Connect with us

Religion

കൊടിഞ്ഞിയിലെ സത്യപ്പള്ളി; തീര്‍പ്പാകാത്ത കേസുകളിലെ നീതിപീഢം

Published

|

Last Updated

പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്ന കൊടിഞ്ഞി പള്ളി

തിരൂരങ്ങാടി: “എന്നാ നമുക്ക് കൊടിഞ്ഞി പള്ളിയില്‍ സത്യത്തിന് വെക്കാം”. കുടുംബപരവും മറ്റുമുള്ള തീര്‍പ്പാകാത്ത പലതര്‍ക്കങ്ങള്‍ക്കും അവസാനം ആളുകള്‍ പറയുന്ന വാക്കാണിത്. പോലീസ് സ്‌റ്റേഷനിലും കോടതികളിലും പോലും തീര്‍പ്പാകാത്ത പല കേസുകളും കൊടിഞ്ഞി പള്ളിയില്‍ വന്ന് സത്യം ചെയ്ത് പരിഹാരമാകുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സത്യം ചെയ്യുന്നതിന് ഇവിടെ ആളുകള്‍ എത്തുന്നത് ഇന്നും പതിവ് കാഴ്ചയാണ്. കൊടിഞ്ഞിയിലെ സര്‍വ മനുഷ്യരേയും ഒന്നിച്ചുനിര്‍ത്തുന്ന കേന്ദ്രബിന്ദു കൂടിയാണീ പള്ളി. നാട്ടിലെ പ്രശ്‌ന പരിഹാര കേന്ദ്രം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ചതാണ് ഈ പള്ളി. കടുവാളൂര്‍, ചെറുപ്പാറ, പയ്യോളി, കാളംതിരുത്തി, കുറൂല്‍, കോറ്റത്തങ്ങാടി, അല്‍അമീന്‍നഗര്‍, തിരുത്തി, സെന്‍ട്രല്‍ബസാര്‍, ഫാറൂഖ് നഗര്‍, പനക്കത്തായം തുടങ്ങിയ ചെറുപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു പ്രദേശത്തിന്റെ പൂര്‍ണ മധ്യത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.

നാട്ടിലെ ഏക ഖബര്‍സ്ഥാനും ഇവിടെത്തന്നെ. വ്യത്യസ്ത ചിന്താഗതിക്കാര്‍ നാട്ടിലുണ്ടെങ്കിലും എല്ലാവരുടെയും അവസാന അത്താണി കൊടിഞ്ഞിപള്ളിയാണ്. സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള ആളുകള്‍ വെള്ളിയാഴ്ചകളില്‍ സത്യത്തിനെത്തുന്ന കാഴ്ച ഇവിടെ പുതുമയല്ല. മമ്പുറം തങ്ങള്‍ തുടങ്ങിവെച്ചതാണ് സത്യം.അതിന്നും നിലനിന്നുപോരുന്നു. കള്ളസത്യം ചെയ്യുന്നവര്‍ക്ക് വൈകാതെതന്നെ ദുരനുഭവം ഉണ്ടാകുമെന്ന വിശ്വാസം ഇന്നും ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ഇന്നു പലര്‍ക്കും നേര്‍കാഴ്ചയായി തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തലമുറകള്‍കൈമാറിവന്ന കഥകള്‍ ധാരാളം.
കോടതികളില്‍ നിന്നുപോലും തീര്‍പ്പാകാത്ത കേസുകള്‍ സത്യത്തിനായി കൊടിഞ്ഞിപ്പള്ളിയിലേക്ക് മാറ്റി വെക്കുന്ന സംഭവങ്ങള്‍ ഏറെയാണ്. കോടതികള്‍ സത്യത്തിനായി ഇങ്ങോട്ട് നിര്‍ദേശിക്കുമ്പോള്‍ കക്ഷി കള്‍ക്ക് പുറമെ കോടതിയില്‍ നിന്നുള്ള ജീവനക്കാരും ഇവിടെ എത്താറുണ്ട്. സത്യം ചെയ്യുന്നതിന് നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. മൂന്ന് സത്യമാണ് നടക്കാറുള്ളത്.

നിരവധി ഇതര മത വിശ്വാസികളും സത്യത്തിന്നായി ഇവിടെ എത്താറുണ്ട്. സത്യത്തിന് എത്തിയവരോട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പല തവണ ചോദിച്ച ശേഷമേ സത്യം ചെയ്യിക്കാറുള്ളൂ. പലപ്പോഴും സത്യം ചെയ്യാന്‍ എത്തിയവര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മനസാന്തരം വന്ന് സത്യം ചെയ്യാതെ തന്നെ തീരുമാനമായി പിരിയാറുണ്ട്.

കൊടിഞ്ഞി പള്ളിക്ക് കുറ്റിയടിക്കാനായി മമ്പുറം തങ്ങളുടെ നിര്‍ദേശ പ്രകാരം പല ആശാരിമാരും എത്തി. തങ്ങള്‍ നിലത്ത് വിരിപ്പ് വിരിച്ച് ഇരിക്കുകയായിരുന്നു. പലരും പള്ളിക്ക് കുറ്റിയടിക്കാന്‍ സ്ഥലം കണ്ടു . എന്നാല്‍ മമ്പുറം തങ്ങള്‍ക്ക് ആസ്ഥലമൊന്നും തൃപ്തിയായില്ല. അവസാനം ഒരു ആശാരി വന്നു അയാള്‍ പറഞ്ഞു “തങ്ങള്‍ ഉപ്പാപ്പ ഒന്ന് എഴുന്നേല്‍ക്കുകയാണെങ്കില്‍ അവിടെ എനിക്ക് കുറ്റിയടിക്കാമായിരുന്നു” തങ്ങള്‍ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു നീയാണ് യഥാര്‍ഥ “സ്ഥാനം നോക്കുന്നവന്‍ “അങ്ങനെ അവിടെ പള്ളിക്ക് കുറ്റിയടിച്ചു.അവിടെയാണ് കൊടിഞ്ഞി പള്ളി നിര്‍മിക്കപ്പെട്ടത്. ഈ ആശാരിയുടെ പരമ്പര ഇന്നും നാട്ടിലെ അറിയപ്പെട്ട സ്ഥാനം നോട്ടക്കാരാണ്.

മമ്പുറം തങ്ങളുടെ സഹോദരി പുത്രനായ സയ്യിദ് ഹുസൈന്‍ ജിഫ്രി അവര്‍കളെയാണ് തങ്ങള്‍ ഈ പള്ളിയുടെ കൈകാര്യങ്ങളെല്ലാം ഏല്‍പ്പിച്ചിരുന്നത് .പള്ളിയിലെ ഖത്വീബും ഖാസിയുമെല്ലാം ഹുസൈന്‍ ജിഫ്രി തങ്ങളായിരുന്നു. കൊടിഞ്ഞി പള്ളിയുടെ മുന്‍വശത്തെ മഖാമിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. കൊടിഞ്ഞിയില്‍ ഹൈന്ദവരില്‍ ഭൂരിഭാഗവും അവര്‍ണ ഹിന്ദുക്കളാണ്. ആശാരി, കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍ വിഭാഗത്തില്‍ പെട്ടവര്‍. കൊടിഞ്ഞിപള്ളിയുടെ നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ കൊണ്ടുവന്നതാണിവരെ. കൊടിഞ്ഞിയില്‍ തന്നെ സ്ഥലം നല്‍കി തങ്ങള്‍ ഇവരെ ഇവിടെത്തന്നെ കുടിയിരുത്തി.

ഇവര്‍ പില്‍ക്കാലത്ത് കൊടിഞ്ഞിയുടെ ഭാഗമായി മാറി. കൊടിഞ്ഞിപ്പള്ളിയിലെ ചില ചടങ്ങുകളില്‍ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കി.

റമസാന്‍ഇരുപത്തേഴാംരാവില്‍ പള്ളിയിലെത്തിക്കുന്ന പലഹാരത്തിന്റെ മൂന്നിലൊരു ഭാഗം ഹൈന്ദവ വിശ്വാസികള്‍ക്കുള്ളതാണ്. ഈ പലഹാരത്തിന്റെ പുണ്യം കൈപറ്റാന്‍ ഇവര്‍ എല്ലാ വര്‍ഷവും മുറതെറ്റാതെ കൊടിഞ്ഞി പള്ളിയിക്ക് മുന്നില്‍ എത്താറുണ്ട്. പള്ളിയുടെ പുന:നിര്‍മാണ പ്രവൃത്തിഅന്തിമഘട്ടത്തിലാണ്.

Latest