ലോകത്തോളമെത്തിയ രണ്ട് ക്ലിക്കുകൾ

ഫീച്ചർ
Posted on: May 19, 2019 3:17 pm | Last updated: May 19, 2019 at 3:17 pm
മുഹമ്മദ് അജീർ, നഈം ബാപ്പു
ക്ലിക്ക് ഒന്ന്
സ്ഥലം: ഊരകം
കാമറ: മുഹമ്മദ് അജീർ

പ്രളയമൊഴിഞ്ഞ പാടത്ത് മീൻ തേടി പോയതാണ് ഊരകം കുന്നത്തൊടി മുഹമ്മദ് അജീർ. മൂന്നാംപടിയിൽ ട്രാക്ടർ ഉഴുത് മറിച്ച വയലിൽ നിന്ന് കിട്ടിയ കൗതുകം തോന്നിയ മത്സ്യത്തിന്റെ ചിത്രം ഒറ്റ ക്ലിക്കിലൂടെ സാമൂഹികമാധ്യമങ്ങളിലെത്തിച്ചു. തന്റെ കൈയിലുള്ള മത്സ്യത്തെ കുറിച്ച് അറിയണമെന്നും കൗതുകം പങ്ക് വെക്കണമെന്നുമുള്ള ആഗ്രഹം മാത്രമാണ് ഈ യുവാവിനുണ്ടായിരുന്നത്. പക്ഷേ സാമൂഹികമാധ്യമങ്ങൾ ഈ ചിത്രം ഏറെ പ്രചരിപ്പിച്ചു.

ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് ഈ ക്ലിക്കിലൂടെയാണ്. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണ് ഗൂഢമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്‌നേക്ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനമാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാൽഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠന സംഘത്തിൽ കുഫോസിലെ പി എച്ച് ഡി വിദ്യാർഥിയായ വി കെ അനൂപും അംഗമാണ്. പുതിയ വരാൽ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന ഇന്റർനാഷനൽ അനിമൽ ടാക്‌സോണമി ജേണലായ സൂടാക്‌സയുടെ പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോലം സ്‌നേക്‌ഹെഡ് എന്നാണ് പുതിയ മത്സ്യയിനത്തിന് പേരിട്ടത്. അനിക്മാചന ഗോലം എന്നാണ് ശാസ്ത്രനാമം. ഇതൊരു പുതിയ മത്സ്യയിനം മാത്രമല്ല, വരാൽ കുടുംബത്തിലെ പുതിയൊരു വർഗമാണ് എന്ന പ്രത്യകത കൂടിയുണ്ടെന്നാണ് ഡോ.റാൽഫ് ബ്രിറ്റ്‌സിന്റെ വാദം. മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സ്വഭാവിക ആവാസ വ്യവസ്ഥയായ ഭൂഗർഭ ജലയറയിൽ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ.രാജീവ് രാഘവൻ പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്.

കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്‌നേക്‌ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്ത് ആകമാനം കണ്ടെത്തിയത്. വടക്കൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവക്ക്. അതുകൊണ്ട് വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും. കുളങ്ങളും വയലുകളിലെ നീർച്ചാലുകളും ഉൾപ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്.

ക്ലിക്ക് രണ്ട്
സ്ഥലം: വേങ്ങര വലിയോറ
പാണ്ടികശാല
കാമറ: വി കെ നഈം ബാപ്പു

കേരളം വിറങ്ങലിച്ച മഹാ പ്രളയത്തിൽ പ്രകടിപ്പിക്കപ്പെട്ട അതിരുകളില്ലാത്ത അർപ്പണ ബോധത്തിന്റെ ചിത്രമാണിത്. പ്രളയത്തിൽ ഒറ്റപ്പെട്ട ഗ്രാമീണരെ ലൈഫ് ബോട്ടിലെത്തിക്കാൻ സ്ത്രീകൾക്ക് ചുമലുകൾ ചവിട്ടുപടിയാക്കിയ താനൂർ സ്വദേശി ജൈസലെന്ന ചെറുപ്പക്കാരന്റെ സേവനം ഒരൊറ്റ ക്ലിക്കിലൂടെ ലോകം കണ്ടു.

താനൂർ ചാപ്പപ്പടി സ്വദേശിയാണ് ജൈസൽ. വീടുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറുന്നവരെ എയർ ബോട്ടിന്റെ സഹായത്തോടെ വെള്ളം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ജൈസലിന്റെ നന്മനിറഞ്ഞ പ്രവർത്തനം നഈം ബാപ്പുവിന് കാണാനായത്. ബോട്ടിൽ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു. ഇതിനെ തുടർന്ന് മറ്റ് സ്ത്രീകൾ ബോട്ടിൽ കയറാൻ കൂട്ടാക്കിയില്ല. തുടർന്നാണ് വെള്ളത്തിൽ ജൈസൽ മുട്ടുകുത്തിയിരുന്ന് ബോട്ടിൽ കയറുന്നവർക്ക് ചവിട്ടുപടിയായി മാറിയത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി നഈം ബാപ്പുവിന്റെ പോസ്റ്റിലൂടെ ലോകം കണ്ടു. തുടർന്ന് ജൈസലിന് അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ മനുഷ്യരൂപം എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചത്. പ്രളയ കാലത്തെ രക്ഷാപ്രവർത്തകരിൽ മിന്നുംതാരവുമായിരുന്നു ജൈസൽ.

പ്രളയ സമയം വേങ്ങര എസ് ഐ ആയിരുന്ന സംഗീത് പുനത്തിലാണ് ജൈസൽ ഉൾപ്പെടെയുള്ള കടലിന്റെ മക്കളെ രക്ഷാ പ്രവർത്തനത്തിനായി വിളിച്ച് വരുത്തിയത്. നാട്ടുകാരനായ ബാവയുടെ ഒരൊറ്റ ക്ലിക്ക് വഴി ജൈസലിനെ അർപ്പണത്തിന്റെ ആൾരൂപമായി വിദേശമാധ്യമങ്ങൾ വരെ വിലയിരുത്തി. ഒരു പക്ഷേ ബാവയുടെ ക്ലിക്കും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഈ സേവനം ആരുമറിയാതെ പോയേനെ. രണ്ട് ക്ലിക്കിൽ രണ്ട് ഫലങ്ങൾ. രണ്ടും പ്രളയകാലത്തും. സാമൂഹിക മാധ്യമങ്ങളിൽ വേങ്ങരയിലെ ഈ സംഭവങ്ങൾ ഇപ്പോഴും ചർച്ചയാണ്.

ടി മൊയ്തീൻ കുട്ടി
[email protected]