്‌ലിംകളില്‍ നിന്ന് മാത്രമേ സകാത് വാങ്ങാന്‍ പാടുള്ളൂ എന്നതിനാല്‍ അതിന്റെ വിതരണവും മുസ്‌ലിംകള്‍ക്ക് മാത്രമേ പാടുള്ളൂ എന്നാണ് മതനിയമം. സകാത്തല്ലാത്ത മറ്റു പല ദാനധര്‍മങ്ങളും എല്ലാ മതവിഭാഗങ്ങള്‍ക്കും കൊടുക്കാകുന്നതാണ്. ഈ ആശയം മൗദൂദി തന്റെ ഖുതുബാത്തില്‍ രേഖപ്പെടുത്തിയതും ജമാഅത്തുകാര്‍ അത് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചതുമായിരുന്നു. ആധുനിക ജമാഅത്തുകാര്‍ തങ്ങളുടെ മതേതരത്വം തെളിയിക്കുന്നതിന് വേണ്ടി ഈ നിയമം പരിഷ്‌കരിച്ച് എല്ലാ മതക്കാര്‍ക്കും സകാതിനവകാശമുണ്ട് എന്ന് തീരുമാനിച്ചിരിക്കുകയാണ്. (മാധ്യമം 2004, ഒക്ടോബര്‍ 4, പേജ് 9). എന്നാല്‍ അമുസ്‌ലിംകളില്‍ നിന്നും സകാത് വാങ്ങാമെന്ന നിയമം നിര്‍മിച്ചിട്ടില്ല. ശൂറ ചര്‍ച്ച ചെയ്യുന്നുണ്ടാകും.!

കഴിഞ്ഞ ദിവസം ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ സലഫിസ്റ്റ് നേതാവ് ഡോ. സാക്കിര്‍ നായിക്ക് നടത്തിയ വെളിപ്പെടുത്തല്‍ ഇത്തരം മതപരിഷ്‌കരണ വാദികള്‍ക്ക് സകാത് ഏല്‍പ്പിച്ചു കൊടുക്കുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട കാര്യമാണ്. “വഫീ സബീലില്ലാഹി’ എന്ന ഖുര്‍ആന്‍ വചനത്തെ ദുര്‍വ്യാഖ്യാനിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സകാത് ഫണ്ടുകള്‍ ശേഖരിച്ച് “സലഫി പ്രബോധനം’ നടത്തുന്നതിനിടയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ നിന്ന് സംഭാവന കൊടുത്തിരുന്നുവെന്നും അതില്‍ തന്നെ കോണ്‍ഗ്രസിന് കൊടുത്തതിന്റെ അഞ്ചിരട്ടിയെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നുമാണ് അയാള്‍ തുറന്നു പറഞ്ഞത്.
പട്ടിണിപ്പാവങ്ങളുടെ കൈകളിലെത്തേണ്ട സകാത് മുതലാണ് ഈ വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് ചിന്തിക്കാന്‍ സകാത് ദായകരായ മുതലാളിമാര്‍ക്ക് എന്നാണാവോ വെളിവുണ്ടാകുക. സുന്നീ പണ്ഡിതന്‍മാര്‍ കാലങ്ങളായി ഈ പകല്‍ കൊള്ളയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ അതൊക്കെ “പുരോഗമന’ത്തിനെതിരെയുള്ള പിന്തിരിപ്പന്‍ ശബ്ദങ്ങളായി ഗണിക്കാനായിരുന്നു ഈ മുതലാളിമാര്‍ക്ക് ലഭിച്ച ഉപദേശം.

മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ യൂനിറ്റുകള്‍ മുതല്‍ സകാത് സെല്ലും ബൈത്തുല്‍മാലും ഉണ്ടാക്കി മുതലാളിമാരെ സമീപിച്ച് സകാത് എന്ന പേരില്‍ പണം പിരിക്കുകയും ഒരു പാര്‍ട്ടി ഫണ്ട് പോലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അതില്‍ നിന്ന് ചെലവഴിച്ച് ബാക്കി ബേങ്കില്‍ സൂക്ഷിക്കുകയോ കൈവശം വെക്കുകയോ ചെയ്യുകയാണ്. ഈയിടെ കോഴിക്കോട് കാരപ്പറമ്പ് യൂനിറ്റ് കെ എന്‍ എം അവരുടെ സകാത് ഫണ്ടിന്റെ വാര്‍ഷിക കണക്ക് അച്ചടിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ മുന്‍ വര്‍ഷത്തെ ബാക്കി 41,104.60ഉം ഇത് ബേങ്കിലിട്ട പലിശ ഇനത്തില്‍ 939ഉം രൂപ ലഭിച്ചത് കാണിച്ചിരുന്നു. ഏതാനും പേര്‍ക്ക് ചില്ലറ സഹായം നല്‍കി ബാക്കി 3,07565.60 രൂപ ബാക്കിയുള്ളതായും കാണിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട സകാത് ഒട്ടും വൈകാതെ വിതരണം നടത്തണമെന്ന പ്രാഥമിക വിവരം പോലുമില്ലാത്ത ഇവരുടെ കൈയില്‍ സകാത് ഏല്‍പ്പിച്ചാല്‍ റബ്ബിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും.

ഇസ്‌ലാമിക ഗവണ്‍മെന്റില്ലാത്ത നമ്മുടെ നാട്ടില്‍ രണ്ട് മാര്‍ഗമാണ് സകാത് വിതരണത്തിന് നമ്മുടെ മുമ്പിലുള്ളത്. ഒന്ന് നേരിട്ട് വിതരണം ചെയ്യുക. ഇതാണ് ഏറ്റവും അര്‍ഹര്‍ക്ക് എത്തിച്ചുകൊടുത്ത് ബാധ്യത വീട്ടി എന്ന് ഉറപ്പാക്കാനുള്ള വഴി. എന്നാല്‍ പല സമ്പന്നര്‍ക്കും ഇത് കൊടുത്തുവീട്ടാന്‍ സമയം കിട്ടിയെന്നു വരില്ല. അത്തരക്കാര്‍ക്ക് സകാതിന്റെ വിധി വിലക്കുകള്‍ അറിയുന്ന ഒരു വ്യക്തിയെ വക്കാലത്താക്കാവുന്നതാണ്. ആ വ്യക്തി അര്‍ഹരായവര്‍ക്ക് എത്തിച്ചുകൊടുത്ത് ദായകനെ സഹായിക്കുന്നു. എന്നാല്‍ കമ്മിറ്റിയെ വക്കാലത്താക്കാന്‍ പറ്റില്ലെന്നതാണ് മതനിയമം. ഒരു കമ്മിറ്റി കടം ചോദിച്ചാല്‍ ആരും നല്‍കാന്‍ തയ്യാറാകാറില്ല. കമ്മിറ്റി ഒരു കൂട്ടം ആളുകളായതിനാല്‍ ആരോടാണ് പണം തിരിച്ചു ചോദിക്കുക എന്ന ആശങ്കയുണ്ടിവിടെ. അതേസമയം, കടമായി നല്‍കുന്ന പണത്തിന്റെ ഉത്തരവാദിത്വം പ്രസിഡന്റോ സെക്രട്ടറിയോ ഏറ്റെടുക്കുമെങ്കില്‍ കമ്മിറ്റിക്ക് കടം തരാം എന്നാണ് പറയാറുള്ളത്. അതായത്, സാധാരണ നിലയില്‍ കമ്മിറ്റിയാകുമ്പോള്‍ ആര്‍ക്കും പ്രത്യേക ഉത്തരവാദിത്വം ഉണ്ടാകാത്ത സ്ഥിതി സാധാരണമാണ്.

തിരക്കുപിടിച്ച ബിസിനസുകാര്‍ക്കും മറ്റും ഈ രണ്ടാമത്തെ മാര്‍ഗം സ്വീകരിച്ച് സമയബന്ധിതമായി തന്നെ സകാത് വിതരണം പൂര്‍ത്തിയാക്കാം. നേരിട്ട് കൊടുക്കാന്‍ സാധിക്കുന്നവര്‍ക്ക് അത് തന്നെയാണ് ഉത്തമം. ഇമാം ശാഫിഈ(റ)പറയുന്നു: ഒരാളും തന്റെ ധനത്തിന്റെ സകാത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതേ കുറിച്ച് ചോദ്യം ചെയ്യപ്പെടുക അവനോട് തന്നെയായിരിക്കും. നേരിട്ട് വിതരണം ചെയ്യുമ്പോഴാണ് അവന് ഉറപ്പ് വരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണോ ലഭിച്ചത് എന്ന ആശങ്ക അവശേഷിക്കും(അല്‍ഉമ്മ് 2-67)

ഒരു കാര്യം ഉറപ്പിക്കുക, സകാത് സെല്ലുമായി വരുന്ന പരിഷ്‌കരണ വാദികളെ ഏല്‍പ്പിച്ചാല്‍ മൂന്ന് കാരണങ്ങള്‍ കൊണ്ട് അത് സാധുവാകുകയില്ല. 1) ഇങ്ങനെ ഒരു സംവിധാനം ഇസ്‌ലാമികമല്ല. 2) ഭരണാധികാരികള്‍ക്ക് പോലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. 3) ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗങ്ങളല്ലാത്ത പത്രം, ടെലിവിഷൻ ചാനല്‍, പള്ളി, മദ്‌റസ, സമരം, പൊതുയോഗം, പ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പാര്‍ട്ടി ഫണ്ടു കണക്കെ സകാത് മുതല്‍ ഉപയോഗിക്കുന്നത്. സകാത് ദായകര്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സകാത് വീടുകയില്ല. സകാത് സെല്ലുകള്‍ അടച്ചുപൂട്ടി സംഘടനാ ഫണ്ടിന് മറ്റു മാന്യമായ വഴികള്‍ കണ്ടെത്തട്ടെ.
സലഫിസ്റ്റ് സംഘടനകള്‍ക്കും മറ്റും സകാത് ഫണ്ട് കൈമാറുന്നവര്‍ തങ്ങളുടെ ബാധ്യത എളുപ്പം നിറവേറ്റാനുള്ള വഴിയായാണ് ഇതിനെ കാണുന്നതെങ്കിലും ചിലപ്പോള്‍ പിടിക്കപ്പെട്ടേക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ പണം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വകമാറ്റി ചെലവഴിച്ചാല്‍ ഒടുവില്‍ അന്വേഷണം വന്നുമുട്ടുന്നത് ഇവരെ സകാത് ഏല്‍പ്പിച്ചവരിലായിരിക്കും. ഡോ. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍ സകാത് വിതരണത്തില്‍ മുതലാളിമാരെ സഹായിക്കാനെന്ന വ്യാജേന രംഗത്തുവന്ന്, കാര്യക്ഷമമായ ശേഖരണ വിതരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം നടത്താന്‍ കഴിയുമെന്ന ഗീര്‍വാണം മുഴക്കി “പാവപ്പെട്ട’ സമ്പന്നരെ പകല്‍ കൊള്ള നടത്തുകയായിരുന്നു ബൈത്തുല്‍മാലും സകാത് സെല്ലുമുണ്ടാക്കി വന്ന മതനവീകരണ വാദികള്‍. ഇപ്പോള്‍ ആ പണത്തിന്റെ പേരില്‍ അഴിമതിയും അന്വേഷണവും പുറത്താക്കലും വെളിപ്പെടുത്തലുമായി രംഗം കൊഴുക്കുമ്പോഴെങ്കിലും പാരമ്പര്യ പണ്ഡിതര്‍ കാലങ്ങളായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുണ്ടാകും.

റഹ്മത്തുല്ലാഹ് സഖാഫി എളമരം